Saturday, September 27, 2008

ഭാരതീയദര്‍ശനങ്ങള്‍

ഈ പ്രപഞ്ചത്തിനെ കുറിച്ചറിയുവാന്‍ നമ്മുടെ പൂര്‍വികര്‍ ശ്രമിച്ചതിന്റെ ഫലം ആണ്‌ ദര്‍ശനങ്ങള്‍ - ഭാരതീയദര്‍ശനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌.

കോഴിയാണൊ മുട്ടയാണൊ ആദ്യം ഉണ്ടായത്‌ എന്നതിനു തീരുമാനമാകാത്തതു പോലെ ഏറ്റവും ആദി എന്തായിരുന്നു എന്നത്‌ തീരുമാനത്തിലെത്തുവാന്‍ ബുദ്ധിമുട്ടാണ്‌. അതുകൊണ്ട്‌ ആദി എന്നത്‌ എന്തോ ഉള്ള ഒന്ന്‌ എന്നു സങ്കല്‍പ്പിച്ചു.

അതില്‍ നിന്നാണ്‌ ഈക്കാണുന്ന പ്രപഞ്ചം മുഴുവനും ഉരുത്തിരിഞ്ഞത്‌

ഈ ഉള്ള ഒരു എന്തോ ഒന്ന്‌ വസ്തു (ദ്രവ്യം = matter) ആണോ, അല്ലയോ എന്നതില്‍ ആണ്‌ ആദ്യം ഉണ്ടായ തര്‍ക്കങ്ങള്‍.

ഈ ഉള്ള ഒരു വസ്തുവിന്‌ 'അവ്യക്തം' എന്നു പേരിട്ടു ചിലര്‍. നിര്‍വചിക്കുവാന്‍ സാധിക്കാത്തത്‌ എന്നര്‍ത്ഥത്തില്‍ അത്‌ സാംഗത്യമുള്ളതായി കരുതി. അത്‌ ഉണ്ടാകുവാന്‍ മറ്റ്‌ യാതൊരു കാരണവും ആവശ്യമില്ല കാര്യവും കാരണവും എല്ലാം അതു തന്നെ അത്രെ.

"സര്‍വഭൂതാനാം കാരണം അകാരണം ---" എന്നു തുടങ്ങുന്ന പാഠഭാഗം (സുശ്രുതം ശാരീരസ്ഥാനം സര്‍വഭൂതചിന്താശാരീരം) പറയുന്നു സര്‍വഭൂതാനാം = എല്ലാ ഭൂതങ്ങളൂടെയും
കാരണം = പ്രഭവസ്ഥാനം
അകാരണം = കാരണങ്ങളില്‍ നിന്നുണ്ടായതല്ല , അത്‌ ഉള്ളവസ്തു ആണ്‌.

പിന്നീട്‌ ഈ ഉരുത്തിരിയല്‍, തന്നെ ഉണ്ടായോ അതോ ആരെങ്കിലും ഉരുത്തിരിച്ചോ എന്ന തര്‍ക്കങ്ങള്‍.

കുശവന്‍ മണ്ണൂപയോഗിച്ചു കുടം ഉണ്ടാക്കുന്നതു പോലെ ആരെങ്കിലും ഒരാള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചാലേ ഏതൊരു വസ്തുവിനും മറ്റൊന്നാകുവാന്‍ കഴിയൂ - എന്നു വാദിക്കുന്നവ സേശ്വര ദര്‍ശനങ്ങള്‍. അവര്‍ സര്‍വശക്തനായ ഒരു ഈശ്വരനെ സങ്കല്‍പ്പിക്കുന്നു അദ്ദേഹം മേല്‍പറഞ്ഞ വസ്തു ഉപയോഗിച്ച്‌ പ്രപഞ്ചം ഉണ്ടാക്കുന്നു.

ന്യായ വൈശേഷികദര്‍ശനങ്ങളും പൂര്‍വമീമാംസയും ഇക്കൂട്ടത്തില്‍ പെടുന്നു. (സേശ്വരദര്‍ശങ്ങളുടെ കൂട്ടത്തിലാണ്‌ ചിലര്‍ സാംഖ്യയോഗങ്ങളെയും കൂട്ടുന്നത്‌. എനിക്ക്‌ അതില്‍ അഭിപ്രായവ്യത്യാസം ഉള്ളതുകൊണ്ട്‌ ഇങ്ങനെ എഴുതി)


മുമ്പു പറഞ്ഞ എല്ലാവരും വേദവാക്യങ്ങളെ ആയിരുന്നു തങ്ങള്‍ക്കിഷ്ടമുള്ളരീതിയി വ്യാഖ്യാനിച്ച്‌ പ്രപഞ്ചസ്രഷ്ടാവായി ഒരു ഈശ്വരനെ പ്രതിഷ്ഠിച്ചത്‌. അപ്പോള്‍ അവ്യക്തം എന്ന ഒരു വസ്തുവിനെ ഈശ്വരന്‍ എവിടെയോ ഇരുന്ന്‌ നിയന്ത്രിക്കുന്നു എന്നു വരുത്തി.

എന്നാല്‍ ശ്രീശങ്കരാചാര്യര്‍ ബ്രഹ്മസൂത്രത്തിനു ഭാഷ്യമെഴുതിയതോടു കൂടി ഇവയുടെ ഒക്കെ അലകും പിടിയും വേര്‍തിരിച്ചു. എല്ലാം ഒന്നില്‍ നിന്നു തുടങ്ങിയതാണ്‌ അല്ലാതെ വേറേ ഒരു ഈശ്വരനില്ല, അറിവ്‌ അഥവാ ബോധം എന്ന ആ "വസ്തു" അതു തന്നെയാണ്‌ നാം എല്ലാവര്‍ക്കും ഉള്ളിലുള്ളത്‌. അതു നാം അറിയുന്നില്ല എന്നേ ഉള്ളു, അതിനെ അറിയുവാന്‍ ശ്രമിക്കുക,അതായിത്തീരാനും നമുക്കു സാധിക്കും എന്നുദ്ഘോഷിക്കുന്ന അദ്വൈതസിദ്ധാന്തം അദ്ദേഹം കൊണ്ടു വന്നു.

സ്വാര്‍ത്ഥബുദ്ധിയില്ലാത്ത ശ്രേഷ്ഠവ്യക്തികള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌.അന്നു നിലവിലുണ്ടായിരുന്ന രീതിയ്ക്കനുസരിച്ച്‌ ശങ്കരാചാര്യര്‍ക്ക്‌ വേണമെങ്കില്‍ തന്റെപേരില്‍ ഒരു പുതിയ മതം തുടങ്ങി അതിന്റെ മേലാളായി വിലസാമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഉദ്ദേശം അതലായിരുന്നു, യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുക എന്നതു മാത്രമായിരുന്നു.

12 comments:

 1. അല്‍പ്പം വ്യക്തത കുറവുണ്ടോ എന്നൊരു സംശയം. എന്റെ വായനയുടെ പ്രശ്നവുമാവാം.

  ReplyDelete
 2. ഹഹ ഹ :) അതല്ലേ അനില്‍ ജീ അവ്യക്തം എന്നു പറഞ്ഞത്‌. താങ്കളുടെ വായനയുടെ കുഴപ്പമല്ല എന്റെ എഴുത്തിന്റെ തന്നെ ആണ്‌.

  പ്രപഞ്ചപദാര്‍ത്ഥത്തിനെ വേറേയും അതുകൊണ്ട്‌ പ്രപഞ്ചത്തെ ഉണ്ടാക്കുന്ന ഈശ്വരനെ വേറെയും ആയി കാണുന്ന ദര്‍ശനങ്ങള്‍ സേശ്വര ദര്‍ശനങ്ങള്‍, അവര്‍ പറയുന്നു ഈശ്വരന്‍ എവിടെയോ ഇരുന്‌ ഇതൊക്കെ ഉണ്ടാക്കുന്നു എന്ന്‌.

  അദ്വൈതം അതിനെ എതിര്‍ക്കുന്നു. അങ്ങിനെ വേറിട്ട്‌ ഒരു ഈശ്വരന്‍ ഇല്ല എന്നു പറയുന്നു

  ReplyDelete
 3. ശങ്കരാചാര്യര്‍ ഒരു പകര്‍ത്തെഴുത്തുകാരനാകാനേ വഴിയുള്ളു.
  അദ്വൈതം അയാളുടെ തലയില്‍ വിരിഞ്ഞ ആശയമായിരുന്നെങ്കില്‍
  നാലു ദിക്കുകളിലായി നാലു ശങ്കരാചാര്യ മഠങ്ങളും,വിവിധ ഹൈന്ദവ ക്ഷേത്രങ്ങളും സ്ഥാപിക്കാന്‍ ആ ബ്രാഹ്മണന്‍ ഓടിനടക്കുമായിരുന്നില്ല.
  പാലി ഭഷയിലുണ്ടായിരുന്ന അറിവുകളെല്ലാം ഗൂഡഭാഷയായ സംസ്കൃതത്തിലേക്ക് കോപ്പിയടിച്ച് ,പാലിഭാഷാ ഗ്രന്ഥങ്ങളെ തീയിട്ടു നശിപ്പിച്ച...സമൂഹത്തെ സാംസ്കാരികമായും,മാനവികമായും വന്ധ്യം‌ങ്കരിച്ച ബ്രാഹ്മണ വര്‍ഗ്ഗീയ വാദികളില്‍ വിരുതനായ ഒരു ബ്രാഹ്മണന്‍ !

  തൊഴാന്‍ മാത്രം ശീലിച്ചവര്‍ക്ക് കക്ഷിയെയും തൊഴാം..സ്തുതിക്കാം !!! :)

  ReplyDelete
  Replies
  1. പാലി ഭാഷയിൽ എഴുതപ്പെട്ടത് "എല്ലാം" കണ്ട്പിടിച്ച് സംസ്കൃതത്തിലേക്ക് പകർത്താനും ശേഷം കത്തിച്ചു കളയാനും "മിടുക്ക്" കാണിച്ചെങ്കിൽ ആ മിടുക്കനെ സ്തുതിക്കുന്നതിലും തൊഴുന്നതിലും മടി കാണിക്കുന്നത് എന്തിന്?

   Delete
 4. പണിക്കര്‍മാഷിന്റെ ആചാര്യ ഭഗവത്പാദരെപ്പെറ്റിയുള്ള അവസാന പരാമര്‍ശത്തോട് യോജിപ്പില്ല. കാരണം അന്ന് മതം തുടങ്ങിവയ്ക്കുന്ന ശീലം ഇല്ലായിരുന്നു എന്നതുതന്നെ. ഗുരുക്കന്മാരുടെ കീഴില്‍ പ്രത്യേക സമ്പ്രദായങ്ങളില്‍ ചരിയ്ക്കുന്ന ശിഷ്യന്മാരുടെ പരമ്പര ഉണ്ടാക്കുക മാത്രമായിരുന്നു രീതി.ബുദ്ധഭഗവാന്‍ അതാണ് ചെയ്തിട്ടുള്ളത്.(പിന്നീട് ഒരു ഇരുനൂറ് കൊല്ലമെങ്കിലും കഴിഞ്ഞ് വന്ന രാജാധികാരമാണ് അതിനെയൊരു മതവും രാഷ്ട്രീയവുമൊക്കെയാക്കിയത്) തീര്‍ച്ചയായും ശങ്കരനും അങ്ങനെ ചെയ്തിട്ടുണ്ട്.തന്റെ സിദ്ധാന്തം പ്രചരിപ്പിച്ചു. ആചാര്യനായി ശിഷ്യന്മാരെയുണ്ടാക്കി. മഠങ്ങളുണ്ടാക്കി. അങ്ങനെ ചെയ്തതില്‍ യാതൊരു തെറ്റുമില്ല. ഭാഗ്യവശാല്‍ അത് ഭാരതത്തിലെ പൊതുവായുള്ള ശീലം കൊണ്ട് പൊതുസമൂഹത്തോട് ഇഴുകിച്ചേര്‍ന്നു.
  മറ്റൊന്ന് അദ്വൈത സിദ്ധാന്തം അചാര്യര്‍ കൊണ്ട് വന്നതാണ് എന്ന വാദം. അദ്വൈതം വളരെ മുന്‍പേ തന്നെ സാക്ഷാത്കരിക്കപ്പെട്ട സിദ്ധാന്തമാണ്. അചാര്യര്‍ പ്രസ്ഥാനത്രയങ്ങള്‍ക്ക് ഭാഷ്യമെഴുതിയതോടെ അതിന് ഒരു ക്രമമായ പഠനരീതി കൈവന്നു എന്നതല്ലേ സത്യം. ഉപനിഷത്തുക്കളിലും ഗീതയിലും ബ്രഹ്മസൂത്രത്തിലും ഉള്ള സത്യാന്വേഷണം ആചാര്യന്‍ കാട്ടിത്തന്നു. (ഏത് ടേക്സ്റ്റ് ബുക്കാണ് പഠിക്കണ്ടതെന്ന് കാണിച്ച് ഗൈഡെഴുതി.:) ) അല്ലാതെ ആചാര്യന്‍ പുതുതായി ഒന്നും മുന്നോട്ട് വച്ചിട്ടില്ലല്ലോ. വേദങ്ങളുടെ കര്‍മ്മകാണ്ഡത്തിലും, അനാചാരങ്ങളായ കാപാലികത്തം ,കുതന്ത്രം എന്നിവയിലൊക്കെ അഭിരമിച്ച് കിടന്നിരുന്ന ഒരു ബുദ്ധിജീവി സമൂഹത്തിനോട് സത്യം അന്വേഷിക്കാനല്ലേ ആചാര്യന്‍ പറഞ്ഞത്. (നഹി നഹി രക്ഷതി ഡുകൃജ്ജ്കരണേ..ഭജ ഗോവിന്ദം) മീമാംസകര്‍ , ശൈവര്‍, തീവ്രശാക്തേയര്‍, എന്നിവരെയൊക്കെ വാദത്തില്‍ തോല്‍പ്പിച്ച് പ്രസ്ഥാനത്രയം പഠിപ്പിയ്ക്കുകയല്ലേ ആചാര്യന്‍ ചെയ്തത്.

  ചിത്രകാരാ, അങ്ങയോട് എന്ത് പറയണമെന്ന് നിശ്ചയമില്ല.ഏത് പാലിഭാഷാ ഗ്രന്ധമാണ് ആചാര്യര്‍ തീയിട്ട് നശിപ്പിച്ചത്?എന്തെങ്കിലും തെളിവുകളുണ്ടോ ഈ പറയുന്നതിന്? ശങ്കരാചാര്യരെപ്പെറ്റിയുള്ള മിനിമം അറിവെങ്കിലും താങ്കള്‍ക്കുണ്ടോ?ഇങ്ങനെയൊക്കെയെഴുതാന്‍ താങ്കളെ എന്താണ് പ്രേരിപ്പിയ്ക്കുന്നത്.? എന്തായാലും ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഗുണം ചെയ്യുമെന്ന ആപ്തവാക്യം മനസ്സ്ല് ധ്യാനിച്ച് ഞാന്‍ പണ്ടെഴുതിയ ഈ കമന്റ് അങ്ങേയ്ക്കായി പോസ്റ്റുന്നു.

  ആദ്യം ശങ്കരാചാര്യ ഭഗവത്പാദര്‍ ബുദ്ധമതക്കാരെ നശിപ്പിച്ചു എന്ന വാദത്തിനെപ്പറ്റി.

  “ശങ്കരാചാര്യര്‍ തര്‍ക്കം നടത്തി ഭാരതത്തിലെ കുറേ പണ്ഢിതരെ തോല്‍പ്പിച്ചു.മിക്കവരേയും തന്റെ ശിഷ്യന്മാരുമാക്കി.അങ്ങനെ തോല്‍പ്പിച്ച കാര്യമാണെങ്കില്‍ അതില്‍ മിക്കവരും “ഇന്ന്“ ഹിന്ദുക്കള്‍ എന്ന് വിശേഷിപ്പിയ്ക്കുന്നയാള്‍ക്കാരായിരുന്നു.(അന്നവര്‍ ഹിന്ദുക്കളല്ല)

  ശങ്കരാചാര്യര്‍ വാദത്തിലും മറ്റും തോല്പ്പിച്ചത് കര്‍മ്മകാണ്ഡത്തില്‍ വിശ്വസിച്ചിരുന്നവരെയാണ് എന്നാണ് കേള്‍ക്കുന്നത്. കുമാരില ഭട്ടന്‍ ബുദ്ധമതതത്വങ്ങളെ വാദത്തില്‍ തോല്പ്പിച്ചയാളാണ്.വേദ മീമാംസാകാരനാണ്.അദ്ദേഹത്തെയാണ് ആദ്യം ശങ്കരന്‍ വാദപ്രതിവാദങ്ങള്‍ക്കായി സമീപിയ്ക്കുന്നത്.പക്ഷേ ശങ്കരന്‍ ചെല്ലുമ്പോള്‍ കുമാരിലഭട്ടന്‍ ഉമിത്തീയിലെരിയുകയായിരുന്നു .ബൌദ്ധനായ ഗുരുവിനോട് കള്ളം പറഞ്ഞാണ് ബുദ്ധമതം പഠിച്ചതെന്നും. അത് പഠിച്ചാണ് വാദത്തില്‍ ബുദ്ധമതക്കാരെ തോല്‍പ്പിച്ചതെന്നും. അങ്ങനെ കള്ളം പറഞ്ഞതിനു സ്വയം ശിക്ഷയായാണ് ഉമിത്തീയിലെരിയുന്നതെന്നും ശങ്കരനോട് പറഞ്ഞു. ഉമിത്തീയില്‍ എരിയുന്നയാളോട് വാദം നടാത്താനാകില്ലല്ലോ. അതുകൊണ്ട് ശിഷ്യനായ മണ്ഡനമിശ്രനെ തോല്‍പ്പിക്കാന്‍ ശങ്കരന്‍ പോയി‍.(മണ്ഡനമിശ്രനും ഇന്നത്തെ നിലയില്‍ ഹിന്ദു തന്നെ) പിന്നെ പാണ്ടിനാട്ടില്‍ ശൈവരെ, കര്‍ണ്ണാടകത്തിലെ ശാക്തേയരെ, ദ്വാരകയിലെ വൈഷ്ണവരെ, ഇടയ്ക്ക് കാപാലികളെ,കാമപുരിയിലെ തീവ്ര ശാക്തേയരെ ഒക്കെയാണല്ലോ വാദത്തില്‍ തോല്പ്പിച്ചിരിയ്ക്കുന്നത്.ഇവരിലാരും ബൗദ്ധരല്ല.ഇന്നത്തെ നിര്‍വചനപ്രകാരം ഹിന്ദുക്കളാണ്. അതായത് അന്നത്തെ ഹിന്ദു തീവ്രവാദികളേയും ആസാമിമാരെയുമെല്ലാം തോല്‍പ്പിച്ച് അവര്‍ക്ക് ജ്ഞാനത്തിന്റെ മാര്‍ഗ്ഗം പരഞ്ഞു നല്‍കുകയായിരുന്നു ശങ്കരന്‍ ചെയ്തത്.(അതില്‍ ഒരു ശാക്തേയന്‍ അഭിനവഗുപ്തന്‍ (ശാക്തേയനെന്നാല്‍ ദേവീ ഉപാസകന്‍) ശങ്കരാചാര്യരോട് ദേഷ്യം മൂത്ത് ആഭിചാരം ചെയ്ത് അദ്ദേഹത്തിന് ഭഗന്ദരം ഉണ്ടാക്കി എന്നും വന്നതിനെ മാറ്റാനായി മറുമരുന്നൊന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ പ്രതിവിധി ചെയ്തെന്നുമൊക്കെ കഥയുണ്ട്. ശങ്കരാചാര്യരുടെ ശത്രുക്കള്‍ അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് ഇന്ന് ഹിന്ദുക്കള്‍ എന്നറിയപ്പെടുന്ന വിഭാഗത്തിലുള്ളവര്‍ തന്നെയായിരുന്നു എന്ന് ചുരുക്കം. കാപാലികന്‍ തല ചോദിച്ച കഥ ഞാനായിട്ട് പറയേണ്ടല്ലോ?

  ശങ്കരാചാര്യര്‍ എഴുതിയത് തന്നെ തെളിവുകളായി കിടപ്പുണ്ട്.മിക്കവാറും പൂര്‍വപക്ഷത്തില്‍ വരുന്നത് കര്‍മ്മകാണ്ഡവും മീമാംസകാരരും താന്ത്രികവുമൊക്കെത്തന്നെയാണ്.ബുദ്ധിസമല്ല.

  ഉത്തരഭാരതത്തില്‍ നിന്ന് ശങ്കരനു മുന്‍പു തന്നെ കുമാരിലഭട്ടന്മാരെല്ലാം ചേര്‍ന്ന് ബുദ്ധിസത്തെ തുരത്തിയെന്നാണ് തോന്നുന്നത്. ഓര്‍ഗനൈസ്ഡ് എത്നിക് ക്ലെന്‍സിങ്ങ് എന്നാലും ശങ്കരന്‍ ചെയ്തതായി കാണാന്‍ ഒരു വകുപ്പുമില്ലല്ലോ‍?

  ബുദ്ധമതം കേരളത്തില്‍ വളരെയധികം വേരുള്ള ഒരു മതമായിരുന്നു.ഓര്‍ഗനൈസ്ഡ് ആയ പ്രചരണം വഴി പടര്‍ന്ന മതമായിരുന്നത്. മിക്കപ്പോഴും സമാധാനപരമായിത്തന്നെ,പക്ഷേ ചിലപ്പോള്‍ ഭരണകൂട നിര്‍ബന്ധവും നാ‍ട്ടുകാര്‍ ബുദ്ധമതം സ്വീകരിയ്ക്കുന്നതിനു കാരണമായിട്ടുണ്ട് .ബുദ്ധമതത്തിനു മാത്രമല്ല ജൈനമതത്തിനും കേരളത്തില്‍ നല്ല പ്രചാരമുണ്ടായിരുന്നു.

  കാലക്രമത്തില്‍ വൈദികമതക്കാര്‍ ഓര്‍ഗനൈസ്ഡ് ആയി എതിര്‍ത്തതുകൊണ്ടും,(ശൈവരും വൈഷ്ണവരും,ശാക്തേയരും ) ഓര്‍ഗനൈസ്ഡ് അല്ലാതെ വെടക്കാക്കി നമുക്കാക്കിയതുകൊണ്ടും കാലാന്തരത്തില്‍ ബുദ്ധമതത്തിന്റെ ധ്യാനത്തിന്റെ സ്വഭാവം പോയി തന്ത്രം, മന്ത്രം പൂജ, വഴിപാട് നിലയിലായപ്പോല്‍ അത് നാട്ടില്‍ നിലനിന്നിരുന്ന പല മതങ്ങളോ‍ട് (ഹിന്ദു എന്നൊരു മതം ഉണ്ടായീട്ട് നൂറോ നൂറ്റമ്പതോ കൊല്ലമേ ആയിട്ടുള്ളൂ എന്ന വാദത്തിന് ഒരു തര്‍ക്കത്തിനുള്ള വകുപ്പുണ്ടോ?? അതുകൊണ്ട് തന്നെയാണ്‍ പല മതങ്ങള്‍ എന്ന് പറഞ്ഞത്) ചേര്‍ന്നു പോയതുകൊണ്ടും ഒക്കെ കേരളത്തില്‍ നിന്ന് ബുദ്ധമതം ഇല്ലാതായി.

  പകരം മുത്തപ്പന്‍ എഴുതിയപോലെ ഒരു നിയോ റിച്വലിസ്റ്റിക് പുരോഹിതവര്‍ഗ്ഗം- നമ്പൂതിരി- എവിടെനിന്നോ ഉണ്ടാകുകയും അവരും അവരുടെ എലനക്കികളും ചേര്‍ന്ന് കേരളത്തിന്റെ പൊതുസമൂഹത്തെ പലയിടത്ത് നിന്ന് കിട്ടിയത് കൂട്ടിച്ചേര്‍ത്ത് ഒരു കൊളാഷ് മതമുണ്ടാക്കി വിശ്വസിപ്പിയ്ക്കുകയും ചാതുര്‍വരേണ്യത്തെ അതിന്റെ എല്ലാ തെമ്മാടിത്തരത്തോടും കൂടി പ്രയോഗത്തില്‍ വരുത്തുകയും ,ആകാശത്തുനിന്ന് പൊട്ടിവീണതുപോലെ ഒരു പരശുരാ‍മന്‍ മഴുവെറിഞ്ഞ കഥയുണ്ടാവുകയും ചെയ്തു.(ചാതുര്‍വരേണ്യമല്ല ദ്വി വരേണ്യമാണ് കേരളത്തിലുണ്ടായിരുന്നത്. ബ്രാമണര്‍, ശൂദ്രര്‍ എന്നീ രണ്ട് ജാതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെയും വൈശ്യര്‍ , ക്ഷത്രിയര്‍ എന്നീ പ്രബലര്‍ തങ്ങള്‍ക്കെതിരായി ഉണ്ടാവുന്നത് തടയാന്‍ പുരോഹിത വര്‍ഗ്ഗത്തിനു കഴിഞ്ഞു.)

  ഇവിടെയും ശങ്കരാചാര്യര്‍ എന്തുചെയ്തു.?

  ബുദ്ധമതത്തെ ഇവിടെനിന്ന് ആക്രമിച്ചോടിച്ചു എന്ന് പറഞ്ഞിരിയ്ക്കുന്ന വീ‍രശൈവന്മാര്‍, കാപാലിലികര്‍ എന്നിവര്‍ ശങ്കരാചാര്യരേയും ശത്രുസ്ഥാനത്താണ് കണ്ടിരുന്നത്.

  സര്‍വോപരി ശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തവും കൃതികളും അന്നത്തെ (ഇന്നത്തെയും )വൈദിക-ശൈവ-ശാക്തേയ-വൈഷ്ണവ-കാപാലിക-താന്ത്രിക-മതത്തിലുപരി (ചുരുക്കിപ്പറഞ്ഞാല്‍ ഇന്നത്തെ ഹിന്ദു:) ബുദ്ധ സിദ്ധാന്തങ്ങളോട് തന്നെയാണ് അടുത്തുനില്‍ക്കുന്നത്. ശങ്കരനെ പഠിയ്ക്കുന്ന ആര്‍ക്കും വ്യക്തമായി ഇത് ബോധ്യമാകും.നിര്‍വാണാഷ്ടകം എന്ന ഒറ്റ അഷ്ടകം മതി. ബ്രഹ്മസൂത്രം ഭാഷ്യം, ഭഗവത്ഗീതയ്ക്കും ഉപനിഷത്തുക്കള്‍ക്കുമെഴുതിയ ഭാഷ്യം. സ്വന്തം കൃതികളായ പ്രകരണങ്ങള്‍
  (അതില്‍ത്തന്നെ ഏകശ്ലൊകി, മായാപഞ്ചകം, മനീഷാപഞ്ചകം, നിര്‍വാണാഷ്ടകം, സ്വരൂപാനുസന്ധാനാഷ്ടകം,അദ്വൈതപഞ്ചരത്നം,അദ്വൈനുഭൂതി ഒക്കെ ഒക്കെ )ബുദ്ധചിന്തകളോടാണ് അടുത്ത് നില്‍ക്കുന്നത്.

  Thich Nhat Hanh നെപ്പോലെയുള്ളവര്‍ എഴുതിയ പുസ്തകങ്ങളും ശങ്കരന്റെ കൃതികളുമായി ഒന്നു താരതമ്യം ചെയ്തൂ നോക്കൂ താല്‍പ്പര്യമുണ്ടെങ്കില്‍.

  ശങ്കരാചാര്യര്‍ ബൌദ്ധരെയെന്നല്ല ഒരു ചിന്തകരേയും എത്നിക് ക്ലെന്‍സീങ്ങ് നടത്തിയതായി യാതൊരു തെളിവുകളും ചരിത്രത്തിലോ മിത്തുകളില്‍പ്പോലുമോ കാണുന്നില്ല. ആശയപ്രചരണവും വാദപ്രതിവാദവും ജനാധിപത്യപരമായ മര്യാദകളാണ്.

  ശങ്കരാചാര്യര്‍ ക്ലെന്‍സിങ്ങ് നടത്തിയിട്ടുണ്ട് അത് ജീര്‍ണ്ണിച്ച് നശൂലമായ ആ സമയത്തെ ആസേതുഹിമാചലം വെരെയുള്ള പല രാജ്യങ്ങളിലെ മത സംവിധാനങ്ങളെയായിരുന്നു.പിന്നെ, അദ്ദേഹം സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂഷന്നുകള്‍ ഇന്നെവിടേ നില്‍ക്കുന്നു എന്നാലോചിച്ച് അദ്ദേഹത്തെ ഊഹിയ്ക്കാന്‍ നിന്നാല്‍ യേശുകൃസ്തുവിനേയൂം മുത്തുനബിയേയും ബുദ്ധനേയുമൊക്കെ ഒരുമിച്ച് നിര്‍ത്തി അമ്പെയ്യെണ്ടിവരും.:) അത് ഇന്‍സ്റ്റിറ്റ്യൂഷനുകളുടെ ഒരു ശാപമാണ്.. ജിദ്ദു വ്യക്തമായി അതിന് ഉത്തരം നല്‍കിയിട്ടുണ്ട്.

  ഒരു പ്രശ്നത്തിന് ഉത്തരം കണ്ടെത്താനുള്ള എളുപ്പവഴി ആരെയെങ്കിലും ഉത്തരവാദിയായി കണ്ടത്തി അവരുടെ തലയില്‍ ചാരുക എന്നുള്ളതാണ്.ബുദ്ധമതത്തിന്റെ കാര്യം വന്നപ്പോ അത് നല്ല സ്മൂത്തായി ശങ്കരന്റെ തലയില്‍ കെട്ടി വച്ചുകൊടുത്തു.അല്ല.. അങ്ങേര്‍ക്കത് വേണം.

  ഈ ബ്രാഹ്മണര്‍ ഒന്നാന്തരം ഉരുപ്പടികള്‍ തന്നെ. ജീവിച്ചിരുന്നപ്പോ ശങ്കരന്റെ ഏറ്റവും വലിയ എതിരാളികളായിരുന്നവര്‍. സ്ഥാപനവല്‍ക്കരിച്ച ശങ്കരന്‍ നല്ല ആയുധമാണെന്ന് കണ്ട് നമുക്കാക്കിയങ്ങ് വെടക്കാക്കി. ഇപ്പൊ ബദരിമുതല്‍ ശ്രിംഗേരിവരെ പൂണൂലിട്ടവനാണ് ഭരണം.ഭരിച്ച് ഭാരട്ടെ:)

  ഇതൂടേ ഒന്ന് നോക്കിയേക്കണേ

  “Following this last flowering of Buddhist thought in India, Buddhism began to decline. It became increasingly a tradition of elite scholar-monks who studied in great monastic universities like Nalanda and Vikramashila in Northern India. Buddhism failed to adapt to changing social and political circumstances, and apparently lacked a wide base of support.

  When a series of invasions by Turkish Muslims descended on India in the ninth through twelfth centuries, after the invaders had sacked the great north Indian monastic universities and killed many prominent monks, Buddhism was dealt a death blow from which it never recovered. In 1193 the Moslems attacked and conquered Magadha, the heartland of Buddhism in India, and with the destruction of the Buddhist Monasteries, like Nalanda (1200) in that area Buddhism was wiped out.

  Only some small remnants of Buddhist communities, like in the Himalayan areas, Buddhism remained alive. Apart from the Moslims, most Indians are Hindu, and to them Buddhism is a old, dead branch of Hinduism, not a seperate, independent religion“

  ഈ സൈറ്റില്‍ നിന്നാണ്.

  http://buddhism.kalachakranet.org/india.html

  ഇത്രയും ഏവൂരാന്റെ http://chithrangal.blogspot.com/2008/05/blog-post_19.html ഈ പോസ്റ്റിലിട്ട കമന്റുകളാണ്. ആശയവ്യക്തതയില്ലെങ്കില്‍ പോസ്റ്റും കമന്റുകളും ചേര്‍ത്ത് വായിച്ചാല്‍ മതി. ചത്രകാരാ ഇനി പറയൂ ശങ്കരന്‍ എന്തു പിഴച്ചു.

  ReplyDelete
 5. ambi,
  നല്ല വിവരണം. പക്ഷെ അഡ്രസ്സ് ചെയ്ത ആള്‍ തെറ്റിപ്പോയി.

  ReplyDelete
 6. പ്രിയ അമ്പി,

  ദീര്‍ഘമായ കമന്റ്‌ ഒന്നു വിശദമായി വായിയ്ക്കണം. ഏതായാലും അതിനു മുമ്പു തന്നെ നിര്‍ദ്ദേശങ്ങള്‍ രണ്ടെണ്ണം അംഗീകരിക്കുന്നു.

  ഒന്ന്‌ എഴുതിയപ്പോള്‍ അശ്രദ്ധമായി "അന്നു നിലവിലുണ്ടായിരുന്ന " എന്ന പ്രസ്താവന, അതുപോലെ അദ്വൈതം പുതിയതാണെന്നു തോന്നുന്ന തരത്തിലുള്ള വാചകഘടന ഇതു രണ്ടും എന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റുകളാണ്‌.
  അതു ചൂണ്ടിക്കാണിച്ചതിനു നന്ദി

  ഞാന്‍ ഉദ്ദേശിച്ചത്‌ ഇന്നത്തെ ആളുകള്‍ ചെയ്യുന്നതു പോലെ എന്തു ചെയ്യുന്നതിനും തന്റെ പേരില്‍ പ്രശസ്തിവേണം എന്ന ചിന്താഗതിയെ ആയിരുന്നു. പണ്ടുള്ളവര്‍ക്ക്‌ പലര്‍ക്കും അതില്ല എന്നും.

  ReplyDelete
 7. അംബിയുടെ നീണ്ട വിവരണത്തിൻ വളരെ നന്ദി.
  പലതും പുതിയ അറിവുകളാൺ.
  രണ്ട് ചിന്ന സംശയങ്ങൾ (മണ്ടത്തരമാണേങ്കിൽ പൊറുക്കുക)‘സൗന്ദര്യലഹരി’യിൽ ‘തന്ത്ര’ത്തിന്റെ സ്വാധീനമില്ലേ? ശാക്തേയസ്വാധീനം?

  പിന്നൊന്ന്,കേരളത്തിലെ ‘വർമ്മ’/‘തമ്പുരാൻ’
  പേരുകൾ ക്ഷത്രിയരെയല്ലേ സൂചിപ്പിയ്കുന്നത്?

  ReplyDelete
 8. ശങ്കരാചാര്യരെ പറ്റി നല്ല വിശദീകരണം നല്‍കിയ ശ്രി Ambi ക്കു പ്രത്യേകം നന്ദി പറയുന്നു!

  ReplyDelete
 9. ഭൂമിപുത്രീ,
  സത്യസന്ധമായി ഉത്തരം തരികയാണെങ്കില്‍ , സൌന്ദര്യലഹരിയിലെ അദ്വൈതത്തിനെപ്പറ്റി ശരിയായറിയണമെന്ന് നല്ല ആഗ്രഹമുണ്ടെങ്കില്‍ അനുഭവജ്ഞാനമുള്ളവരെക്കണ്ട് ചോദിച്ച് മനസ്സിലാക്കുകയേ നിവൃത്തിയുള്ളൂ. എനിയ്ക്ക് അതിന്റെ ഒരു അക്ഷരം പോലും പറഞ്ഞ് തരാനുള്ള അറിവില്ല.

  ശ്രീ നാരായണഗുരുവിന്റെ ശിഷ്യനും ഗുരു നിത്യചൈതന്യ യതിയുടെ ഗുരുവും ഡോക്ടര്‍ പല്‍പ്പുവിന്റെ മകനും സര്‍വോപരി പാരീസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡൊക്ട്രേറ്റ് എടുത്തയാളും നാരായണ ഗുരുകുലത്തിന്റെ സ്ഥാപകനുമായ അളാണ് നടരാജ ഗുരു

  (ഇത്രയും വിശദമായെഴുതിയതിനു കാരണമുണ്ട്. ഒരു ഈഴവന്റെ മകനാണ്, ഈഴവനായി ജനിച്ചയാളുടെ ശിഷ്യനാണ്, ഈഴവനായി ജനിച്ചയാള്‍ തന്നെയാണ് മുഖ്യ ശിഷ്യന്‍ എന്നു വരുമ്പോ അദ്ദേഹം ബ്രാഹ്മണ വര്‍ഗ്ഗീയ വാദിയാവുക അസാധ്യം:) പിന്നെ സായിപ്പിന്റെ നാട്ടിലുള്ള വമ്പന്‍ സര്‍വകലാശാലയില്‍ നിന്ന് പീ എച് ഡീ എടുത്തതായതുകൊണ്ട് അത്തരം കാര്യങ്ങളൊക്കെ നോക്കി മാത്രം ആധികാരികത നല്‍കുന്നയാള്‍ക്കാര്‍ക്കും അനഭിമതനാകാന്‍ നിവൃത്തിയില്ല)

  എന്തായാലും നടരാജ ഗുരു സൌന്ദര്യ ലഹരിയെപ്പറ്റി എഴുതിയത് ഇവിടെയുണ്ട്

  http://advaitavedanta.co.uk/content/view/93/30/

  അത് വായിച്ചു നോക്കിക്കോളൂ.

  എനിയ്ക്കറിയാവുന്നത് ഒന്നേയുള്ളൂ .അദ്വൈതം അനുഭവമാണ്. അതനുഭവമാകുന്നതുവരെ എനിയ്ക്ക് ദ്വൈതമുണ്ട്

  http://kaliyambi.blogspot.com/2008/05/blog-post.html

  ഇനി രണ്ടാം ചോദ്യം
  കേരളത്തിലെ ക്ഷത്രിയര്‍ എന്നു പറയപ്പെടുന്ന വിഭാഗങ്ങളെ, രാജ്യപാലനം ചെയ്തിരുന്നവരെ ക്ഷത്രിയരായി മലയാള ബ്രാഹ്മണര്‍ ഒരിയ്ക്കലും കണക്കാക്കിയിരുന്നില്ല.കൂടുതല്‍ വിവരങ്ങള്‍ http://en.wikipedia.org/wiki/Malayala_Kshatriya

  എന്ന ഈ വിക്കി ലേഖനത്തില്‍ വായിയ്ക്കുക.
  എന്നാലും അവസരം കിട്ടുമ്പോഴൊക്കെ അവരുടെ കയ്യിലിരിയ്ക്കുന്ന പണത്തിനും മറ്റ് ദാനം സ്വീകരിയ്ക്കുന്നതിനും ഒന്നും മലയാള ബ്രാഹ്മണര്‍ക്ക് തടസ്സവുമുണ്ടായിട്ടില്ല. അതുപോലെ തന്നെ തന്നില്‍ത്താണവര്‍ എന്നു കരുതുന്നവരെ ചവുട്ടിത്തേയ്ക്കാന്‍ ഈ പാതിവെന്ത ക്ഷത്രിയര്‍ക്കും അവരുടെ മച്ചുനന്മാര്‍ക്കും ഒന്നും ബ്രാഹ്മണരെ കൂട്ടുപിടിയ്ക്കാനും ഒരു മടിയുമുണ്ടായിരുന്നില്ല.

  അവനവനില്‍ താണവരെ എല്ലാരും ചവുട്ടിത്തേക്കും. മുതലാളീ മാനേജറെ, മാനേജര്‍ സൂപ്രണ്ടിനെ, സൂപ്രണ്ട് യൂ ഡീ സി യെ, യൂഡീ സി എല്‍ ഡീ സി യെ, എല്‍ ഡീ സീ പ്യൂണിനെ, പ്യൂണ്‍ ആപ്പീസില്‍ കാര്യ സാധ്യത്തിനു വരുന്നവരെ. അതില്‍ തന്നില്‍ത്താണവനെ ചവിട്ടാന്‍ ഒരവസരം കിട്ടുമ്പോ തന്നെ ചവിട്ടിയവനെക്കൂടി കൂട്ടുപിടിയ്ക്കും. അതാ നെയമം:)


  ഡിസ്ക്ലൈമര്‍:)- വിക്കി ലേഖനങ്ങള്‍ ഒരിയ്ക്കലും പൂര്‍ണ്ണമല്ല. സത്യമാകണമെന്ന് നിര്‍ബന്ധവുമില്ല. പുറത്തേയ്ക്കുള്ള കണ്ണികള്‍/, റഫറന്‍സായി കൊടുത്തിരിയ്ക്കുന്ന പുസ്തകങ്ങള്‍ എന്നിവ തേടിപ്പിടിച്ച് അധികവായന നടത്തുക. അത് ഏത് വിഷയത്തിലെ വിക്കി ലേഖനമായാലും.

  ReplyDelete
 10. "എനിയ്ക്കറിയാവുന്നത് ഒന്നേയുള്ളൂ .അദ്വൈതം അനുഭവമാണ്. അതനുഭവമാകുന്നതുവരെ എനിയ്ക്ക് ദ്വൈതമുണ്ട് "

  അമ്പീ ഞാന്‍ ഫാനായി കേട്ടോ

  ReplyDelete
 11. അംബി,പോയിന്റേഴ്സിനു വളരെ നന്ദി.
  (മെനക്കെട്ടുള്ളൊരു പഠനത്തിനുള്ള സദ്ബുദ്ധിയില്ലാത്തതുകൊണ്ട്,ആരെങ്കിലുമൊന്ന്
  സ്പ്പൂൺഫീഡ് ചെയ്തുതന്നാൽ കൊള്ളാംന്നു പറഞ്ഞാണെന്റെ നടപ്പ്)
  മുൻപുണ്ടായിരുന്നതിനേക്കാൾ ‘വർണ്ണബോധം’(?)നാട്ടിലുണ്ടായിട്ടുള്ളതു പോലെത്തോന്നാറുണ്ട് ചിലരുടെയൊക്കെ സംസാരം കേൾക്കുമ്പോൾ.

  ReplyDelete