Thursday, September 11, 2008

വിശ്വാമിത്രന്റെ കഥ - 1

വസിഷ്ഠന്റെ ആശ്രമത്തിലെത്തിയ വിശ്വാമിത്രന്‍

കാമധേനു എന്ന പശുവിന്റെ പ്രഭാവം കണ്ട്‌ അതില്‍ ആകൃഷ്ടനായി അതിനെ തനിക്കു നല്‍കുവാന്‍ വസിഷ്ഠനോട്‌ അപേക്ഷിച്ചു. എന്നാല്‍ തന്റെ യജ്ഞപ്പശു ആയതിനാല്‍ അതിനെ തരാന്‍ സാധിക്കില്ല എന്ന്‌ വസിഷ്ഠന്‍ പറഞ്ഞു. അപ്പോള്‍ താനാണ്‌ ഈ രാജ്യത്തിന്റെ രാജാവ്‌ , ഈ രാജ്യത്തിലെ സ്വത്തെല്ലാം തനിക്ക്‌ അവകാശപ്പെട്ടതാണ്‌ അതുകൊണ്ട്‌ അതിനെ താന്‍ ബലമായി കൊണ്ടുപോകും എന്ന്‌ ആയി വിശ്വാമിത്രന്‍.

അതിന്‌ വസിഷ്ഠന്‍ ഉത്തരമൊന്നും കൊടുക്കുന്നില്ല . കാരണം തന്റെ അനുജ്ഞ അവിടെ ആവശ്യപ്പെടൂന്നില്ല, രാജാവ്‌ സ്വയം ഒരു തീരുമാനം എടുത്തിരിക്കുകയാണ്‌.

വിശ്വാമിത്രന്‍ തന്റെ ഭടന്മാരെ വിളിച്ച്‌ പശുവിനെ പിടിച്ചു കൊണ്ടുവരുവാന്‍ ആവശ്യപ്പെടുന്നു. ഭടന്മാര്‍ അനുസരിക്കുന്നു. എന്നാല്‍ കാമധേനു അവരുടെ പിടിവിടുവിച്ച്‌ വസിഷ്ഠന്റെ അടുത്ത്‌ ഓടി എത്തി.
"കിം മയാപകൃതം തസ്യ മഹര്‍ഷേര്‍ഭാവിതാത്മനഃ" താന്‍ എന്ത്‌ അപരാധമാണ്‌ വസിഷ്ഠനോട്‌ ചെയ്തതുപോലും എന്തു ചിന്തിച്ച അവള്‍
എന്നിട്ടു ചോദിക്കുകയാണ്‌ " ഞാന്‍ ഇതുവരെ അങ്ങേയ്ക്ക്‌ അഹിതമായി ഒന്നും ചെയ്തിട്ടില്ല, പിന്നെ എന്തിനാണ്‌ എന്നെ അങ്ങ്‌ ത്യജിക്കുന്നത്‌ " എന്ന്‌.
"

ഭഗവന്‍ കിം പരിത്യക്താ ത്വയാഹം ബ്രഹ്മണഃ സുത
യസ്മാത്‌ രാജഭടാ മാം ഹി നയന്തേ ത്വല്‍സകാശതഃ"

അതിന്‌ വസിഷ്ഠന്‍ കൊടുക്കുന്ന മറുപടി - "ഞാന്‍ നിന്നെ ത്യജിച്ചിട്ടില്ല, എനിക്കു നിന്നെ ഇഷ്ടമാണുതാനും. പക്ഷെ ഇവിടെ രാജാവ്‌ നിന്നെ ബലമായി കൊണ്ടു പോകുകയാണ്‌. ഈ ഭൂമിക്കുടയവനായ രാജാവ്‌ ചെയ്യുന്ന അതിനെ എതിര്‍ക്കുവാന്‍ ഞാന്‍ ആളല്ല.

എന്നാല്‍ രാജാവിനൊപ്പം പോകുവാന്‍ ഇഷ്ടമില്ലാത്ത കാമധേനു , തന്റെ രക്ഷ സ്വയം ചെയ്യുവാനുള്ള അനുജ്ഞ വസിഷ്ഠനോട്‌ ചോദികുന്നു. വസിഷ്ഠന്‍ സമ്മതം മൂളുന്നു.

തുടര്‍ന്ന്‌ കാമധേനുവിന്റെ അക്രമത്തില്‍ വിശ്വാമിത്രന്‍ റ്റെ സകലസൈന്യവും നശിക്കുന്നു. വിശ്വാമിത്രന്‍ തോല്‍ക്കുന്നു.

ഈ സംഭവത്തിനു ശേഷം വിശ്വാമിത്രന്‍ ആദ്യം തീരുമാനിക്കുന്നത്‌ തപസ്സു ചെയ്ത്‌ അജയ്യമായ ശക്തി നേടി വസിഷ്ഠനെ തോല്‍പ്പിച്ച ശേഷം കാമധേനുവിനെ കയ്ക്കലാക്കണം എന്നാണ്‌.

കാമവും , ക്രോധവും , ലോഭവും , മോഹവും എന്നു വേണ്ട എന്തൊക്കെ മാനുഷികവികാരങ്ങളുണ്ടൊ അവയുടെ എല്ലാം വിളനിലമായ ഒരു രാജസ പുരുഷന്‍. ക്ഷത്രിയന്‍.

അദ്ദേഹം തപസ്സു ചെയ്യുന്നു. അനേകകാലം തപസ്സു ചെയ്ത്‌ അവസാനം പരമശിവന്‍ പ്രത്യക്ഷപ്പെടുന്നു. ചോദിക്കുന്ന വരം കേള്‍ക്കൂ-

'യദി തുഷ്ടോ മഹാദേവ ധനുര്‍വേദോ മമാനഘ
സാംഗോപാംഗോപനിഷദോ സരഹസ്യ പ്രദീയതാം

യാനി ദേവേഷു ശസ്ത്രാണി ദാനവേഷു മഹര്‍ഷിഷു
ഗന്ധര്‍വയക്ഷരക്ഷഃസ്സു പ്രതിഭാന്തു മമാനഘ"

അതേ അംഗോപാംഗസഹിതമായി സകലരഹസ്യങ്ങളും വെളിവാക്കിയ ധനുര്‍വേദം , ഈരേഴുപതിനാലു ലോകങ്ങളിലും ദേവഗന്ധര്‍വമഹര്‍ഷി യക്ഷരക്ഷസ്‌ ആദി കളിലും ഉള്ള സകലശസ്ത്രങ്ങളും എനിക്ക്‌ തരുമാറാകണം.

മോശമില്ല വിശ്വാമിത്രനറിയാത്തതായി ഒരു ശസ്ത്രം ഉണ്ടാകരുത്‌.

ശിവന്‍ അത്‌ അപ്പാടെ സമ്മതിച്ചു-

""ഏവംസ്ത്വിതി ദേവേശൊ വാക്യമുക്ത്വാ--" അങ്ങനെ ആകട്ടെ എന്ന്‌ ശിവന്‍ അനുഗ്രഹിച്ചു.

അവിടെ വര്‍ധിച്ച അഹംകാരത്തോടു കൂടിയ വിശ്വാമിത്രന്‍ വിചാരിച്ചത്‌ എന്താണ്‌-

വസിഷ്ഠന്റെ കാര്യം കട്ടപ്പൊഹ--
"വിവര്‍ധമാനോ വീര്യേണ സമുദ്ര ഇവ പര്‍വണി
ഹതം മേനേ തദാ രാമ വസിഷ്ഠമൃഷിസത്തമം"

എന്നാല്‍ വസിഷ്ഠന്റെ അടുത്തു ചെന്ന്‌ പയറ്റാവുന്ന പയറ്റൊക്കെ പയറ്റി കഴിനുനോക്കുമ്പോഴും വസിഷ്ഠന്‍ അതുപോലെയുണ്ട്‌. വിശ്വാമിത്രന്റെ ആയുധങ്ങളെല്ലാം കഴിയുകയും ചെയ്തു.

അന്നേരം വിശ്വാമിത്രനു മനസ്സിലാകുന്നു - ക്ഷത്രബലം എന്നത്‌ ഒരിക്കലും ശക്തമല്ല- ബ്രഹ്മബലം ആണ്‌ യഥാര്‍ത്ഥബലം. അതു നേടണം.

പക്ഷെ എന്തിനു വേണ്ടി? - വസിഷ്ഠനെ തോല്‍പ്പിക്കുവാന്‍. ഈ ചിന്താഗതിയാണ്‌ വിശ്വാമിത്രന്റെ തപസ്സു കഴിഞ്ഞപ്പോള്‍ രാജര്‍ഷി എന്ന പദവി മാത്രം ആദ്യം നല്‍കുവാന്‍ കാരണം

"ധിഗ്‌ ബലം ക്ഷത്രിയബലം ബ്രഹ്മതേജോബലം ബലം
ഏകേനബ്രഹ്മദണ്ഡേന സര്‍വാസ്ത്രാണി ഹതാനി മേ

തദേതത്‌ പ്രസമീക്ഷ്യാഹം പ്രസന്നേന്ദ്രിയമാനസഃ
തപോ മഹാന്‍ സമാസ്ഥാസ്യേ യദ്‌ വൈ ബ്രഹ്മത്വകാരണം"

നോക്കുക- ക്ഷത്രിയബലത്തെ അധിക്ഷേപിക്കുന്നു. ബ്രഹ്മബലമാണ്‌ ബലം എന്നും മനസ്സിലാക്കി. അതുകൊണ്ട്‌ താന്‍ പ്രസന്നമാനസനായി ബ്രഹ്മത്വപ്രാപ്തിക്കുവേണ്ടി തപസ്സു ചെയ്യുവാന്‍ പോകുന്നു എന്ന്‌.

അങ്ങനെ പറയുന്നു എങ്കിലും വസിഷ്ഠനോടുള്ള വൈരം ആണ്‌ മനസ്സില്‍ എന്നത്‌ അടുത്ത ശ്ലോകത്തില്‍ കാണാം
"തതഃ സംതപ്തഹൃദയഃ സ്മരന്നിഗ്രഹമാത്മനഃ
വിനിശ്വസ്യ വിനിശ്വസ്യ കൃതവൈരോ മഹാത്മനാ--"

"തന്റെ തോല്‌വിയെക്കുറിച്ച്‌ വിഷമിച്ച്‌ നിശ്വസിച്ചുകൊണ്ടും വസിഷ്ഠനോടുള്ള വൈരം വച്ചുപുലര്‍ത്തിക്കൊണ്ടും -- " പോയി തപസ്സു ചെയ്തു എന്ന്‌.

അങ്ങനെ ദക്ഷിണദിക്കില്‍ പോയി വളരെക്കാലം തപസ്സു ചെയ്തു.

ആയിരം കൊല്ലം കഠിനമായ തപസ്സു ചെയ്തുകഴിഞ്ഞപ്പോള്‍ ബ്രഹ്മാവ്‌ വന്ന്‌ നീ രാജര്‍ഷി ആയിരിക്കുന്നു എന്നനുഗ്രഹിച്ചു.

"പൂര്‍ണ്ണെ വര്‍ഷസഹസ്രേ തു ബ്രഹ്മാ ലോകപിതാമഹഃ
അബ്രവീന്മധുരം വാക്യം വിശ്വാമിത്രം തപോധനം
ജിതാ രാജര്‍ഷിലോകാസ്തേ തപസാ കുശികാത്മജ"

അതെ അല്ലയോ കൗശികി വിശ്വാമിത്രാ നീ ഇപ്പോള്‍ നിന്റെ കഠിനമായ തപസ്സു കൊണ്ട്‌ രാജര്‍ഷിലോകങ്ങളെ ജയിച്ചിരിക്കുന്നു.",

എന്നാല്‍ ഇതു കേട്ട വിശ്വാമിത്രന്‍ നാണിക്കുകയാണുണ്ടായത്‌ - കാരണം അദ്ദേഹം ബ്രാഹ്മണന്‍ ആകുവാനാണ്‌ തപസ്സു ചെയ്തത്‌. എന്നെ ദേവന്മാര്‍ രാജര്‍ഷി എന്നു വിളിച്ചത്‌ എന്റെ തപസ്സിന്റെ ശക്തിക്കുറവിനെ ആണ്‌ കാണിക്കുന്നത്‌ എന്നു സങ്കടത്തോടും ദ്വേഷ്യത്തോടും കൂടി പറഞ്ഞ്‌ വീണ്ടും തപസ്സു തുടരുന്നു.

"വിശ്വാമിത്രോപി തഛ്രുത്വാ ഹൃീ യാ കിഞ്ചിദവാങ്ങ്‌മുഖഃ
ദുഃഖേന മഹതാവിഷ്ടഃ സമന്യുരിദമബ്രവീത്‌
തപശ്ച സുമഹത്തപ്തം രാജര്‍ഷിരിതി മാം വിദുഃ
ദേവാഃ സര്‍ഷിഗണാഃ സര്‍വേ നാസ്തി മന്യേ തപഃ ഫലം"

മനുഷ്യന്‍ തപസ്സു ചെയ്യുന്നത്‌ കാമം, ക്രോധം ഇവയൊക്കെൂഴിവാക്കുവാനുള്ള ശക്തി ലഭിക്കുവാനാണ്‌. എന്നാല്‍ തപസ്സു കഴിഞ്ഞിട്ടും വിശ്വാമിത്രനില്‍ ഇവയെല്ലാം പൂര്‍വാധികം ഭംഗിയായി തന്നെ ഉണ്ട്‌. അതുകൊണ്ടാണ്‌ ഋഷി പോലും ആക്കാതിരുന്നത്‌ എന്നനുമാനിക്കുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു.

ഇനിയാണ്‌ കഥയില്‍ മറ്റൊരു രംഗം വരുന്നത്‌. തപസ്സു കൊണ്ട്‌ എന്താണുദ്ദേശിക്കുന്നത്‌?

ദൃഢനിശ്ചയത്തോടുകൂടി ഒരാള്‍ ഒരു പ്രത്യേകലക്ഷ്യം മുന്നില്‍ കണ്ട്‌ പ്രവര്‍ത്തിക്കുന്നു. തുടര്‍ച്ചയായി അങ്ങനെ പ്രവര്‍ത്തിച്ചാല്‍ ഫലം കണ്ടല്ലേ ഒക്കൂ?

ആ ഫലം അയാള്‍ക്ക്‌ ലഭിക്കണം എങ്കില്‍ സ്ഥിരപ്രയത്നം വേണം, ലക്ഷ്യബോധം വേണം. ഇടയ്ക്ക്‌ പ്രവൃത്തിയില്‍ വ്യത്യാസം വന്നാല്‍ ഗോവിന്ദാ

ഇതിനെ ആണ്‌ തപസ്സില്‍ വിഘ്നം വരുത്താനുള്ള പരീക്ഷണങ്ങള്‍ എന്നൊക്കെ പറയുന്നത്‌.

വിശ്വാമിത്രന്‍ ഇങ്ങനെ തപസ്സു ചെയ്ത്‌ ഒരുവിധം ഒക്കെ ശക്തനാകുമ്പോള്‍ ഇടയ്ക്കുള്ള ഒരു പരീക്ഷണമാണ്‌ ത്രിശങ്കുവിന്റെ സ്വര്‍ഗ്ഗം എന്ന കഥ
Next

2 comments:

  1. ഡോക്റ്റര്‍ജി, അങ്ങേയ്ക്കുള്ളതും ബ്രഹ്മബലം തന്നെ അല്ലേ?
    ഓണാശംസകള്‍!!!!!!!!!!!

    ReplyDelete
  2. കാമധേനു എന്ന കഥാപാത്രത്തിനൊരു നല്ല പെൺ വായനയ്ക്ക് സ്ക്കോപ്പുണ്ട് സാറേ.
    പിന്നെങ്ങാനുമാകട്ടെ..ഓണത്തിന്റെ ക്ഷീണം(ടിവിറിമോട്ട് കയ്യീന്ന് വെയ്ക്കാണ്ടേയ്..:))

    ReplyDelete