Friday, September 19, 2008

വിശ്വാമിത്ര കഥ തുടരുന്നു- ബ്രാഹ്മണ്യപ്രാപ്തി

രംഭയെ വിളിച്ച്‌ ദേവേന്ദ്രന്‍ ഇപ്രകാരം പറഞ്ഞു.
"സുരകാര്യമിദം രംഭേ കര്‍ത്തവ്യം സുമഹത്‌ ത്വയാ
ലോഭനം കൗശികസ്യേഹ കാമമോഹസമന്വിതം"

അതേ വിശ്വാമിത്രനെ പ്രലോഭിപ്പിച്ച്‌ കാമത്തിനും മോഹത്തിനും വശംവദനാക്കുക. ഇതാണ്‌ നീ ചെയ്യേണ്ടത്‌.
എന്നാല്‍ രംഭ വിശ്വാമിത്രന്റെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഭയവിഹ്വലയായി, അങ്ങോട്ടു പോകാന്‍ വിസമ്മതിച്ചു.
പക്ഷെ ദേവെന്ദ്രന്‍ സമാധാനിപ്പിച്ചു. നീ ഒട്ടും ഭയക്കേണ്ട ഞാനും കാമദേവനും മറ്റ്‌ മരുത്‌ ഗണങ്ങളും നിന്നെ അനുഗമിക്കാം. വസന്തകാലം വരികയും കുയിലുകള്‍ കളകളാരവം പൊഴിക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ അവിടെ എത്തിയിരിക്കും നീ ഭയക്കാതെ പൊയ്ക്കൊള്ളൂ.

രംഭ പോയി. വസന്തകാലം വന്നു, കുയിലുകളുടെ കൂജനം കൊണ്ട്‌ ആ പ്രദേശം മുഖരിതമായി.

പക്ഷെ വിഷയം വിശ്വാമിത്രന്‌ മനസ്സിലായി. അവന്‍ കാമത്തിന്‍ അതീതനായി കഴിഞ്ഞിരുന്നു. രംഭയുടെ ആകാരസൗഷ്ഠവത്തിനോ, ലാസ്യനടനത്തിനോ അദ്ദേഹത്തില്‍ ഒരു വികാരവും സൃഷ്ടിക്കുവാന്‍ കഴിഞ്ഞില്ല, പകരം തപസ്സിനെ ഭഞ്ജിക്കുവാന്‍ ശ്രമിച്ച രംഭയെ കല്ലായി പതിനായിരം കൊല്ലം വസിക്കുവാന്‍ ശപിക്കുകയാണുണ്ടായത്‌.

ശാപമോക്ഷമായി വസിഷ്ഠന്‍ അവളെ അത്രയും കാലത്തിനു ശേഷം മോചിപ്പിക്കും എന്നും അനുഗ്രഹിച്ചു.(നോക്കണം ആ ജോലിയും വസിഷ്ഠനാണ്‌ കൊടുത്തത്‌. ആദ്യം വസിഷ്ഠന്‍ തന്റെ ശത്രുവായിരുന്നു എന്നോര്‍ക്കുക)

ശാപം കേട്ട പാതി കേള്‍ക്കാത്ത പാതി മറഞ്ഞു നിന്നിരുന്ന ദേവേന്ദ്രന്‍ കടന്നുകളയുകയും ചെയ്തു ( എന്തൊരു സ്നേഹം, ആശ്രിതവാത്സല്ല്യം അല്ലേ?)

പക്ഷെ വിശ്വാമിത്രന്‍ ക്രോധമുണ്ടായതു കൊണ്ടല്ലെ അവളേ ശപിച്ചത്‌? അപ്പോള്‍ അതുവരെ ചെയ്ത തപസ്സും ഫലശൂന്യമായി.

ഇതു മനസ്സിലാക്കിയ വിശ്വാമിത്രന്‍ തീരുമാനിച്ചു. ഇനി മൗനവ്രതം എടുക്കുക തന്നെ . - വാക്കില്‍ കൂടിയാണ്‍` അനേകം ആപത്തുകള്‍ വരുന്നത്‌. അതുകൊണ്ട്‌ ഇനിമേലില്‍ താന്‍ മൗനം ആചരിക്കുവാന്‍ പോകുന്നു. - പോരാ ശ്വാസം കഴിച്ചാലല്ലെ വര്‍ത്തമാന്‍ പരയുവാന്‍ സാധിക്കൂ. അതുപോലും ഒഴിവാക്കുന്നു.

നൂറു കൊല്ലം ശ്വാസം നിരോധിച്ച്‌ തപസ്സു ചെയ്യുവാന്‍ തീരുമാനിച്ചു.
"അഥവാ നോഛ്വസിഷ്യാമി സംവത്സരശതാന്യപി--"

പിന്നീടതും മാറ്റി ബ്രാഹ്മണ്യം ലഭിക്കുന്നതുവരെ ശ്വാസം നിരോധിക്കുവാന്‍ തീരുമാനിച്ചു.

താവത്‌ യാവദ്ധി മേ പ്രാപ്തം ബ്രാഹ്മണ്യം തപസാര്‍ജ്ജിതം
അനിഛ്വസന്നഭുഞ്ജാനസ്തിഷ്ഠേയം ശാശ്വതീഃ സമാ"

ഇ തീരുമാനം കൈക്കൊണ്ട വിശ്വാമിത്രന്‍ ആ ദിക്കു വിട്ട്‌ കിഴക്കുദിക്കില്‍ പോയി ആയിരം കൊല്ലം കഠിനമായ തപസ്സു ചെയ്തു.

ആ തപസ്സിനവസാനം പാരണ വീടുവാന്‍ തുനിഞ്ഞ വിശ്വാമിത്രനെ പരീക്ഷിക്കുവാന്‍ വീണ്ടും എത്തി ദേവേന്ദ്രന്‍. ഇത്തവണ ഒരു ദ്വിജന്റെ രൂപത്തില്‍ ഭിക്ഷ യാചിക്കുവാനാണ്‌ എത്തിയത്‌. പാരണയ്ക്കുള്ള അന്നം ദേവെന്ദ്രനു നല്‍കി വിശ്വാമിത്രന്‍ തപസ്സ്‌ മുടക്കാതെ തുടര്‍ന്നു.
ആ തപസ്സ്‌ ആയിരം വര്‍ഷം തുടര്‍ന്നു.

ആ സമയത്ത്‌ ദേവകള്‍ ബ്രഹ്മാവിനടൂത്തെത്തി ഇപ്രകാരം പറഞ്ഞു " പലവിധത്തില്‍ വിശ്വാമിത്രനെ കാമമോഹിതനാക്കുവാനും , ക്രോധിപ്പിക്കുവാനും ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ അവന്‍ എല്ലാതരത്തിലും അതിനെ ഒക്കെ അതിജീവിച്ചിരിക്കുന്നു. ഇപ്പോള്‍ അവനില്‍ സൂക്ഷ്മമായ ഒരു ദോഷം പോലും കാണുവാനില്ല. അവന്‍ ബ്രാഹ്മണപദവിക്ക്‌ അര്‍ഹനായിരികുന്നു "

തുടര്‍ന്ന്‌ ബ്രഹ്മാവ്‌ ദേവഗണങ്ങളോടൂ കൂടി വിശ്വാമിത്രന്റെ അടുത്തു ചെന്ന്‌ ഇപ്രകാരം പരഞ്ഞു
"ബ്രഹ്മര്‍ഷേ സ്വാഗതം തേസ്തു തപസാ സ്മ സുതോഷിതാഃ
ബ്രാഹ്മണ്യം തപസോഗ്രേണ പ്രാപ്തവാനസി കൗശിക"

അല്ലയോ ബ്രഹ്മര്‍ഷി വിശ്വാമിത്ര അങ്ങേയ്ക്കു സ്വാഗതം. അങ്ങയുടെ ഉഗ്രമായ തപസ്സില്‍ ഞങ്ങള്‍ സന്തുഷ്ടരായി. അങ്ങ്‌ ബ്രാഹ്മണനായിരിക്കുന്നു.

അപ്പോള്‍ വിശ്വാമിത്രന്‌ ഒരു ആഗ്രഹം വസിഷ്ഠന്‍ കൂടി താന്‍ ബ്രാഹ്മണനായി എന്ന്‌ അംഗീകരിക്കണം.

"തതഃ പ്രസാദിതോ ദേവൈര്‍വസിഷ്ഠോ ജപതാം വരഃ
സഖ്യം ചകാര ബ്രഹ്മര്‍ഷിരേവമസ്ത്വിതി ചാബ്രവീത്‌"
ബ്രഹ്മര്‍ഷിസ്ത്വം ന സന്ദേഹ --"

വസിഷ്ഠനും മറ്റു ദേവതകളും എല്ലാം വിശ്വാമിത്രന്‍ ബ്രഹ്മര്‍ഷിയായതായി അംഗീകരിച്ചു.

അപ്പോള്‍ വിശ്വാമിത്രന്‍ ആദ്യം ചെയ്തതെന്താണെന്നു കേള്‍ക്കണ്ടേ?

ഞാന്‍ അക്ഷരശാസ്ത്രത്തിന്റെ ആദ്യത്തെ പോസ്റ്റില്‍ ഇക്കഥ എഴുതുവാനായാണ്‌ ഇതു തുടങ്ങിയതു തന്നെ. പിന്നെ എതിലേ ഒക്കെയോ പോയി അവസാനം ഇവിടെ തന്നെ എത്തി.

" വിശ്വാമിത്രസ്തു ധര്‍മ്മാത്മാ ലബ്ധ്വാ ബ്രാഹ്മണ്യമുത്തമം
പൂജയാമാസ ബ്രഹ്മര്‍ഷിം വസിഷ്ഠം ജപതാം വരം"

തന്റെ ശത്രുവായി ആദ്യം കണക്കാക്കിയിരുന്നതും , ആരെ തോല്‍പ്പിക്കുവാന്‍ വേണ്ടി ഇക്കണ്ട പാടെല്ലാം പെട്ടുവോ ആ വസിഷ്ഠനെ പൂജിച്ചു എന്ന്‌

ഇനി പറയൂ- ബ്രാഹ്മണന്‍ എന്നാല്‍ എന്താണ്‌ എത്ര ബ്രഹ്മണമാരെ നിങ്ങള്‍ കണ്ടിരിക്കുന്നു?
കാല്‍ ആരുടെ ഒക്കെ കഴുകിച്ചൂട്ടാം?

17 comments:

 1. ബ്രഹ്മര്‍ഷി, ബ്രാഹ്മണന്‍ ഈ പദങ്ങളൊക്കെ വാല്‌മീകി എന്തര്‍ത്ഥത്തിലാണുപയോഗിച്ചിരുന്നത്‌ എന്ന്‌ ഈ പരമ്പരയില്‍ കൂടി വ്യക്തമായിക്കാണുമെന്നു വിശ്വസിക്കുന്നു.

  ഇനി പറയൂ നിങ്ങള്‍ എത്ര ബ്രാഹ്മണരെ കണ്ടിട്ടുണ്ട്‌?

  ReplyDelete
 2. സത്യം പറഞ്ഞാല്‍ തപസ്സിന്റെയും തപസ്സിളക്കാന്‍ വരുന്നവരുടെയും കഥകള്‍ കേട്ടിട്ടൂണ്ടെന്നല്ലാതെ ഈ ഒരു വീക്ഷകകോണില്‍ ഇത്തരം ഒരു കഥ പരിചയപ്പെടുന്നത് ആദ്യമായിട്ടാണ്.

  നന്ദി പണിക്കരേട്ടാ.

  ReplyDelete
 3. വായിക്കുന്നുണ്ട്.
  അവസാനം അവിടെത്തന്നെ എത്തിയല്ലെ?
  :)

  ReplyDelete
 4. വൈരാഗ്യം വെറുപ്പ് ശത്രുത..
  ഇതൊക്കെ കീഴടക്കാനാകുന്ന മാനസീകനിലയിലേയ്ക്കുള്ള വളർച്ച
  അതികഠിനം!

  ReplyDelete
 5. വിശ്വാമിത്രന്റെ കഥ വായിച്ചപ്പോൾ തോന്നി,
  ഇന്നു ഞാൻ ആരെ എങ്കിലും “ അങ്ങ് ബ്രാഹ്മണനാണ്” എന്നെങ്ങാനും പറഞ്ഞാൽ എത്ര വലിയ തെറ്റായിരിക്കും ഞാൻ ചെയ്യുന്നത്!
  :)

  പുരാണങ്ങൾ വിശദമായി അവതരിപ്പിക്കുന്നതിനു ഒത്തിരി നന്ദി ഉണ്ട് കെട്ടോ!

  ReplyDelete
 6. വേദപണ്ഡിതരെ ആദരിക്കുക എന്നതാണു ഈ ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നതു.വേദപണ്ഡിതനെ താനു ആദരിക്കുന്നു എന്നു കൃഷ്ണൻ.
  ഗുരുവായൂരിൽ നടന്ന് ആ ചടങ്ങിൽ ആദരിക്കപ്പെട്ട 101 പേരിൽ 63 പേരെയും എനിക്കു നേരിട്ടല്ലെങ്കിലും അറിയാം;തങ്ങൾക്കാവുന്നവിധം വേദവിധിക്കനുസരിച്ചുജീവിക്കുന്നവരാണവരൊക്കെ.വേദാറ്ത്ഥ്ം മെറ്റാഫിസിക്സായി പറയാനെന്നല്ല, ഇംഗ്ലീഷു ഒരുവാചകം പോലും പറയാനറിയില്ലെങ്കിലും,ഗോറിയും ഗസ്നിയും തൈമൂറും അറങസീബും അക്ബറും,ടിപ്പുവും,മെക്കാളയും നെഃറുവും മുതൽ ഈ എം എസ്സും പീണറായിയും വരെയുള്ളവർ ഭരണകൂടത്തെയും സൈന്യത്തെയും സങ്ഘടനകളേയും ഉപയോഗിച്ചു നശിപ്പിക്കാൻ ശ്രമിച്ചിട്ടുംമരിക്കാതിരുന്ന വൈദികസംസ്കൃതിയെ ശുദ്ധാചാരങ്ങളിലൂടെ തങ്ങളൂടെ ജീവിതത്തിൽ നിലനിർത്തുന്നവരാണവരൊക്കെ.
  ബാക്കി മുപ്പത്തേഴുപേർ ആരെന്നു എനിക്കറിയില്ല; പക്ഷേ അറിയാത്തവരെപ്പറ്റി അവറ് പഴുത്ത ചട്ടുകത്തിനറ്ഹരാണെന്നു പറയാൻ എന്റെ സംസ്കാ‍ാരം സമ്മതിക്കുന്നില്ല.ഈ ബ്ലോഗിൽ അങ്ങനെ പലരും അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും അവരുടെയ്യും സംസ്കാരം അതിന്നനുവദിച്ചിട്ടില്ലെന്നുതന്നെ ഞാൻ കരുതുന്നു. മറ്റെന്ത്തിനോടോ അവറ്ക്കുള്ള രോഷം, പ്രകടിപ്പിക്കാനുള്ള എന്തോപരിമിതി മൂലം സാധുബ്രാഹ്മണറ്ക്കു നേറ്ക്കു കാണിച്ചതാവാനേ വഴിയുള്ളൂ;അതിശക്തനായഅറ്ജുനന്റെ നേറ്ക്കു പറ്റില്ലെങ്കിൽ സ്വതവെ അബലയും പോരെങ്കിൽ ഗറ്ഭിണിയുമായ പുത്രഭാര്യയുടെ നേറ്കാവട്ടെ തന്റ് ബ്രഹ്മാസ്ത്രമെന്നു അശ്വത്ഥാമാവ് നിശ്ചയിച്ചതുപോലെയേഉള്ളൂ അത്.

  എന്റെയും പരിമിതി എനിക്കറിയാം.ബാല്യകൌമാരങ്ങളും യുവത്വത്തിന്റെ ആദ്യഭാഗവും ഈശ്വരനിഷേധത്തിന്റേയും കമ്മൂണിസത്തിന്റേയും ഒപ്പം കഴിച്ചശേഷം ഈയടുത്തകാലം ജനവും പണവും വരവുണ്ടെന്നു കണ്ടപ്പോൾ ഒരു പൂണൂലെടുത്തിട്ട് ശ്രീകോവിലിൽ കയറിയ ചിലരെ എനിക്കറിയാം.അങ്ങനെ ആരെങ്കിലും സുധാകരന്റെയോ രവീന്ദ്രന്റെയോ പിൻബലത്തിൽ കയറിക്കൂടിയിട്ടുണ്ടാവാനുള്ള സാദ്ധ്യത-ഗുരുവായൂരിലതു പ്രയാസമാണെങ്കിലും‌- ഞാൻ തള്ളിക്കളയുന്നില്ല.അവറ് പക്ഷേ അപവാദങ്ങളാണു; അവയെ സാമാന്യവൾക്കരിച്ചു വാദത്തിനുപയോഗിക്കുന്നതു ന്യായമല്ല.

  ReplyDelete
 7. "വേദപണ്ഡിതരെ ആദരിക്കുക എന്നതാണു ഈ ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നതു.വേദപണ്ഡിതനെ താനു ആദരിക്കുന്നു എന്നു കൃഷ്ണൻ."

  "വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
  ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദര്‍ശിനഃ"
  പണ്ഡിതന്‍ എന്ന ശബ്ദത്തിന്‌ ശ്രീകൃഷ്ണഭഗവാന്‍ ഭഗവത്‌ ഗീതയില്‍ കൊടുത്തിരിക്കൂന്ന അര്‍ത്ഥം ഇതാണ്‌.

  ഭഗവാന്‍ മാത്രമല്ല ഈ ഞാനും 'അങ്ങനെയുള്ള' പണ്ഡിതരെ ബഹുമാനിക്കുകയല്ല വാഴ്ത്തുക തന്നെ ചെയ്യും.

  ReplyDelete
 8. മധുരാജ്‌ ജി,

  ഗുരുവായൂരിലെ കാല്‍കഴുകിച്ചൂട്ട്‌ അല്ല ഈ ബ്ലോഗിന്റെ വിഷയം. അത്‌ പ്രാസംഗികമായി എങ്ങനെയോ വന്നു കൂടിയതാണ്‌.

  എന്റെ ആദ്യത്തെ പോസ്റ്റ്‌ 2006 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ചത്‌ വായിക്കുക.

  ഹൈന്ദധര്‍മ്മം എന്താണെന്നത്‌ തിരിച്ചറിയാതെ അതിനെതിരെ പടപൊരുതുന്നതു കാണുമ്പോള്‍ യാഥാര്‍ഥ്യം ഒന്നു വെളിവാക്കണം എന്നു തോന്നി. അത്രമാത്രം

  ReplyDelete
 9. ഡോക്റ്റര്‍ജി, ഇതെല്ലാം വായിയ്ക്കണമെന്നുണ്ട്‌. പക്ഷേ പറ്റുന്നില്ല... ജീവിതത്തിരക്കുകള്‍ തന്നെ കാരണം... ആ... ഇതൊക്കെ അവിടത്തന്നെ കാണുമല്ലൊ! യോഗമുണ്ടെങ്കില്‍ വയസ്സുകാലത്ത്‌ വായിയ്ക്കാം. അല്ലേ?

  ReplyDelete
 10. ഇതെല്ലാം കഴിഞ്ഞിട്ടും രാമലക്ഷ്മണന്മാരെ കൊണ്ടുപോയി പിന്നെയും യാഗം കഴിച്ചത് എന്തിനായിരുന്നു? അതുകഴിഞ്ഞ് വരമൊന്നും കിട്ടിയതായി രാമായണ്ത്തില്‍ പറയുന്നില്ല എന്നു തോന്നുന്നു.

  ReplyDelete
 11. പിന്നീട്‌ ചെയ്യുന്നത്‌ സ്വാര്‍ത്ഥലാഭത്തിനുള്ള യാഗങ്ങള്‍ എന്നു പറയുന്നില്ലല്ലൊ.
  പഞ്ചയജ്ഞങ്ങള്‍, നിത്യവും അനുഷ്ഠിക്കുന്നവ. അതിനു വിഘ്നം വരുത്തുന്നു മാരീചസുബാഹുക്കള്‍.

  അവരെ നേരിടുവാന്‍ വിശ്വാമിത്രന്‌ വെറും ഒരു ഹുംകാരം മാത്രം മതി അത്രേ അല്ലാതെ ഒന്നിന്റെയും ആവശ്യമില്ല. എന്നാല്‍ പോലും
  "ക്രോധം ചെയ്യുവാന്‍ എനിക്കാവില്ല " എന്നു കാരണം പറഞ്ഞ്‌, രാമനെ കൂടെ അയയ്ക്കുവാന്‍ വേണ്ടി രാജാവിനോട്‌ അപേക്ഷിക്കുന്നു. ദശരഥന്‍ ഏതു പരമ്പരയിലെ രാജാവാണോ അതേ പരമ്പരയിലെ ത്രിശങ്കുവിനേ ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തിക്കുകയും , ദേവേന്ദ്രന്‍ അതു ഠടഞ്ഞപ്പോള്‍ മറ്റൊരു സ്വര്‍ഗ്ഗവും നക്ഷത്രമണ്ഡലങ്ങളും സൃഷ്ടിക്കുവാന്‍ ശക്തനായ വിശ്വാമിത്രന്‍.

  വ്യത്യാസ മാണ്‌ നമുക്കു പകര്‍ന്നു തരുന്ന സന്ദേശം എന്നാണ്‌ ഞാന്‍ പറയുന്നത്‌

  ReplyDelete
 12. ‘യോഗി’എന്ന സ്റ്റാറ്റസ്‘സംയമം’എന്ന വാക്കിൽനിന്നാകുമോ കിട്ടിയത്?

  ReplyDelete
 13. "യുജ്‌ സമാധൗ" എന്ന ധാതുവില്‍ നിന്നാണ്‌ യോഗം എന്ന ശബ്ദത്തിന്റെ നിഷ്പത്തി.
  യോഗം ഉള്ളവന്‍ യോഗി.

  സമയായ ധീ = തനിക്കു ചുറ്റുമുള്ളവയും താനും തമ്മില്‍ വ്യത്യാസമില്ലാ, എല്ലാം ഒന്നാണെന്നുള്ള അറിവാണ്‌ സമയായ ബുദ്ധി. അതില്ലാത്തത്‌ വിഷമയായ ബുദ്ധി

  ReplyDelete
 14. വളരെ വളരെ നന്ദി

  ReplyDelete
 15. വിശദീകരണത്തിൻ വളരെ നന്ദിട്ടൊ മാഷേ.

  ReplyDelete
 16. വിഷയവുമായി ബന്ധമില്ലാത്ത കാര്യമാണ്.. orkut/ gmail id onnum കണ്ടില്ല. അതാണ് ഇതില്‍ ചോദിക്കുന്നത്. “നാവനീതകം” വായിച്ചിട്ടുണ്ടോ? 1912 ല്‍ കല്‍ക്കട്ടയില്‍ നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നറിയുന്നു. ഇതിന്റെ അധ്യായഘടന/വിഷയ്ങ്ങള്‍ എന്നിവയെപ്പെറ്റി ഒരു വിവരണം തരാന്‍ സാധിക്കുമോ? ഒരു presentation നു വേണ്ടിയാണ്. സ്നേഹപൂര്‍വം ഋഷി

  ReplyDelete
 17. ഋഷി ജീ സോറി, വായിച്ചിട്ടില്ല
  എന്നല്ല ആദ്യമായി കേള്‍ക്കുന്നു.

  ReplyDelete