Friday, September 08, 2006

ശാനേ ആശാനേ, കുറേ നാളായി വേദം വേദം എന്നും പറഞ്ഞ്‌ നടക്കുന്നു. ഇപ്പം കുടുങ്ങീല്ലേ? ദാ ഉമേഷ്‌ ചോദിച്ചതു കേട്ടില്ലെന്നുണ്ടോ ? എന്താ ഒന്നും മിണ്ടാത്തത്‌?

മാഷേ- വേദം ശരിയാണോ എന്നു ചോദിച്ചാല്‍ അല്ല, എന്നാല്‍ തെറ്റാണോ എന്നു ചോദിച്ചാല്‍ അതും അല്ല. ഒരെ സമയം ശരിയുമാണ്‌ തെറ്റുമാണ്‌

ആശാന്‍ വീണിടത്ത്‌ കിടന്നുരുളല്ലേ. അറിയില്ലെങ്കില്‍ ഈ പണി നിര്‍ത്തി കുടുംബത്തു പോയിരിക്ക്‌. ഈ പണി വിവരമുള്ളോരു ചെയ്തോളും

അല്ല മാഷ്‌ വല്ലാത്ത ഉഷാറിലാണല്ലൊ. ഒന്നു സമാധാനമായിട്ട്‌ ഞാന്‍ പറയുന്നത്‌ കേള്‍ക്ക്‌ഇപ്പോള്‍ നമ്മള്‍ രണ്ടുപേര്‍ കൂടി തര്‍ക്കം നടത്തുകയാണെന്നു വിചാരിക്കുക. തര്‍ക്കം തീരുമാനത്തിലെത്തണം എന്നുള്ള ആത്മാര്‍ഥത രണ്ടുപേരും കാണിച്ചാല്‍ ആരെങ്കിലും ഒരാള്‍ ജയിക്കും. എന്നാല്‍ അങ്ങിനെ ഉണ്ടാകുന്ന തീരുമാനം സത്യമാണോ -( സത്യം എന്നല്‍ 'സത്‌ ഇയം' ഉണ്‍മ ഉള്ളത്‌ ഇതാണ്‌ ശാശ്വതമായത്‌ എന്നര്‍ഥം- മറ്റു പല വ്യഖ്യാനങ്ങളുമുണ്ടേ-) ആകണമെന്നില്ല. കാരണം നമ്മളേക്കാള്‍ വിവരമുള്ള ഒരാല്‍ വന്ന് തര്‍ക്കിച്ചാല്‍ ചിലപ്പോള്‍ അതും തെറ്റാണെന്ന്‌ സ്ഥാപിക്കും.

അയ്യയ്യോ ആശാനേ അപ്പൊള്‍ പിന്നെ ഈ തര്‍ക്കശാസ്ത്രവും മറ്റും പഠിച്ച്‌ വാദിച്ചു തോല്‍പിച്ചു എന്നൊക്കെ പറയുന്നത്‌? ആകെ കുഴപ്പമായോ?

പേടിക്കെണ്ട മാഷേ അതിനാണ്‌ പണ്ടുള്ളവര്‍ ഇങ്ങിനെ പരഞ്ഞത്‌- തര്‍ക്കം അധവാ തദ്വിദ്യാസംഭാഷയില്‍ നിന്നും ഉരുത്തിരിയുന്ന തത്വം സത്യമാകണമെങ്കില്‍ മുന്‍പുണ്ടായിരുന്ന എല്ലാവരും, ഇപ്പോളുള്ള എല്ലാവരും , ഇനി ഉണ്ടാകാന്‍ പോകുന്ന എല്ലാവരും ഒരേവേദിയില്‍ തര്‍ക്കിക്കണം. അതൊട്ട്‌ നടക്കുന്ന കാര്യവുമല്ല. അതുകൊണ്ട്‌ തര്‍ക്കത്തില്‍ നിന്നുരുത്തിരിയുന്ന തീരുമാനം താരതമ്യേന ശാശ്വതമായ ഏതെങ്കിലും ഒന്നിനനുസൃതമായിരിക്കണം. അതുകൊണ്ടാണ്‌ 'വിദ്‌ ജ്ഞാനേ'- വിദ്‌ ധാതു ജ്ഞാനം എന്നര്‍ഥത്തില്‍, 'വിദ്ല്‍ ലാഭേ ച' വിദ്ല്‍ ധാതു ലഭിക്കുന്നു എന്നര്‍ഥത്തിലും('വിദ്യതേ ലഭതേ') ഈ രണ്ടു ധാതുക്കളിലും നിന്നുത്ഭവിച്ച വേദം - (ജ്ഞാനം ഏതില്‍ നിന്നു ലഭിക്കുന്നുവൊ അത്‌) പ്രമാണമായി നിശ്ചയിച്ചത്‌ (പ്രമ എന്നാല്‍ യഥര്‍ഥജ്ഞാനം അതിണ്റ്റെ ഉറവിടം പ്രമാണം എന്നു വേണമെങ്കില്‍ പറയാം) എന്നാല്‍ വേദവും കാലദേശോപാധികള്‍ക്ക്‌ അധീനമായതുകൊണ്ട്‌ അദ്വൈതാവസ്ഥയില്‍ അതിനും നിലനില്‍പില്ല- അദ്വൈതാവസ്ഥയുണ്ടെന്നും അതിലെത്താന്‍ കഴിയുമെന്നും ഉള്‍ള അറിവു പകരുന്നതായതുകൊണ്ട്‌ അതിന്‌ പ്രാപഞ്ചികതലത്തില്‍ നിലനില്‍പ്പുണ്ടു താനും. ഇതാണ്‌ ഞാന്‍ പറഞ്ഞത്‌ ഒരേ സമയം ശരിയും, തെറ്റും ആണ്‌ എന്ന്. വേദവ്യാഖ്യാനങ്ങള്‍ മറ്റൊരു വ്യക്തിയുടെ മനോദര്‍പ്പണത്തില്‍ നിന്നു വരുന്നതായതുകൊണ്ട്‌ അവയ്ക്ക്‌ ഇത്ര ശാശ്വതത്വമില്ല.

3 comments:

  1. നന്നായിരിക്കുന്നു. ഇതിനെപ്പറ്റി അറിവുള്ള മറ്റാള്‍ക്കാരും കൂടി വായിച്ച് വരുന്നമുറയ്ക്ക് കൂടുതല്‍ കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ എന്നെപ്പോലുള്ളവര്‍ക്ക് പഠിക്കാമെന്ന് പ്രതീക്ഷിക്കുന്നു.

    വളരെ നല്ല ഉദ്യമം. തുടരുമല്ലോ.

    ReplyDelete
  2. കഴിഞ്ഞ കമെണ്റ്റില്‍ പറഞ്ഞതുപോലെ ഖണ്ഡിക തിരിച്ചെഴുതി അതേ പോസ്റ്റ്‌ തന്നെ ഒന്നു കൂടി ഇട്ടിട്ടുണ്ട്‌ . വായിച്ചഭിപ്രായം പറയുമല്ലൊ. നന്ദിയോടെ

    ReplyDelete
  3. ചങ്ങാതീ, ഖണ്ഡിക തിരിച്ചപ്പോള്‍ വായിക്കാന്‍ ഒരു സുഖമുണ്ട്. മറ്റൊന്ന് പറയുന്ന കാര്യങ്ങള്‍ വിശദമായി, ചോദ്യോത്തരങ്ങളല്ലാത്ത രീതിയില്‍ ഓരോ വിഷയവും പറയുകയാണെങ്കില്‍ വളരെ നന്നാകും. എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം. എങ്ങിനെ എഴുതണമെന്നുള്ളത് ഓരോരുത്തരുടേയും അവകാശമാണ്. ഓരോന്നായി കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
    അക്ഷരത്തെറ്റുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുമല്ലോ?.

    ReplyDelete