Saturday, September 27, 2008

കര്‍മ്മഫലം

ആത്യന്തികമായ ആത്മതത്വത്തെ കുറിയ്ക്കുന്ന ഭാഗത്ത്‌ ദര്‍ശനങ്ങള്‍ തമ്മില്‍ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും, നിലനില്‍ക്കുന്ന , നാം ഇന്ദ്രിയങ്ങള്‍ കൊണ്ടനുഭവിക്കുന്ന ജഗത്തിനെ പറ്റിയുള്ള വിവരണം വലിയ വ്യത്യാസമില്ല.

ആദ്യം ഒരു ദ്രവ്യം എന്ന അവസ്ഥയിലുള്ള , ഇന്ദ്രിയവേദ്യമായ ഒരു വസ്തു ഉണ്ടായിക്കഴിഞ്ഞാല്‍ അതിന്റെ ഭാവി എങ്ങനെ ആയിരിക്കും? അല്ലെങ്കില്‍ ആയിരിക്കാം?

ഇന്ദ്രിയവേദ്യമായ രൂപമാണ്‌ ഒരു വസ്തുവിന്റെ ശരീരം

ഏതൊരു വസ്തുവും അനുസ്യൂതമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ മുമ്പ്‌ മാങ്ങ പഴുക്കുന്ന ഒരു ഉദാഹരണം എഴുതിയിരുന്നു.

പച്ച മാങ്ങ കുറച്ചു ദിവസം വച്ചിരുന്നാല്‍ അത്‌ ക്രമേണ പഴുത്ത്‌ പഴുത്ത മാങ്ങയാകുന്നു. പുളിയുള്ള പച്ച നിറമുള്ള കടൂത്ത ദ്രവ്യം മധുരമുള്ള മഞ്ഞ നിറമുള്ള, മൃദുവായ ഒരു ദ്രവ്യമാകുന്നു.

ഒരേ ദിവസം തന്നെ അടുത്തടുത്ത സമയങ്ങളില്‍ നോക്കിയാല്‍ മങ്ങയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക്‌ വിഷയമല്ല - അവ നമുക്ക്‌ മനസ്സിലാകുന്നില്ല , എന്നാല്‍ സമയദൈര്‍ഘ്യം കൂടുന്നതിനനുസ്സരിച്ച്‌ വ്യത്യാസം മനസ്സിലാക്കത്തക്കവണ്ണം വെളിപ്പെടുന്നു.

ഇതിനര്‍ത്ഥം പരിണാമം എന്നത്‌ സൂഷ്മരൂപത്തില്‍ അനുനിമിഷം നടക്കുന്നു എന്നല്ലേ?

(ശരീരം എന്ന വാക്കിന്റെ നിഷ്പത്തി - "ശീര്യതെ ഇതി ശരീരം " = നശിക്കുന്നത്‌ ശരീരം- അനുനിമിഷം നശിക്കുന്നത്‌ എന്നര്‍ത്ഥം)

അതായത്‌ ഒരു നിമിഷത്തില്‍ നാം മനസ്സിലാക്കുന്ന വസ്തു അടുത്ത നിമിഷത്തില്‍ നമുക്കു മനസ്സിലാകുന്നില്ല എങ്കില്‍ കൂടി മുന്‍പിലത്തേതില്‍ നിന്നും വ്യത്യസ്ഥമാണ്‌ എന്ന്‌ അല്ലേ?

ക്രമമായി ഇങ്ങനെ പരിണാമം നടക്കുന്നതു കൊണ്ടാണ്‌ മാങ്ങ പഴുക്കുന്നത്‌ - അല്ലെങ്കില്‍ അതു പച്ചയായി തന്നെ ഇരുന്നേനേ അല്ലേ?

ഇതെ തത്വം തന്നെയാണ്‌ ഞാന്‍ സ്രോതസ്സിനെ കുറിച്ചെഴുതിയപ്പോഴും പറഞ്ഞത്‌. ഇതൊരു അനുസ്യൂതമായ ഒഴുക്കാണ്‌.

ഇനി ഈ ഒഴുക്കിന്റെ നിയന്താവ്‌ ആരാണ്‌?

അതായത്‌ ഈ ഒഴുക്കിനെ നിയന്ത്രിക്കുന്ന എന്തെങ്കിലും നിയമങ്ങള്‍ ഉണ്ടോ?

ഉണ്ടായിരിക്കണം.

ഇല്ലെങ്കിലോ?

മാങ്ങ പഴുക്കുമ്പോള്‍ പഴുത്ത ചക്ക ഉണ്ടായേക്കാം. അങ്ങനെ എന്തു കൊണ്ട്‌ സംഭവിക്കുന്നില്ല?

അതായത്‌ സധാരണഗതിയില്‍ ഒരു മാങ്ങ വച്ചിരുന്നാല്‍ അത്‌ ഇത്ര ദിവസത്തിനുള്ളില്‍ പഴുത്ത്‌ പഴുത്ത മാങ്ങയാകും എന്ന ഒരു നിയമം ഏതു മാങ്ങയ്ക്കും ഉണ്ട്‌. സാഹചര്യം അനുസരിച്ച്‌ അതിന്‌ അല്‍പസ്വല്‍പം വ്യത്യാസം വരാം

ഉദാഹരണത്തിന്‌ വയ്ക്കോല്‍ കൂട്ടി അതിനകത്തു വച്ചാലോ പുകച്ചാലോ പെട്ടെന്നു പഴുക്കും, ഫ്രിഡ്ജില്‍ വച്ചാല്‍ താമസിച്ചേ പഴുക്കൂ ഇത്യാദി - എന്നല്ലാതെ ഒരിക്കലും മാങ്ങ പഴുത്താല്‍ തേങ്ങയോ ചക്കയോ ഒന്നും ആവുകയില്ല. അത്‌ നിയമം ആണ്‌.

ഈ നിയമം മാങ്ങയ്ക്കു മാത്രമേ ഉള്ളോ?

അല്ല പ്രപഞ്ചത്തില്‍ ഉള്ള എല്ലാ വസ്തുക്കള്‍ക്കും ബാധകം ആണ്‌.

അപ്പോള്‍ പരിണാമം നിശ്ചിതം ആണ്‌. അതിന്റെ നിയമങ്ങളും നിശ്ചിതമാണ്‌ - സാഹചര്യത്തിന്‌ പങ്കുണ്ടെന്നു മാത്രം.

ആ നിശ്ചിതമായ പരിണാമത്തെ നമുക്ക്‌ നിയന്ത്രിക്കുവാന്‍ നമ്മുടെ കയ്യിലുള്ള ഒരേ ഒരായുധം ആണ്‌ നമ്മുടെ സാഹചര്യങ്ങളെ നിയന്ത്രിക്കുക്‌ ഏന്നത്‌ - ചുരുക്കത്തില്‍ നമ്മുടെ കര്‍മ്മങ്ങള്‍. നമ്മുടെ പരിണാമത്തെ നിയന്ത്രിക്കുന്നത്‌ നമ്മുടെ കര്‍മ്മങ്ങള്‍ ആയിരിക്കും എന്ന്‌ പൂര്‍വികര്‍ പറഞ്ഞു.

ആ വാക്കാണ്‌ കര്‍മ്മഫലം

22 comments:

  1. പരിണാമത്തെ എത്ര ലളിതമായി നിര്‍വചിച്ചിരിക്കുന്നു...അപ്പോള്‍ കര്‍മ്മങ്ങളിലൂടെ ഒരു പരിധി വരെയെങ്കിലും നമ്മളെന്താവണമെന്നു നിയന്ത്രിക്കാനാവുമെന്നല്ലേ പറയുന്നതു...

    ReplyDelete
  2. ചുരുക്കത്തില്‍ നമ്മുടെ കര്‍മ്മങ്ങള്‍. നമ്മുടെ പരിണാമത്തെ നിയന്ത്രിക്കുന്നത്‌ നമ്മുടെ കര്‍മ്മങ്ങള്‍ ആയിരിക്കും എന്ന്‌ പൂര്‍വികര്‍ പറഞ്ഞു.

    ഒന്നുകൂടി വിശദമാക്കാമോ?

    ഒരു വ്യക്തിയുടെ വിവിധ ദശകളുടെ പരിണാമമാണോ ഉദ്ദേശിക്കുന്നത്?

    ReplyDelete
  3. "ഒരു വ്യക്തിയുടെ വിവിധ ദശകളുടെ "
    പ്രിയ അനില്‍ ജീ,
    ഒരു വ്യക്തി എന്നത്‌ എപ്പോള്‍ തുടങ്ങി എപ്പോള്‍ അവസാനിക്കുന്നു?

    പ്രസവത്തില്‍ തുടങ്ങി മരണത്തിലോ?

    അങ്ങനെ വിശ്വസിക്കുന്നവര്‍ കര്‍മ്മഫലം എന്നു ഞാന്‍ എഴുതിയ ചിലഭാഗങ്ങളില്‍ ചില കമന്റുകള്‍ ഇട്ട്‌ രസിക്കുന്നത്‌ കാണുന്നു.

    താങ്കളുടെ അഭിപ്രായവും അറിഞ്ഞാല്‍ കൊള്ളാം.

    ReplyDelete
  4. പണിക്കര്‍സാര്‍,

    “അനില്‍“ എന്ന വ്യക്തി, ജനനത്തിനും മരണത്തിനുമിടയി ഉള്ള ഒരു കേവല രൂപമാണ്. അതിനപ്പുറം പറയാന്‍ എനിക്കറിവില്ല. നേരില്‍ ബോധ്യമിലാത്തകാര്യങ്ങളില്‍ അറിവുള്ളവര്‍ പറയുന്നതു കേള്‍ക്കുക, ബുദ്ധിക്ക് ഉള്‍ക്കൊള്ളാവുന്നതാണെങ്കില്‍ ഉള്‍ക്കൊള്ളുക, അതാണ് എന്റെ രീതി.

    ReplyDelete
  5. അനില്‍ ജീ,

    താങ്കള്‍ ജനിച്ചശേഷം അറിവു വച്ചതുമുതല്‍ താങ്കള്‍ക്കറിയാം താങ്കള്‍ അനിലാണെന്ന്‌. എന്നാല്‍ താങ്കളുടെ ശരീരത്തിലെ എല്ലാ കോശങ്ങളും എത്ര തവണ മാറി മറിഞ്ഞിട്ടുണ്ടായിരിക്കും?

    അപ്പോല്‍ ഭൗതികമായ ആ വസ്തുക്കളില്‍ നിന്നും വേറിട്ട എന്തോ ഒരു ബോധം ആയിരിക്കുകയില്ലേ ആ അനില്‍?

    ഇക്കാര്യം "അനുസ്മൃതേച്ച" എന്ന ഒരു സൂത്രത്തിന്റെ ഭാഷ്യത്തില്‍ ബ്രഹ്മസൂത്രകാരന്‍ വളരെ വിശദമായി പറയുന്നുണ്ട്‌.

    അതവിടെ നില്‍ക്കട്ടെ. അപ്പോള്‍ ഈ കോശസംഘാതമായ ശരീരം ഒരിക്കല്‍ ചലനം നിര്‍ത്തുകയും, വീണ്ടും ഒരിക്കല്‍ ഉണര്‍ന്നെണീക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ അനിലിന്‌ എന്തു സംഭവിച്ചു എന്നു കരുതും?

    ആ ബോധം അപ്രത്യക്ഷമാകുന്നോ അതോ ഇല്ലാതാകുന്നോ?

    ReplyDelete
  6. ഇന്ത്യാഹെറിറ്റേജ്

    കര്‍മ്മഫലം എന്നത് ഇന്ത്യന്‍ ദര്‍ശനത്തില്‍ വരുന്നത്, വര്‍ണ്ണാശ്രമവ്യവസ്ഥകളുടെ ഭാഗമായിട്ടാണ്. അത് വികാസം കൊള്ളുന്നതും അതേ നിലക്കുതന്നെയാണ്. മാത്രവുമല്ല, അതിനെ പരിണാവുമായി എവിടെയും ബന്ധിപ്പിക്കുന്നില്ല എന്നാണ് (എന്റെ)അറിവ്.
    ബോധം (അഹം ബോധം) എന്നത്, ആത്യന്തികമായി ശരീരത്തിനെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും,ശരീരഭിന്നമായ ഒരു അവസ്ഥ അതിനുണ്ട്. എങ്കിലും, ശരീരത്തിന്റെ നാശത്തോടെ അവസാനിക്കുന്ന ഒന്നാണത്.

    മറ്റൊന്ന്, ആദ്യം പച്ചയായിരിക്കുകയും, പിന്നെ പഴുക്കുകയും (സാഹചര്യങ്ങള്‍ക്കനുസരിച്ച്, സാവധാനത്തിലോ, അതിവേഗതയിലോ, ക്രമാനുഗതമായോ) ചെയ്യുന്ന മാങ്ങയുടെ ‘അനുസ്യൂതമായ ഒഴുക്ക്’ ബോധപൂര്‍വ്വമാ‍ണോ?

    അനിലിന്റെ കോശസംഘാതമായ ശരീരം ഒരിക്കല്‍ ചലനം നിര്‍ത്തുകയും, വീണ്ടും ഒരിക്കല്‍ ഉണര്‍ന്നെണീക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ (അങ്ങിനെയൊന്നും അടുത്തകാലത്തൊന്നും സംഭവിക്കാതിരിക്കട്ടെ)യുണ്ടാകുമ്പോള്‍, അനിലിന്റെ ബോധം അപ്രത്യക്ഷമാകുന്നോ അതോ ഇല്ലാതാകുന്നോ? താങ്കളില്‍നിന്നുതന്നെ അറിഞ്ഞാല്‍കൊള്ളാമെന്നുണ്ട്.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  7. പണിക്കര്‍സാര്‍,

    എന്റെ അറിവിന്റെ തലം വിട്ട വിഷയമാണിത്. താങ്കള്‍ പറയൂ , ശ്രദ്ധിക്കുന്നുണ്ട്.

    ReplyDelete
  8. "എങ്കിലും,ശരീരഭിന്നമായ ഒരു അവസ്ഥ അതിനുണ്ട്. എങ്കിലും, ശരീരത്തിന്റെ നാശത്തോടെ അവസാനിക്കുന്ന ഒന്നാണത്.
    "
    പ്രിയ രാജീവ്‌ ഈ വാചകം ഒന്നു വിശദീകരിക്കാമോ? (ശരീരഭിന്നമായ ഒരു അവസ്ഥ അതിനുണ്ട്.--is this equal to ബോധവും ശരീരവും വേറെ വേറെ ആണ്‌- )ശരീരമില്ലാതെ ഒരസ്തിത്വം ബോധത്തിനുണ്ടോ?
    അങ്ങിനെ എങ്കില്‍ ശരീരം നശിക്കുമ്പോള്‍ അതെങ്ങനെ നശിക്കുന്നു?

    ReplyDelete
  9. പ്രിയ രാജീവ്‌,

    പ്രപഞ്ചത്തിന്റെ ഏറ്റവും അടിസ്ഥാനമായ തത്വം - അത്‌ ദ്രവ്യം( മാറ്റര്‍) ആണോ അതോ ഊര്‍ജ്ജമാണൊ എന്ന ഒരു ചോദ്യം.

    ഊര്‍ജ്ജം ആണെങ്കില്‍ അത്‌ എന്നത്‌ സ്വയം പ്രവര്‍ത്തിക്കുന്നത്‌ ആണോ എന്ന മറ്റൊരു ചോദ്യം.

    സ്വയം പ്രവര്‍ത്തിക്കുന്നത്‌ ആണെങ്കില്‍ ആ പ്രവര്‍ത്തനം നിയന്ത്രിതമാണോ അനിയന്ത്രിതമാണോ എന്ന അടുത്ത ചോദ്യം.

    നിയന്ത്രിതം ആണെങ്കില്‍ സ്വയം നിയന്ത്രിക്കുന്ന അത്‌ - അതിനെ അല്ലേ ബോധം എന്നു പറയുന്നത്‌? എന്ന്‌ അടുത്ത ചോദ്യം

    അങ്ങനെ ആണെങ്കില്‍ അത്‌ അനുസ്യൂതം തന്നെ അല്ലേ എന്ന എന്റെ സങ്കല്‍പം.

    നിങ്ങളുടെ വീക്ഷണം പ്രതീക്ഷിക്കുന്നു.
    നന്ദി

    ReplyDelete
  10. ശ്രീ രാജീവിന്റെ മറുപടിയൊന്നും ഇതുവരെ കണ്ടില്ല.

    ഞാന്‍ പറഞ്ഞ ബോധം എന്ന തത്വത്തെ തന്നെ ആണ്‌ ഭഗവാന്‍ കൃഷ്ണന്‍ ഈശ്വരന്‍ എന്ന ശബ്ദം കൊണ്ട്‌ വ്യവഹരിക്കുന്നത്‌.

    ഭഗവത്‌ ഗീത 18-61 നോക്കുക
    "ഈശ്വരഃ സര്‍വഭൂതാനാം ഹൃദ്ദേശേ ര്‍ ജ്ജുന തിഷ്ഠതി
    ഭ്രാമയന്‍ സര്‍വഭൂതാനി യന്ത്രാരൂഢാനി മായയാ"

    ഭൂതങ്ങളായ - (ഉണ്ടായ ) എല്ലാറ്റിന്റെയും ഹൃദയഭാഗത്ത്‌ കേന്ദ്രഭാഗത്ത്‌ , അവയെ ചലിപ്പിച്ചുകൊണ്ട്‌ ഈശ്വരന്‍ സ്ഥിതി ചെയ്യുന്നു എന്ന്‌

    ആ ചാലകശക്തി - ആ ബോധം അത്‌ അനശ്വരമാണ്‌ . അതേയുള്ളു നിത്യമായ ഒരു തത്വം.

    ഉണ്ടായ യാതൊരു വസ്തുവും പരിണമിച്ച്‌ മറ്റൊരു വസ്തു ആകുമ്പോഴും അതിന്റെയും ഹൃദയഭാഗത്ത്‌ ആ ഈശ്വരന്‍ ഉണ്ടായിരിക്കും എന്ന്‌

    ഇനി ഉണ്ടായ ഏതെങ്കിലും ഒരു വസ്തു ആത്യന്തികമായി അങ്ങ്‌ ഇല്ലാതെ പോകുകയാണെങ്കില്‍ കാര്യം സരി. പക്ഷെ അതുണ്ടാകുന്നില്ലല്ലൊ, അതിന്‌ രൂപാന്തരം മാത്രമല്ലേ സംഭവിക്കൂ

    ReplyDelete
  11. തുടര്‍ന്നും മറുപടി ഒന്നും കാണുന്നില്ല.

    ഛാന്ദോഗ്യോപനിഷത്തിലെ ഒരുവാക്യം കൂടി പറയാം.

    " സ യ ഏഷോണിമൈ തദാത്മ്യമിദം സര്‍വം സത്‌ സത്യം സാത്മാ തത്വമസി ശ്വേതകേതോ" (ഛാന്ദോ 6-14-13)

    അര്‍ഥം "അവന്‍ ഈ അണുസ്വരൂപനായിരിക്കുന്ന ജീവനാകുന്നു. ഈ കാണപ്പെടുന്ന സര്‍വവും ഇവന്റെ സ്വരൂപം തന്നെ അവന്‍ എല്ലാറ്റിലും ആത്മാവായിരിക്കുന്നു. ഹേ ശ്വേതകേതു ആ ബ്രഹ്മസ്വരൂപമായ ആത്മാവു തന്നെ നീ"


    എങ്കില്‍ അനിലിന്റെ ഉദാഹരണം വച്ചു പറഞ്ഞാല്‍ "അനില്‍" എന്നു വ്യവഹരിക്കുന്നത്‌ അവന്‍ തന്നെ.

    അവന്‍ അനശ്വരനാണ്‌ എന്ന്.

    ReplyDelete
  12. പ്രിയപ്പെട്ട ശ്രീ പണിക്കര്‍,

    വിശദമായ ഒരു ചര്‍ച്ചക്ക് നിര്‍ഭാഗ്യവശാല്‍ സമയം അനുവദിക്കുന്നില്ല. അതുകൊണ്ട് തീരുന്ന വിഷയവുമല്ല ഇത് എന്ന് ബോദ്ധ്യവുമുണ്ടല്ലോ.

    ശരീരത്തിന്റെ ഭാഗമായി നിലനില്‍ക്കുമ്പോഴും അതില്‍നിന്ന് വിഭിന്നമായ ഒരു അസ്തിത്വം ബോധത്തിനുണ്ട്. ബോധവും ശരീരവും വേറെ വേറെ ആണെങ്കിലും ശരീരം നിലനില്‍ക്കുന്നതുവരെ മാത്രമേ അതിനു നിലനില്‍പ്പുള്ളു. ശരീരസംബന്ധിയായ ഒന്നാണ് അതെന്ന് വിവക്ഷ. ഞാന്‍ എന്ന തിരിച്ചറിവ് (അഥവാ, അഹം ബോധം എന്നത് ഈ പ്രജ്ഞയുടെ നിരവധി ക്രിയകളില്‍ ഒന്നു മാത്രമാണ്).

    ഓരോ കര്‍മ്മത്തിനും അതിന്റേതായ ഫലമുണ്ട്. ആ നിലക്ക് കര്‍മ്മഫലം എന്ന് പറയുന്നതില്‍ സാംഗത്യം ഉണ്ടെന്നും വരാം. എങ്കിലും, കര്‍മ്മഫലത്തെ, ഭാരതീയദര്‍ശനങ്ങളില്‍(അഥവാ, അതിന്റെ വ്യാഖ്യാനങ്ങളില്‍) ആ നിലക്കല്ല വിവക്ഷിച്ചിട്ടുള്ളത്. വാസന, പൂര്‍വ്വ(ജന്മ)ഫലം എന്ന്നൊക്കെയുള്ള രീതിയിലും അതിനെ പലരും നിര്‍വ്വചിച്ചിട്ടുണ്ട്. ഭാരതീയദര്‍ശനങ്ങളില്‍ പലതും അമൂര്‍ത്തമായ ആശയങ്ങളായിരുന്നു. ഏറ്റവും നല്ല്ല ഉദാഹരണം ബ്രഹ്മം തന്നെ. അറിയാത്ത,വിശദീകരിക്കാന്‍ കഴിയാത്ത എല്ലാറ്റിനെയും ഒറ്റ ബ്രഹ്മത്തില്‍ ഒതുക്കിയ അന്ത ഹന്തക്ക്, എന്തു പട്ടു കൊടുത്താലും മതിയാകില്ല. മൂഢാവസ്ഥയില്‍ കഴിയുന്നവരെ പരബ്രഹ്മം എന്നു വിളിക്കുന്നത് വെറുതെയല്ല്ലെന്നും തോന്നുന്നു. അതു പോട്ടെ, പറഞ്ഞുവന്നത്, അന്നത്തെ കാലഘട്ടത്തിലെ പരിമിതമായ അറിവിനെ അടിസ്ഥാനപ്പെടുത്തി എഴുതപ്പെട്ട ദര്‍ശനങ്ങളായിരുന്നു ആ ദര്‍ശനങ്ങള്‍ എന്നാണ്.(ഇതിനെക്കുറിച്ചും വാദങ്ങള്‍ ഉയര്‍ന്നുവരാനിടയുണ്ട് എന്നറിയാം). എങ്കിലും ആ ദര്‍ശനങ്ങളെ വ്യാഖ്യാനിച്ചവര്‍ (ശ്രീശങ്കരന്‍ വരെ നീളുന്ന ആ വലിയ നിര) അവയെ പല രീതിയിലും വളച്ചൊടിച്ചിട്ടുണ്ട്. ഏറ്റവും സമീപകാല ഉദാഹരണം, നമ്പൂതിരിമാര്‍ അനുഷ്ഠിക്കേണ്ട 74 കര്‍മ്മങ്ങളെക്കുറിച്ചുള്ള ശങ്കരാചാര്യരുടെ മാര്‍ഗ്ഗരേഖകള്‍.

    ഇനി, പ്രപഞ്ചം ഊര്‍ജ്ജമാണോ ദ്രവ്യമാണോ എന്നൊക്കെയുള്ളത്, ഈ വിഷയവുമായി (കര്‍മ്മഫലവുമായി)ബന്ധപ്പെട്ടതല്ലെന്നു കരുതുന്നു. ശരീരത്തിന്റെയും ബോധത്തിന്റെയും കാര്യം പറഞ്ഞതുപോലെയാണ് ഏറെക്കുറെ പ്രപഞ്ചത്തിന്റെയും സ്ഥിതി. ഒരേ സമയം ദ്രവ്യ-ഊര്‍ജ്ജസ്വഭാവമുള്ളതാണ് അത്.

    ഊര്‍ജ്ജമാണെങ്കില്‍....എന്നു തുടങ്ങുന്ന താങ്കളുടെ ആ ഹൈപ്പോത്തീസിസിനെക്കുറിച്ചും, അനുസ്യൂതം വരെയെത്തിയ ആ (i)llogical construction-നെക്കുറിച്ചും എനിക്ക് ഒന്നും പിടികിട്ടിയതുമില്ല.

    അഭിവാദ്യങ്ങളോടെ

    OT: ഇവിടെ നെറ്റ് രണ്ടുദിവസമായി അല്‍പ്പം വികൃതി കാട്ടുന്നു. അതുകൊണ്ടാണ് മറുപടി വൈകിയത്.ക്ഷമിക്കുമല്ലൊ.

    ReplyDelete
  13. നന്ദി ,രാജീവ്‌ അഭിപ്രായം തുറന്നു പറഞ്ഞതിന്‌ എല്ലാം എല്ലാവര്‍ക്കും മനസ്സിലാവില്ലല്ലൊ. അതു ലോകനിയമം.

    ReplyDelete
  14. വായിക്കുന്നുണ്ട്.മനസ്സിലായോ എന്നാണാലോചിക്കുന്നതു.

    ReplyDelete
  15. നിന്ദിക്കാൻ വേണ്ടി മാത്രം ഒരാൾ കമന്റിട്ടതുകൊണ്ടാണോ രാജീവിന്റെ അഭിപ്രായങ്ങൾക്ക് ആരും മറുപടിയൊന്നും പറയാത്തത്‌.

    Rajeev : ശരീരത്തിന്റെ ഭാഗമായി നിലനില്‍ക്കുമ്പോഴും അതില്‍നിന്ന് വിഭിന്നമായ ഒരു അസ്തിത്വം ബോധത്തിനുണ്ട്. ബോധവും ശരീരവും വേറെ വേറെ ആണെങ്കിലും ശരീരം നിലനില്‍ക്കുന്നതുവരെ മാത്രമേ അതിനു നിലനില്‍പ്പുള്ളു.

    ഇവിടെ എനിയ്ക്ക് ഒരു സംശയം ഉണ്ട്. ഒരു ബൾബ് കെട്ടുപോയാൽ കറണ്ട് പോയി എന്ന് പറയാമോ?

    Rajeev: ഓരോ കര്‍മ്മത്തിനും അതിന്റേതായ ഫലമുണ്ട്.
    ഭാരതീയദര്‍ശനങ്ങളില്‍(അഥവാ, അതിന്റെ വ്യാഖ്യാനങ്ങളില്‍) ആ നിലക്കല്ല വിവക്ഷിച്ചിട്ടുള്ളത്. വാസന, പൂര്‍വ്വ(ജന്മ)ഫലം എന്ന്നൊക്കെയുള്ള രീതിയിലും അതിനെ പലരും നിര്‍വ്വചിച്ചിട്ടുണ്ട്.


    ഇവിടെയും സംശയം, ആധുനിക ഭൌതിക/സാമ്പത്തിക ശാസ്ത്രത്തിൽ കൂലിയ്ക്ക് പണിയെടുക്കുന്നത് മാത്രമാണോ കർമ്മവും - കർമ്മഫലവും ?

    Rajeev: അന്നത്തെ കാലഘട്ടത്തിലെ പരിമിതമായ അറിവിനെ അടിസ്ഥാനപ്പെടുത്തി എഴുതപ്പെട്ട ദര്‍ശനങ്ങളായിരുന്നു ആ ദര്‍ശനങ്ങള്‍ എന്നാണ്.

    ഇന്ന് വസ്തുനിഷ്ഠമെന്നും യുക്തിയുക്തമെന്നും പറയുന്ന ഭൌതികശാസ്ത്രം നമ്മെ ആഗോള വംശനാശത്തിന്റെ വാതായനത്തോളം എത്തിച്ചിരിക്കുന്നു എന്ന സത്യം അറിയാതെയാണോ ഈ ആധുനിക ശാസ്ത്രത്തിന്റെ നേട്ടത്തെക്കുറിച്ച് വീമ്പിളക്കുന്നത്‌. പണ്ടുള്ളവർ ആരാധനയുടെ ഭാഗമായി പ്രകൃതിയെ സംരക്ഷിക്കുന്ന അനുഷ്ടാനങ്ങളായിരുന്നു ചെയ്തുപോന്നിരുന്നത്‌. അത് അവരുടെ അറിവില്ലായ്മതന്നെ.

    താങ്കളുടെ വരികൾ വളരെ അന്വർത്ഥമായിരിക്കുന്നു:

    Rajeev: മൂഢാവസ്ഥയില്‍ കഴിയുന്നവരെ പരബ്രഹ്മം എന്നു വിളിക്കുന്നത് വെറുതെയല്ല്ലെന്നും തോന്നുന്നു.

    ReplyDelete
  16. പാര്‍ത്ഥന്‍ ജി, ഞാന്‍ എന്താണ്‌ മറുപടി എഴുതാത്തത്‌ എന്ന്ണൊ?
    "കര്‍മ്മഫലം എന്നത് ഇന്ത്യന്‍ ദര്‍ശനത്തില്‍ വരുന്നത്, വര്‍ണ്ണാശ്രമവ്യവസ്ഥകളുടെ ഭാഗമായിട്ടാണ്. അത് വികാസം കൊള്ളുന്നതും അതേ നിലക്കുതന്നെയാണ്. മാത്രവുമല്ല, അതിനെ പരിണാവുമായി എവിടെയും ബന്ധിപ്പിക്കുന്നില്ല എന്നാണ് (എന്റെ)അറിവ്.
    "
    രാജീവിന്റെ ഓരോ വാചകങ്ങള്‍ നോക്കുക - ഇത്‌ രാജീവിന്റെ അഭിപ്രായം. എന്റെ അഭിപ്രായം പറഞ്ഞു കഴിഞ്ഞ്‌ ഇതു തന്റെ അഭിപ്രായം എന്നു പറയുന്നിടത്ത്‌ എന്തു മറുപടി?
    "ശരീരത്തിന്റെ ഭാഗമായി നിലനില്‍ക്കുമ്പോഴും അതില്‍നിന്ന് വിഭിന്നമായ ഒരു അസ്തിത്വം ബോധത്തിനുണ്ട്. ബോധവും ശരീരവും വേറെ വേറെ ആണെങ്കിലും ശരീരം നിലനില്‍ക്കുന്നതുവരെ മാത്രമേ അതിനു നിലനില്‍പ്പുള്ളു."

    " ആ ബോധം അപ്രത്യക്ഷമാകുമോ അതോ ഇല്ലാതാകുമോ " എന്നൊരു ചോദ്യംഞ്ഞാന്‍ അനിലിനോടു ചോദിച്ചിരുന്നു അവിടം മുതലാണ്‌ രാജീവ്‌ വന്നതും. അതിനുത്തരം ഇല്ലല്ലൊ അപ്പോള്‍

    ഇത്‌ ആയിരിക്കുമോ ഇനി "വൈരുദ്ധ്യാത്മകഭൗതികവാദം" എന്തോന്നാണ്‌ ആ സാധനം എന്ന്‌ എനിക്ക്‌ അറിയില്ല . ഒരേ സമയത്തു തന്നെ ഉള്ളതും ഇല്ലാത്തതും.
    " ശരീരത്തിന്റെയും ബോധത്തിന്റെയും കാര്യം പറഞ്ഞതുപോലെയാണ് ഏറെക്കുറെ പ്രപഞ്ചത്തിന്റെയും സ്ഥിതി. ഒരേ സമയം ദ്രവ്യ-ഊര്‍ജ്ജസ്വഭാവമുള്ളതാണ് അത്.
    "
    ഈ ഒരു പാരഗ്രാഫില്‍ നിന്നറിയാം രാജീവ്‌ ഞാന്‍ എഴുതിയത്‌ പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടുണ്ടെന്നും, ഒരു പക്ഷെ താന്‍ ഏറ്റെടുത്തിട്ടുള്ള എന്തോ ദൗത്യത്തിന്റെ പേരില്‍ ആയിരിക്കാം, അതിനെ മനസ്സാക്ഷിക്കുവിപരീതമായി തന്നെ നിഷേധിക്കുകയും ആണെന്ന്‌ - അതുകൊണ്ടല്ലെ അതുകഴിഞ്ഞ്‌ ആ (i)llogical construction മനസ്സിലായില്ല എന്ന്‌ എടുത്തുപറഞ്ഞത്‌.

    ReplyDelete
  17. പണിക്കര്‍ സാര്‍,
    ഞാന്‍ വയിക്കുന്നുണ്ട്.

    ReplyDelete
  18. രാജീവ്‌ പറഞ്ഞ വാക്കുകള്‍ "ശരീരത്തിന്റെയും ബോധത്തിന്റെയും കാര്യം പറഞ്ഞതുപോലെയാണ്‌ ഏറെക്കുറെ പ്രപഞ്ചത്തിന്റെയും സ്ഥിതി ഒരേ സമയം ദ്രവ്യ ഊര്‍ജ്ജസ്വഭാവമുള്ളതാണ്‌"

    ഈ വാക്കുകള്‍ വിശകലനം ചെയ്താല്‍ എങ്ങനെയിരിക്കും?

    ശരീരം നശിച്ചുകഴിഞ്ഞാല്‍ ബോധവും ഇല്ലാതാകും എന്നി രാജീവ്‌ പറഞ്ഞത്‌ അതു സത്യമാണെന്നു വിശ്വസിച്ചുകൊണ്ടായിരിക്കുമൊ?

    പ്രപഞ്ചം ദ്രവ്യം ഊര്‍ജ്ജം എന്ന രണ്ടു സ്വഭാവവും ഒരേ സമയം ഉള്ളതാണ്‌ അതുകൊണ്ടാണ്‌

    "ഇല്ലാത്തതുണ്ടാകയില്ലയല്ലൊ
    ഇല്ലാതെപോകയില്ലുള്ളതൊന്നും "

    എന്ന്‌ കവിയും

    "നാസതോ വിദ്യതേഭാവോ
    നാഭാവോ വിദ്യതേ സതഃ "

    എന്ന്‌ ഭഗവാന്‍ കൃഷ്ണന്‍ ഗീതയിലും പറഞ്ഞതും , ആധുനികര്‍ ദ്രവ്യവും ഊര്‍ജ്ജവും അന്യോന്യം മാറിക്കൊണ്ടിരിക്കും അല്ലാതെ ഒരിക്കലും ഇല്ലാതാകുകയില്ല എന്ന് അതിനെ ശരിവയ്ക്കുകയും ചെയ്തത്‌.

    അതുപോലെയാണ്‌ ശരീരത്തിന്റെ കാര്യത്തിലും എങ്കില്‍

    ആ ശരീരം നശിച്ചു കഴിയുമ്പോള്‍ അതില്‍ നിലനിന്നിരുന്ന അതില്‍ നിന്നും വ്യത്യസ്ഥമായ ആ ബോധവും ഏതെങ്കിലും ഒരു രൂപത്തില്‍ കാണണ്ടേ?

    അപ്പോള്‍ രാജീവിനു തന്നെ താന്‍ പറയുന്നത്‌ ശരിയല്ല എന്നറിയാം.

    ReplyDelete
  19. ഹൊ രാജീവിന്റെ ഒരു ചോദ്യത്തിനുത്തരം പറയുവാന്‍ വിട്ടുപോയി. മാങ്ങ പഴുക്കുന്നതു വിവരിച്ച ആ ഒഴുക്ക്‌ ബോധപൂര്‍വമാണോ എന്ന ചോദ്യം

    അല്ലേ?

    എന്റെ രാജീവേ ആ ചോദ്യത്തിന്‌ എന്തു പട്ടാണ്‌ അന്ത ഹന്തയ്ക്കു കൊടുത്തതു പോലെ തരേണ്ടത്‌ എന്നു നിശ്ചയമില്ല.

    മാങ്ങയെ പഴുപ്പിക്കയും പിന്നീട്‌ അളിയിക്കുകയും , അതിന്റെ ബീജത്തില്‍ നിന്നും മറ്റൊരു മാവിനെ ഉണ്ടാക്കുകയും എല്ലാം ചെയ്യുന്ന ആ ബോധമുണ്ടല്ലൊ അതാണ്‌ ഞാന്‍ പറയുന്നത്‌.

    ആ ബോധം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഒന്നും ഇല്ല. ചുരുക്കത്ത്ല് അതേ ഒരെണ്ണം ഉള്ളതായിട്ടുള്ളു എന്ന്‌. ഏത്‌ നമ്മുടെ പരബ്രഹ്മം.

    ReplyDelete
  20. അതുകൊണ്ടല്ലെ ഞാന്‍ ആദ്യം പറഞ്ഞത്‌ മാങ്ങ പഴുത്താല്‍ ഒരിക്കലും പഴുത്ത മാങ്ങയല്ലാതെ തേങ്ങയോ ചക്കയോ ഒന്നും ഉണ്ടാവില്ലെന്ന്‌?

    ബോധമില്ലെങ്കില്‍ അങ്ങനെ ഒക്കെ സംഭവിച്ചു കൂടേ?

    ReplyDelete