Friday, September 12, 2008

വിശ്വാമിത്ര കഥ തുടരുന്നു -ശുനഃശേപന്റെ കഥ

ശുനഃശേപന്റെ കഥ

ത്രിശങ്കുവിന്റെ കഥയില്‍ നിന്നും വിശ്വാമിത്രന്‍ എന്തെങ്കിലും ഒരു പാഠം പഠിച്ചു കാണണം. അതുകൊണ്ടാണല്ലൊ തന്റെ തപസ്സ്‌ വ്യര്‍ഥമായി എന്നു പറയുന്നതും അവിടെ നിന്നും മാറി വേറൊരു ദിക്കില്‍ പോയി തപസ്സ്‌ പൂര്‍വാധികം ഭംഗിയായി തുടരുന്നതും.

അങ്ങനെ പശ്ചിമദിക്കിലെ പുഷ്കരങ്ങളില്‍ തപസ്സു ചെയ്ത്‌ കൊണ്ടിരിക്കുന്ന കാലത്താണ്‌ അയോധ്യയില്‍ അംബരീഷന്‍ എന്ന രാജാവ്‌ ഒരുയാഗം നടത്തുന്നത്‌.

ആ യാഗത്തിലേക്ക്‌ വച്ചിരുന്ന യജ്ഞപ്പശുവിനെ ദേവേന്ദ്രന്‍ മോഷ്ടിച്ചു കൊണ്ടു പോയി. യാഗം മുടക്കിയാല്‍ ദോഷം വരും എന്ന്‌ യജമാനന്മാര്‍ ഉപദേശിച്ചു . എവിടെയെങ്കിലും പോയി ഒന്നുകില്‍ യജ്ഞപ്പശുവിനെ കണ്ടുപിടിച്ചു കൊണ്ടു വരിക അല്ലെങ്കില്‍ പകരം ഏഹെങ്കിലും ഒരു പുരുഷപ്പശുവിനെ കൊണ്ടുവരിക.

അംബരീഷന്‍ അതിനായി ഇറങ്ങി. അന്വേഷിച്ചു നടന്നു എങ്ങും തന്റെ യജ്ഞപ്പശുവിനെ കിട്ടിയില്ല.

അങ്ങനെ അന്വേഷിച്ചു നടന്ന കൂട്ടത്തില്‍ അദ്ദേഹം ഭൃഗുതുംഗ പര്‍വ്വതത്തില്‍ എത്തി അവിടെ ഭാര്യയോടും മൂന്നു മക്കളോടൂം കൂടി കുടുംബമായി താമസിയ്ക്കുന്ന ഋചീകമുനിയുടെ അടുത്തെത്തി.

കുശലപ്രശ്നങ്ങള്‍ക്കിടയില്‍ രാജാവ്‌ തന്റെ അവസ്ഥ അറിയിച്ചു. നാടു മുഴിവന്‍ അന്വേഷിച്ചിട്ടും പശുവിനെ ലഭിക്കാത്തതിനാല്‍, യജ്ഞപ്പശുവിനു പകരം അദ്ദേഹത്തിന്റെ മക്കളില്‍ ഒരുവനെ ആയിരക്കണക്കിനു പശുക്കളെ വിലയായി മേടിച്ചുകൊണ്ട്‌ കൊടൂക്കാന്‍ അപേക്ഷിച്ചു.

ഇതു കേട്ട ഋചീകന്‍ അദ്ദേഹത്തിന്‌ തന്റെ മൂത്ത മകനെ എന്തായാലും തരില്ല എന്നു തീര്‍ത്തുപറഞ്ഞു.

ഇളയമകനെ തരില്ല എന്ന്‌ അമ്മയും ഉടനെ തന്നെ പറഞ്ഞു.

കഷ്ടത്തിലായില്ലെ മധ്യമന്‍?

അച്ഛന്റെയും അമ്മയുടെയും വാക്കുകള്‍ കേട്ട മധ്യമപുത്രനായ ശുനഃശേപന്‍ സ്വയം ഇപ്രകാരം പറഞ്ഞു

"പിതാ ജ്യേഷ്ഠമവിക്രേയം മാതാ ചാഹ കനീയസം
വിക്രേയം മധ്യമം മന്യേ രാജപുത്ര നയസ്വ മാം"

പിതാവ്‌ ജ്യേഷ്ഠന്‍ വില്‍ക്കപ്പ്പെടാന്‍ യോഗ്യനല്ലെന്നും , മാതാവ്‌ ഇളയവന്‍ വില്‍ക്കപ്പെടുവാന്‍ യോഗ്യനല്ലെന്നും പറഞ്ഞു. അപ്പോള്‍ മധ്യമന്‍ വില്‍ക്കപ്പെടുവാന്‍ യോഗ്യനാണെന്നു വന്നില്ലേ അതുകൊണ്ട്‌ അല്ലയോ രാജാവെ എന്നെ കൊണ്ടുപോയാലും"
എന്നു പറഞ്ഞു കൊണ്ട്‌ സ്വയം യജ്ഞപ്പശുവാകുവാന്‍ തയ്യാറായി. രാജാവ്‌ സന്തുഷ്ടനായി അവനെയും കൊണ്ട്‌ തിരികെ യാത്രയായി.

വഴിമധ്യേ അദ്ദേഹം വിശാമിത്രന്റെ ആശ്രമത്തില്‍ രാത്രി കഴിച്ചുകൂട്ടുന്നു.

അവിടെ വച്ച്‌ ശുനഃശേപന്‍ വിശ്വാമിത്രനോട്‌ തന്റെ കഥ വിവരിച്ചു.

അവന്‍ പറഞ്ഞു "
"ന മേസ്തി മാതാ ന പിതാ ജ്ഞാതയോ ബാന്ധവാ കുതഃ
ത്രാതുമര്‍ഹസി മാം സൗമ്യ ധര്‍മ്മേണ മുനിപുംഗവ"

അല്ലയോ മുനിശ്രേഷ്ഠാ, എനിക്കു മാതാപിതാക്കളോ ബന്ധുക്കളൊ സഹായികളൊ ആരുമില്ല. ധര്‍മ്മം വിചാരിച്ച്‌ അങ്ങ്‌ എന്നെ രക്ഷിക്കണം

അങ്ങ്‌ എല്ലാവരുടെയും ഇഷ്ടങ്ങള്‍ പൂര്‍ത്തീകരിക്കുന്നവനല്ലേ അതുകൊണ്ട്‌ എന്നെ രക്ഷിക്കുകയും വേണം അതോടൊപ്പം അംബരീഷമഹാരാജാവിന്റെ യജ്ഞം സഫലമാക്കിക്കൊടുക്കുകയും വേണം

ഇങ്ങനെ വിലപിച്ചുപറഞ്ഞ ശുനഃശേപനോട്‌ അലിവു തോന്നി വിശ്വാമിത്രന്‌. അദ്ദേഹം വിചാരിച്ചു തനിക്ക്‌ ഇപ്പോള്‍ നാലു മക്കളൂണ്ട്‌. അവരില്‍ ഒരാള്‍ ഈ ദൗത്യം ഏറ്റെടുത്താല്‍ ഈ കുട്ടി രക്ഷപെടൂമല്ലൊ. അതോടു കൂടി അവരുടെ പുത്രധര്‍മ്മം നിറവേറ്റപ്പെടുകയും അയി.

അതുകൊണ്ട്‌ അവരെ വിളിച്ചു.

അവരില്‍ ആരെങ്കിലും ഒരാള്‍ അംബരീഷന്റെ കൂടെ യജ്ഞപ്പശുവായി പോകുവാന്‍ അപേക്ഷിച്ചു.

നല്ല കഥ. യജ്ഞപ്പശുവാകുവാനേ. അതും സ്വയം തീരുമാനിച്ച്‌ അത്ര വിഡ്ഢികളാണൊ വിശ്വാമിത്ര പുത്രന്മാര്‍?

അവര്‍ ചോദിച്ചു സ്വന്തം മക്കളെ കൊലയ്ക്കു കൊടുത്തിട്ട്‌ വല്ലവരുടെയും മക്കളെ രക്ഷിക്കുവാന്‍ നോക്കുന്ന അച്ഛന്‍ എന്തൊരച്ഛന്‍?

"കഥമാത്മസുതാന്‍ ഹിത്വാ ത്രായസേന്യസുതം വിഭോ:
അകാര്യമിവ പശ്യാമഃ ശ്വമാംസമിവ ഭോജനേ"

ആഹാരത്തില്‍ പട്ടിയിറച്ചി എന്നതുപോലെ തങ്ങള്‍ക്ക്‌ ഈ നിര്‍ദ്ദേശം സ്വീകാര്യമല്ല എന്നവര്‍ പറഞ്ഞു.

(വ്യത്യാസം നോക്കുക - ശുനശേപനോട്‌ പോകുവാന്‍ അവന്റെ അച്ഛനോ അമ്മയോ പറഞ്ഞില്ല മറ്റുള്ളവരെ വില്‍ക്കുകയില്ല എന്നു പറഞ്ഞതു മാത്രമേ ഉള്ളു എന്നിട്ടും അവന്‍ സ്വയം ഇറങ്ങിത്തിരിച്ചു.)

മക്കളുടെ ഈ തീരുമാനത്തില്‍ വിശ്വാമിത്രന്‍ സന്തോഷിച്ചില്ല എന്നു മാത്രമല്ല അവരെ അവര്‍ തന്നെ പറഞ്ഞ നായയിറച്ചി കഴിച്ചു ജീവിക്കുന്ന വരായി ജന്മമെടുത്ത്‌ ആയിരം വര്‍ഷം ജീവിക്കട്ടെ എന്നു ശപിച്ചു.

അതിനു ശേഷം ശുനഃശേപന്‌ രക്ഷപ്പെടുവാനുള്ള മന്ത്രം ഉപദേശിച്ചു . യജ്ഞസമയത്ത്‌ അവന്‍ അതു ജപിക്കുന്നതോടൂ കൂടി യജ്ഞ സിദ്ധിയുണ്ടാവുകയും അവന്‍ രക്ഷപ്പെടുകയും ചെയ്യും അംബരീഷന്റെ യജ്ഞം പൂര്‍ണ്ണമാകുകയും ചെയ്യും

ഇപ്രകാരം ശുനഃശേപന്‍ രക്ഷപെട്ടു.

ഈ സംഭവം കഴിഞ്ഞ്‌ ആയിരം വര്‍ഷം വിശ്വാമിത്രന്‍ അവിടെ കഠിനമായ തപസ്സു ചെയ്തു.


അപ്പോഴാണ്‌ ബ്രഹ്മാവ്‌ രണ്ടാമത്‌ എത്തി ഇപ്രകാരം പറയുന്നത്‌

"ഋഷിസ്ത്വമസി ഭദ്രം തേ സ്വാര്‍ജ്ജിതൈഃ കര്‍മ്മഭിഃ ശുഭൈഃ"

അല്ലയോ വിശ്വാമിത്രാ നീ നിന്റെ കര്‍മ്മങ്ങളുടെ ഫലമായി ഇപ്പോള്‍ ഋഷിയായിരിക്കുന്നു"

കഥ കേട്ടില്ലേ?

ഋഷി എന്നത്‌ എത്ര എളുപ്പം അല്ലേ? ലോകം മുഴുവന്‍ ഋഷിമാരാണ്‌

അല്ല. ആ പദവി എത്തണം എങ്കില്‍ വിശ്വാമിത്രന്‌ ആദ്യം വൈരാഗ്യമുണ്ടായിരുന്ന ആ ദേശം പോലും ഉപേക്ഷിച്ചു.
അടൂത്ത പടിയായി ഭൂതദയ- മറ്റുള്ളവരുടെ മകന്‍ സ്വന്തം മകന്‍ എന്ന ഭേദം പോലും ഇല്ലാതായി ഇങ്ങനെ ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ നോക്കുക.

അങ്ങനെ ദുഷ്കരമായ ഈ പദത്തില്‍ എത്തിയിട്ടും നിര്‍ത്തിയോ ഇല്ല വിശ്വാമിത്രന്‌ ബ്രാഹ്മണനാണ്‌ ആകേണ്ടത്‌

വീണ്ടും തുടങ്ങി തപസ്സ്‌. ക്രോധത്തെ ഒരു വിധമൊക്കെ അടക്കി എന്നു കരുതാം അല്ലേ?

പക്ഷെ കാമം വിടില്ലല്ലൊ. അതിനെന്തു ചെയ്യും

ദാ വരുന്നു മേനക. അടൂത്ത കഥ അത്‌ നാളെയാകാം
Next

16 comments:

  1. ശുനഃശേഫന്‍ (ശുനശ്ശേഫന്‍) എന്നല്ലേ ശരിയായ പേരു്?

    ഇതില്‍ ഉദ്ധരിച്ചിരിക്കുന്ന ശ്ലോകങ്ങള്‍ ഏതു പുസ്തകത്തിലേതാണു്? മഹാഭാരതം?

    ReplyDelete
  2. കഥകളും വ്യാഖ്യാനങ്ങളും ഇഷ്ടപ്പെട്ടു.

    ReplyDelete
  3. ഉമേഷ്‌,

    ശുനഃശേപന്‍ എന്നാണ്‌ എന്റെ കയ്യിലുള്ള പുസ്തകത്തില്‍. ഒരിടത്തല്ല എല്ലായിടത്തും. ഇപ്പറഞ്ഞത്‌ ഋചീകന്റെ പുത്രന്‍. ഒരിടത്തായിരുന്നെങ്കില്‍ അക്ഷരപ്പിശകാണെന്നു വിചാരിക്കാമായിരുന്നു.

    എന്നാല്‍ അജീഗര്‍ത്തന്റെ പുത്രനായ ശുനഃശേഫന്‍ എന്നൊരു കുമാരനെ കുറിച്ച്‌ വേറെ ഒരിടത്ത്‌ പ്രസ്താവമുണ്ട്‌. അതിനെ ശ്രീകണ്ഠേശ്വരം സൂചിപ്പിക്കുന്നുമുണ്ട്‌.

    അപ്പോള്‍ രണ്ടും ശരിയായിരിക്കാം.

    വാല്മീകിയുടെ വിമാനം പറന്നിരിക്കില്ല എന്നൊക്കെ 'തെളിയിച്ച' ഉമേഷാണോ വാല്‌മീകിരാമായണത്തിലെ ഈ ശ്ലോകങ്ങള്‍ മഹാഭാരതത്തിലെ ആണോ എന്നു ചോദിക്കുന്നത്‌?

    അല്ല വെറുതേ ചോദിച്ചെന്നേ ഉള്ളു.

    ReplyDelete
  4. ഡോ. പണിക്കര്‍,

    എന്റെ രാമായണവും വിമാനവും എന്ന പോസ്റ്റിനെപ്പറ്റിയാവും താങ്കള്‍ ഉദ്ദേശിച്ചതു്, അല്ലേ? അതിലെ ഈ കമന്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടു്: "വാല്മീകിരാമായണം മുഴുവന്‍ വിശദമായി വായിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ശ്രമിക്കുന്നുണ്ടു്. ഇതിനു വേണ്ടി തിരഞ്ഞ ഭാഗത്തു നിന്നു് കിട്ടിയതാണു് ഇവിടെ ഇട്ടതു്..."

    ഇനി, വായിച്ച പുസ്തകങ്ങളിലെ എല്ലാ ശ്ലോകങ്ങളും പിന്നീടു കേട്ടാല്‍ ഓര്‍മ്മ വരത്തക്കവണ്ണമുള്ള ഓര്‍മ്മശക്തിയൊന്നും എനിക്കില്ല. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാഷാഭാരതം ഒരാവൃത്തി വായിച്ചിട്ടുണ്ടു്. അതിലെ ശ്ലോകങ്ങള്‍ പോയിട്ടു് പല കഥകളും പോലും മറന്നുപോയിരിക്കുന്നു. കാളിദാസകൃതികള്‍ പല തവണ വായിച്ചിട്ടുണ്ടു്. അതിലെ പല ശ്ലോകങ്ങളും കേട്ടാല്‍ ഓര്‍മ്മ കിട്ടാറില്ല.

    താങ്കള്‍ തലയും വാലുമില്ലാതെ ഉദ്ധരിച്ച ശ്ലോകങ്ങള്‍ ഏതു പുസ്തകത്തിലെയാണെന്നു ചോദിച്ചതിനാണോ ഇങ്ങനെയൊരു മറുപടി?

    രാമായണത്തിലെ എല്ലാ ശ്ലോകവും ഓര്‍ക്കാന്‍ കഴിയുന്ന ഒരാള്‍ക്കു മാത്രമേ രാമായണത്തിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ പ്രചരിപ്പിക്കുന്ന കഥകളെ വിമര്‍ശിക്കാന്‍ പാടുള്ളൂ എന്നാണോ?

    അല്ല, വെറുതേ ചോദിച്ചെന്നേ ഉള്ളൂ.

    ReplyDelete
  5. `താങ്കളുടെ പ്രൊഫൈല്‍ പ്രായം ശരിയാണെങ്കില്‍ പത്തു വയസ്സിനു മുമ്പേ വാല്മീകിരാമായണം വായിക്കാന്‍ തുടങ്ങി, അല്ലേ? കൊള്ളാം! എന്നിട്ടെന്തായി, ബാലകാണ്ഡം കഴിഞ്ഞോ? എന്നു വായിക്കാന്‍ തുടങ്ങി എന്നതിലല്ല കാര്യം, എങ്ങനെ വായിക്കുന്നു എന്നതിലാണു്.

    ഉമേഷേ താങ്കള്‍ എന്നോട്‌ ഇവിടെ മുകളില്‍ കാണുന്ന ഒരു ചോദ്യം ചോദിച്ചല്ലൊ അപ്പോള്‍ ഞാന്‍ വിചാരിച്ചു താങ്കള്‍ അതങ്ങു പഠിച്ചു കഴിഞ്ഞു കാണും എന്ന്‌

    ഇതു ബാലകാണ്ഡത്തിലുള്ളതാ കേട്ടോ ഇനി ശ്രദ്ധിച്ചോളാം

    ReplyDelete
  6. പണിക്കര്‍ സാര്‍,

    ഉമേഷ്ജി,

    (ഉമേഷ് സാര്‍ എന്നു വിളിക്കാന്‍ ഒരു രസമില്ല,പണിക്കര്‍ജിയെ പലരും അങ്ങിനെ വിളിച്ചുവരുന്നതിനാല്‍ ഞാനും തുടരുന്നു.)

    പക്കാ ഓഫ്ഫ്:

    പണ്ഡിതന്മാര്‍ തമ്മില്‍ വാഗ്വാദങ്ങള്‍ പതിവാണ്, ആ അര്‍ഥതില്‍ നിങ്ങള്‍ രണ്ടാളും നടത്തുന്ന തര്‍ക്കങ്ങള്‍ ഞാന്‍ ആസ്വദിക്കുകയുമാണ്. പക്ഷെ ചില സമയങ്ങളില്‍ അതു വ്യക്തിപരമാവുന്നോ എന്നു തോന്നും.ചിലപ്പോള്‍ അങ്ങിനെ അല്ലായിരിക്കാം. പ്രൊഫൈല്‍ വായിച്ചിട്ടു എനിക്കു ബഹുമാനം തോന്നിയ രണ്ടു വ്യക്തികളാണ് നിങ്ങള്‍ രണ്ടാളും. തര്‍ക്കങ്ങള്‍ ആരോഗ്യപരമാവട്ടെ എന്നു അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  7. അനില്‍ ജീ, ഒക്കെ ഒരു നേരം പോക്കല്ലേ?
    പിന്നെ പണ്ഡിതന്‍ 'മാരുടെ' കാര്യം എന്തിനാ പറയുന്നത്‌, ഞാന്‍ പണ്ഡിതനൊന്നും അല്ല. അപ്പോള്‍ പണ്ഡിതനും പാമരനും കൂടി എന്നാക്കിയാല്‍ പോരേ?

    ReplyDelete
  8. വള്ളത്തോളിന്റെ തര്‍ജ്ജിമയില്‍ ശുനശ്ശേഫന്‍ എന്നാണ്. ഡോ. അവനീബാലയുടെ വ്യാഖ്യാനത്തില്‍ (എം. എഛ്. ശാസ്ത്രിയും കെ. പി. നാരായണപ്പിഷാരടിയും ഒക്കെ പരിശോധിച്ചത്)ശുനഃശേഫന്‍ എന്ന്. വെട്ടം മാണിയുടെ എന്‍സൈക്ലോപ്പീഡിയ യില്‍ ശുനശ്ശേഫന്‍ എന്ന്. കാണിപ്പയ്യൂരിന്റെ സംസ്കൃത-മലയാള നിഘണ്ഡുവില്‍ ശുനഃശേഫഃ എന്നും.
    “പ’ കാണുന്നില്ലല്ലൊ (പ. സാറേ എന്നു എഴുതാന്‍ തുടങ്ങിയതാണ്. വേണ്ടെന്നു വച്ചു).

    ReplyDelete
  9. ബാലകാണ്ഡം അറുപത്തൊന്നാം സര്‍ഗ്ഗം എന്നു് ഇവിടെ കണ്ടപ്പോള്‍ എന്റെ കയ്യിലുള്ള ദേവനാഗരിയിലുള്ള മറ്റൊരു രാമായണത്തില്‍ക്കൂടി നോക്കി. അതിലും “ശുനഃശേപന്‍” എന്നു തന്നെയാണു്. മലയാളത്തില്‍ അതു് എങ്ങനെ ശുനഃശേഫന്‍ ആയോ എന്തോ? മടയനെ മഠയനും അപ്പനെ അപ്ഫനും അച്ചനെ അച്ഛനും ആക്കിയ ഭാഷയല്ലേ? കേരളപാണിനി കാണാത്ത ഒരു “അതിഖരാതിപ്രസര”വും മലയാളത്തിനുണ്ടോ എന്തോ :)

    ശുനഃശേഫനെ ഓര്‍ക്കാന്‍ കാരണമുണ്ടു്. ഫ, ഥ എന്നീ അക്ഷരങ്ങള്‍ക്കു മലയാളത്തില്‍ വളരെ സാദൃശ്യമുള്ളതുകൊണ്ടു് ഞാന്‍ കുട്ടിക്കാലത്തു് “ശുനഃശേഥന്‍” എന്നു പറഞ്ഞുപോന്നിരുന്നു. ഞാന്‍ മാത്രമല്ല, മറ്റു പലരും അങ്ങനെ ഉച്ചരിക്കുന്നതും കേട്ടിരുന്നു. ഒരിക്കല്‍ ഒരാള്‍ തിരുത്തിത്തന്നു. തെറ്റുപറ്റി തിരുത്തപ്പെടുന്നവയാണല്ലോ ഒരുപാടു കാലം ഓര്‍ത്തിരിക്കുക.

    വള്ളത്തോളിന്റെ “അച്ഛനും മകളും” എന്ന കാവ്യത്തിന്റെ ആദിയിലാണെന്നു തോന്നുന്നു ആദ്യം ഈ പേരു കണ്ടതു്. എതിരന്‍ പറഞ്ഞവ കൂടാതെ മറ്റു പല മലയാളപ്രസിദ്ധീകരണങ്ങളിലും ശുനശ്ശേഫന്‍/ശുനഃശേഫന്‍ എന്നാണു കണ്ടതു്.

    രാമായണം പോലെയുള്ള പുസ്തകങ്ങളിലെയും പല പദങ്ങള്‍ക്കും പ്രാദേശികഭേദങ്ങള്‍ കാണുന്നുണ്ടു്. നമ്മള്‍ “ബാലി” എന്നു വിളിക്കുന്ന ആളെ ഹിന്ദിക്കാര്‍ അച്ചടിച്ച രാമായണത്തിലും മറ്റും “വാലി” എന്നാണു പറയുന്നതു്. “അജ്ഞാനം” എന്നതിനെ ഹിന്ദി ഉച്ചാരണരീതിയനുസരിച്ചു് “അഗ്യാനം” എന്നു സംസ്കൃതപുസ്തകങ്ങളിലും അച്ചടിച്ചിരിക്കുന്നതു കണ്ടിട്ടുണ്ടു്.

    നമ്മളും മോശമല്ല. പാര്‍ഥന്‍, അര്‍ജുനന്‍ തുടങ്ങിയവരെ പാര്‍ത്ഥനും അര്‍ജ്ജുനനും ആക്കിയല്ലോ നമ്മള്‍. ഉത്കണ്ഠയെ ഉല്‍ക്കണ്ഠയും പദ്മത്തെ പത്മവും ഷട്പദത്തെ ഷഡ്പദവും ഷള്‍പദവും ആക്കി. ശുനഃശേഫനും അങ്ങനെ ഉണ്ടായതാവണം. തിരിച്ചും ആവാം.

    ReplyDelete
  10. ഡോ. പണിക്കരുടെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കു മറുപടി പറയാന്‍ ഇപ്പോള്‍ ഒരുമ്പെടുന്നില്ല. കുറേക്കാലം മുമ്പു് ഒരുപാടു വഴക്കുണ്ടാക്കി മതിയായതാണു്. വാല്മീകിരാമായണം ഈയിടെ ആദിമുതല്‍ ക്രമമായി വായിച്ചു തുടങ്ങിയെന്നും ബാലകാണ്ഡം ഇതു വരെ തീര്‍ന്നില്ല എന്നും മാത്രം പറയുന്നു. പോസ്റ്റിലെ വിഷയങ്ങളെപ്പറ്റി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഇനിയും വരാം.

    ReplyDelete
  11. ഉമേഷ്‌
    വിശദീകരണം നന്നായിരിക്കുന്നു
    ഇതിനൊരു പ്രത്യേക നന്ദി.

    ഞാന്‍ മുമ്പൊരിക്കല്‍ ഒരു ത്രൈമാസികയില്‍ എഴുതിയിരുന്നു അന്നു പക്ഷെ ശുനഃശേഫന്‍ എന്നായിരുനു എഴുതിയിരുന്നത്‌.
    എന്നാല്‍ ഈ പുസ്തകം കയ്യില്‍ കിട്ടികഴിഞ്ഞപ്പോല്‍ ആകെ സംശയമായി . ഇതില്‍ എല്ലായിടത്തും ശേപന്‍ എന്നു കണ്ടപ്പോള്‍ അങ്ങനെ തന്നെ ആകട്ടെ എന്നു വച്ചു.

    ReplyDelete
  12. ഉമേഷേ നമ്മള്‍ തമ്മില്‍ എന്തു വ്യക്തിപരം

    നിങ്ങള്‍ ചോദിച്ചതിനുത്തരം ഞാന്‍ പറഞ്ഞു അത്രയല്ലേ ഉള്ളു?

    ReplyDelete