Friday, September 26, 2008

ജഡഭരതന്‍ ഭാരതം എന്ന പേരു

കമന്റ്‌ സ്വല്‍പം വലുതായതു കൊണ്ട്‌ ഒരു പോസ്റ്റാക്കുന്നു

ജഡഭരതന്‍ എന്ന ഒരു കഥാപാത്രത്തിന്റെ കഥയുണ്ട്‌.

ഒരു ബ്രാഹ്മണന്‌ ജനിച്ച നാലു മക്കളില്‍ നല്ല ആരോഗ്യം ഉണ്ടെങ്കിലും ഒരു മുനിയെ പോലെ ജീവിയ്ക്കുന്ന ഒരുവന്‍.

ആഹാരം കൊടുത്താല്‍ കഴിക്കും . കൊടുത്തില്ലെങ്കില്‍ ചോദിയ്ക്കുക പോലും ഇല്ല .

എല്ലാ ജോലികളും ചെയ്യും യാതൊരു പരാതിയും ഇല്ല എന്നല്ല മൗനത്തിലായിരിക്കും എല്ലായ്പ്പോഴും.

യാതൊരു കാര്യവും ആവശ്യപ്പെടുകയില്ല. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കര്യം.

ഒരിക്കല്‍ അദ്ദേഹം വഴിവക്കില്‍ ഇരിക്കുന്നു.


ആ ദേശത്തെ രാജാവ്‌ ഗുരുവിനെ തേടിയുള്ള യാത്രയില്‍ കപിലന്റെ അടുത്തു പോകുന്ന സമയത്ത്‌

രാജാവിന്റെ പല്ലക്കു ചുമക്കുവാന്‍ ആളു കുറവായതിനാല്‍ ആരോ ഇദ്ദേഹത്തെ വിളിച്ചുകൊണ്ടു വന്നു.

മറ്റു മൂന്നു പേരും സാധാരണ പല്ലക്കു ചുമട്ടുകാര്‍.

ജഡഭരതന്‍ നടക്കുമ്പോള്‍ വഴിയിലിള്ള ഉറുമ്പു പോലെയുള്ള ജന്തുക്കള്‍ക്കു പോലും തന്റെ പാദസ്പര്‍ശത്താല്‍ അപകടം വരാതെ ഇരിക്കുവാന്‍ നോക്കിയും ചാടിച്ചാടിയും ആണ്‌ നടന്നിരുന്നത്‌. അതിനാല്‍ പല്ലക്കിലിരുന്ന രാജാവിന്‌ ദേഷ്യം വരികയും നിന്നെ ഞാന്‍ മര്യാദ പഠിപ്പിക്കുന്നുണ്ട്‌" എന്ന പോലെയുള്ള ചില " വാക്കുകള്‍ ഉച്ചരിക്കുകയും ചെയ്തു.

ഇതുകേട്ട ജഡഭരതന്‍ തന്നെ എന്നു വച്ചാല്‍ തന്റെ ശരീരത്തെയാണോ , അതോ ആത്മാവിനെയാണോ മര്യാദ പഠിപ്പിക്കുന്നത്‌ എന്ന രീതിയില്‍ ചില ചോദ്യങ്ങള്‍ അങ്ങോട്ടു ചോദിച്ചു.

തുടര്‍ന്ന്‌ രാജാവും ഇദ്ദേഹവും തമ്മില്‍ നടന്ന വാഗ്വാദത്തില്‍ നിന്നും ഇദ്ദേഹം അസാമാന്യജ്ഞാനിയായ ഒരു വ്യക്തിയാണെന്നു മനസ്സിലായി
തുടര്‍ന്ന്‌ ഗുരുവായി ഇദ്ദേഹം മതി , താന്‍ ഇനി കപിലന്റെ അടുത്ത്‌ പോകുന്നില്ല എന്നു തീരുമാനിച്ച്‌ അദ്ദേഹം പല്ലക്കില്‍ നിന്നിറങ്ങി ജഡഭരതന്റെ പാദത്തില്‍ വീണു വണങ്ങി.

അപ്പോള്‍ ജഡഭരതന്‍ പറയുന്നുണ്ട്‌ രണ്ടു ജന്മങ്ങള്‍ക്കു മുമ്പ്‌ പതിനായിരത്തില്‍ പരം വര്‍ഷങ്ങള്‍ അജനാഭവര്‍ഷം ഭരിച്ച ഭരതനാണ്‌ താന്‍ എന്നും തന്റെ ഭരണം നിമിത്തമാണ്‌ അജനാഭവര്‍ഷത്തിന്‌ ഭാരതം എന്ന പേരു ലഭിച്ചതെന്നും. ഈ കഥ ഭാഗവതം മൂലത്തിലുണ്ട്‌. (ഇവിടെ ഒരു തത്വം കൂടി കാണിക്കുന്നു - ഗംഭീരനായി ഭാരതം ഭരിച്ച രാജാവായിട്ടും ഭാവിയില്‍ പല്ലക്കു ചിമക്കേണ്ടി വരുന്ന അവസ്ഥ)

ആ ഭരതന്‍ ഋഷഭന്റെ പുത്രനാണ്‌.

എന്നാല്‍ ശകുന്തളയുടെ പുത്രനായ ഭരതന്‍ ഭരിച്ചതുകൊണ്ടാണെന്ന്‌ വേറൊരു മതവും ഉണ്ട്‌.

14 comments:

  1. ശുനശ്ശേപ(ഫ)നു ശേഷം അതുപോലെയൊരു സംശയം.

    ജഡഭരതന്‍ എന്നല്ലേ പേരു്? ആ രാജാവിന്റെ പേരു് ബഹുഗുണന്‍ എന്നും?

    പഴയ ഭാരതം കിളിപ്പാട്ടു പുസ്തകത്തില്‍ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു “ജഡഭരതനും ബഹുഗുണന്‍ എന്ന രാജാവും” എന്നതു്.

    ആ ഓര്‍മ്മയില്‍ നിന്നു ചോദിച്ചതാണു്.

    ഇതും ഇനി ശുനശ്ശേപ(ഫ)ന്‍ പോലെ ആണോ? അതോ എന്റെ മറവിയോ?

    ReplyDelete
  2. വളരെക്കാലം മുമ്പു വായിച്ചതാണ്‌ . ഓര്‍മ്മയില്‍ നിന്നും എഴുതിയതാണ്‌. ഉറപ്പില്ലാത്തതു കൊണ്ട്‌ റഫര്‍ ചെയ്തിട്ട്‌ എന്തെങ്കിലും പറയാം

    ReplyDelete
  3. ചാത്തനേറ്:ഇങ്ങനൊരു കഥ (പല്ലക്ക് + രാജാവ്)വായിച്ചതായി ഓര്‍ക്കുന്നു പക്ഷേ ആള്‍ക്കാരുടെ പേരൊന്നും ഓര്‍മ്മയില്ല. അതുപോലെ ഭാരതം എന്ന പേരിനെക്കുറിച്ചുള്ള ആ പുതിയ പരാമര്‍ശവും . ആ രാജാവ് പിന്നെങ്ങനെ പല്ലക്ക് ചുമട്ടുകാരനാകേണ്ടിവന്നു എന്നും കൂടി പറഞ്ഞു തരാമോ?

    ReplyDelete
  4. ആത്മാനം ഉന്മത്തജഡാന്ധബധിരസ്വരൂപേണ ദൃശ്യം ആസ ലോകസ്യ എന്ന് ഭാഗവതം 5.9.3. ജഡ ആണ് ജട അല്ല. :)

    ReplyDelete
  5. എന്റെ കുട്ടിച്ചാത്താ

    എന്നിട്ടു വേണം ഞാന്‍
    ഇനി അക്കഥ എഴുതി, അതില്‍ ഞാന്‍ വല്ല കര്‍മ്മഫലം എന്നു വല്ലതും എഴുതിച്ചേര്‍ക്കും, അതുകേട്ട്‌ മൂര്‍ത്തി ഉടനെ ഒരു പോത്തിന്‍ കാലോ എരുമക്കാലോ കൂട്ടി കവിത എഴുതും അതുകാണുമ്പം സൂരജിന്‌ സ്കൃൂ ഇളകി വേറേ വല്ലതും ഒക്കെ എഴുതും , ഉടനെ അഞ്ചരക്കണ്ടി ബ്ലോഗിംഗ്‌ നിര്‍ത്തും ----

    എന്തിനാ കുട്ടിച്ചാത്താ ഇതിനൊക്കെ വഴിവയ്ക്കുന്നെ?

    ഗുപ്തന്‍ ജിയ്ക്ക്‌ നന്ദി. എനിക്കത്‌ ശരിക്കറിയില്ലായിരുന്നു, ഇനി ജട പിടിച്ച എന്നതു പോലെ അതായിരിക്കുമോ എന്നും സംശയിച്ചിരുന്നു താനും

    ReplyDelete
  6. ജഡഭരതൻ തന്നെ.

    जड ജഡ എന്നാൽ Cold, insensitive, motionless എന്നൊക്കെയാണ് അർത്ഥം.

    ReplyDelete
  7. ‘ജഡഭരതന്‍’ എന്നുതന്നെ ശബ്ദതാരാവലി. ജഡനെപ്പോലെ ജീവിക്കുന്ന ഭരതന്‍.
    കഥയിങ്ങനെ:
    ഭരതന്‍ എന്ന രാജാവ് ഭരണമൊഴിഞ്ഞതിനുശേഷം പുലസ്ത്യാശ്രമത്തില്‍ താമസിക്കുമ്പോള്‍ പുഴയില്‍ നിന്നും രക്ഷിച്ച ഒരു മാന്‍ കുട്ടിയെ വളര്‍ത്തി. അന്ത്യകാലത്ത് മാനിന്റെ ചിന്തയില്‍ തന്നെ മരിച്ചതിനാല്‍ മാനായി വീണ്ടും ജനിച്ചു. പിന്നീട് ഒരു ബ്രാഹ്മണന്റെ പത്താമത്തെ പുത്രനായി ജനിച്ചു. ജന്മനാ ജഡനായിരുന്ന അവനെ മറ്റു സഹോദരങ്ങള്‍ പുറം തള്ളി. മുനിയായി അലഞ്ഞു. പിന്നെയാണ് പല്ലക്കു കഥ വരുന്നത്.
    രാജാവ്, മാന്‍, ജഡനായ ബ്രാഹ്മണന്‍, ജ്ഞാനം നേടിയമുനി‍.....ജന്മങ്ങളുടെ ഒരു പോക്കേ.

    മാന്‍ കുട്ടിയാണ് ബ്രാഹ്മണക്കുട്ടിയാകുന്നത്. മറ്റുബ്രാഹമണര്‍ കൂട്ടത്തില്‍ കൂട്ടുന്നില്ല ഈ ജ്ഞാനേശ്വരനെ. ബ്രാഹ്മണനിര്‍വചനത്തിന്റെ ഒരു വിശകലനത്തിനു പറ്റിയ കഥ.

    ReplyDelete
  8. അപ്പോള്‍ ജഡഭരതന്‍ എന്നു തിരുത്തിയിരിക്കുന്നു.

    പിന്നെ വി പ്രനും (തമാശയ്ക്ക്‌ വിശ്വപ്രഭയെ ന്നു ചുരുക്കിയതാണേ) എതിരഞ്ജിയ്ക്കും പ്രത്യേക നന്ദി.

    എതിരന്‍ ജീ, കഥകള്‍ എല്ലാം ഓരോരോ തത്വങ്ങള്‍ മനസ്സിലാക്കി തരുവാനുള്ളതാണ്‌. പക്ഷെ ഇവിടെ ചിലര്‍ എഴുതുന്ന കമന്റുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ - പുരാണങ്ങളിലൊക്കെ രാജാവിന്റെ സ്വകാര്യ ജീവിതം തുടങ്ങിയവയാണ്‌ പറയുന്നത്‌ , അല്ലാതെ സാധാരണക്കാരന്റീന്തെങ്കിലും പ്രശ്നങ്ങള്‍ പറഞ്ഞിട്ടുണ്ടോ എന്ന മട്ടില്‍?

    കാണേണ്ടവര്‍ കാണും അത്രയേ ഉള്ളു അല്ലേ?

    അല്ലെങ്കില്‍ വിശ്വാമിത്രന്റെ കഥ മുഴുവനാക്കി കഴിഞ്ഞപ്പോള്‍ നമ്മുടെ സൂരജിനു മനസ്സിലായതു പോലെ ദേവേന്ദ്രന്റെ വികടത്തരം മനസ്സിലാകും. ബാക്കിയെല്ലാം ഗോപി

    ReplyDelete
  9. ‘ശ്രീമഹാഭാഗവതം’കിളിപ്പാട്ടിൽ മറ്റൊരു കഥയുണ്ട്.നമ്മുടെ വൈശാ‍ലീ ഫെയിം ഋഷ്യശൃഗനെ ഓർമ്മിപ്പിയ്ക്കുന്ന അഗ്നീധ്ര്ൻ എന്ന മുനിയ്ക്ക്,ഒരു അപ്സരസ്ത്രീയിലുണ്ടായ ഒമ്പതുമക്കളിലൊരാളായിരുന്നു ‘നാഭി’.അങ്ങേരു മേരുദേവിയെ വിവാഹം കഴിച്ചിട്ട് പുത്രസമ്പത്തിനായി തപസ്സ് ചെയ്തു.ഭഗവാൻ തന്നെ മകനായിപ്പിറന്നു-ഋഷഭൻ.
    ഋഷഭൻ പിന്നെ ജയന്തിയെ വിവാഹം കഴിച്ചു നൂറുമക്കളുണ്ടായി.ബാക്കിയിങ്ങിനെ..

    ‘അവരിലേവരിലുമഗ്രജൻ ഭരതൻപോ-
    ലവനുമജനാഭം വരിഷം പാലിച്ചാൻപോൽ.
    തന്നുടെ ഗുണധിക്യംകൊണ്ടജനാഭവർഷ-
    മന്നുതൊട്ടെല്ലാവരും ഭാരതമെന്നു ചൊല്ലും.

    ReplyDelete
  10. വിഷ്ണുവിൽ നിന്നു് അനുക്രമമായി ബ്രഹ്മാവു്-സ്വയംഭൂവമനു-പ്രിയവ്രതൻ-അഗ്നീധ്രൻ-നാഭി-ഋഷഭൻ-ഭരതൻ. ഭരതൻ ഋഷഭന്റെ നൂറു പുത്രന്മാരിൽ മൂത്തയാൾ. വിശ്വരൂപന്റെ പുത്രിയായ പഞ്ചജനിയെ വിവാഹം കഴിച്ചു.ഒരു കോടി വർഷം ഭരിച്ച ശേഷം രാജ്യം അഞ്ചു പുത്രന്മാർക്കു നൽകി പുലഹ മഹർഷിയുടെ ആശ്രമത്തിൽ പോയി ജീവിതകാലം കഴിച്ചു കൂട്ടി (ഭാഗവതം പഞ്ചമസ്കന്ധം).

    ഒരിക്കൽ മഹാനദിയിൽ സ്നാനം ചെയ്യുമ്പോൾ ആണു് മാനിനെ രക്ഷിക്കുന്നതും പിന്നെ അതിനെ തന്നെ ഓർത്തു ജീവിച്ചു മരിക്കുന്നതും. മൃഗചിന്തയാൽ മരിച്ചതിനാൽ അടുത്ത ജന്മം ഒരു മാൻ കിടാവായി ജന്മമെടുത്തു. അതിനടുത്ത ജന്മം ആണു് അംഗിരസ്സിന്റെ വംശത്തിൽ പെട്ട ഒരു ബ്രാഹ്മണന്റെ രണ്ടാമത്തെ ഭാര്യയുടെ ഏകപുത്രനായിട്ടു ജനിക്കുന്നതു് - അതായതു് ഭരതന്റെ മൂന്നാം ജന്മമായിട്ടു്. ബ്രാഹ്മണന്റെ ആദ്യഭാര്യയിൽ ഒൻപതു പുത്രന്മാർ ഉണ്ടായിരുന്നു. ബ്രാഹ്മണൻ മരിച്ചപ്പോൽ രണ്ടാം ഭാര്യ സതി അനുഷ്ഠിച്ചു. അനാഥനായ ആ പുത്രനാണു രഹുഗുണൻ എന്ന രാജാവിന്റെ പല്ലക്കു ചുമക്കാൻ ഇട വന്നതും രാജാവുമായി തർക്കം ഉണ്ടാവുന്നതും ഒടുവിൽ രാജാവു് ഭരതബ്രാഹ്മണന്റെ ജ്ഞാനോപദേശങ്ങളിൽ ആകൃഷ്ടനാകുന്നതും എല്ലാം.

    ഇതു പുരാണിക്‌ എൻസൈക്ലൊപ്പീഡിയാ (വെട്ടം മാണി) പ്രകാരം ഉള്ള കഥ..

    ReplyDelete
  11. ഇതു ഭാഗവതം അഞ്ചാം സ്കന്ധത്തിലെ വരികളുടെ തനിപ്പകര്‍പ്പാണ്‌.

    ReplyDelete
  12. കഥകള്‍ ഇഷ്ടപ്പെട്ടു.

    കുട്ടിച്ചാത്തന്‍ പറഞ്ഞ രാജാവ്, മുനിയെക്കൊണ്ടു പല്ലക്കു ചുമപ്പിക്കുകയും വേഗത പോരാത്തതിനു പൊക്കമില്ലാത്ത മുനിയെ (അഗസ്ത്യനല്ലേ?) ചവിട്ടുകയും അദ്ദേഹത്തിന്റെ ശാപം കൊണ്ട് പാമ്പ് ആയിപ്പോവുകയും ചെയ്ത നഹുഷനാവാം. ഇതു ഭാഗവതമൊന്നുമല്ല, ബാലരമ അമര്ചിത്രകഥ :-)

    ReplyDelete
  13. രഹൂഗണന്‍ എന്നല്ലേ?

    ReplyDelete
  14. രാജാവിന്റെ പേര്‌ രഹൂഗണന്‍ എന്നാണ്‌.
    മധുരാജ്‌ ജി അതു ശ്രദ്ധിച്ചതിനു നന്ദി

    ReplyDelete