പരിണാമം, വിക്കി, ക്വാണ്ടം, പ്രപഞ്ചം
മുമ്പു രണ്ടു പോസ്റ്റുകളില്‍ പരിണാമം, വിക്കിയില്‍ നിന്നും ക്വോട് ചെയ്ത ക്വാണ്ടം ഇവ എഴുതിയതിന് ഒരു പ്രത്യേക കാരണം ഉണ്ട്.
അജ്ഞാതന്റെ പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ വന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളും.
പ്രപഞ്ചത്തിന്റെ സത്യാവസ്ഥയെ കുറിച്ച് അറിയുവാന്‍ എല്ലാവരും ഉത്സുകരാണ് എന്നത് ഒരു വെറും പരമാര്‍ത്ഥം. എന്നാല്‍ അതിനെ പറ്റി നമുക്കറിയുന്നതിനെക്കാള്‍ വളരെ കൂടുതല്‍ അറിയാത്തതാണ് എന്നത് അടുത്ത പരമാര്‍ത്ഥം.
എങ്കില്‍ നിഷ്പക്ഷമായി ചില ചിന്തകള്‍. ഇതില്‍ ദയവു ചെയ്ത് മതം ഇന്നത്തെ രീതിയിലുള്ളത് കാണരുതെന്നപേക്ഷ.
രസതതന്ത്രത്തില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്ന ഒരു ഉദാഹരണമാണ് "ഒരു വസ്തുവിനെ വിഭജിച്ചു വിഭജിച്ച് ഏറ്റവും ചെറിയ വിഭജിക്കാനാകാത്ത കണമാക്കിയാല്‍ --"
അന്ന് അതു വിശ്വസിച്ചിരുന്നു. അങ്ങനെ വിഭജിച്ചു വിഭജിച്ച് വിഭജിക്കാനാകാത്ത ഒരു കണം ഉണ്ടാകും എന്ന്.
പിന്നീടുള്ള ക്ലാസുകളില്‍ പഠിച്ചു ആറ്റം -അതും മറ്റു പല കണങ്ങള്‍(?) കൊണ്ടുണ്ടാക്കപ്പെട്ടതാണെന്നും അതിനെയും വിഭജിക്കാം എന്നും. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ പഠിച്ചു sub atomic particles വളരെയധികം ഉണ്ടെന്ന്.
പിന്നീട് മനസ്സിലായി ഇവയൊക്കെ പൊളിഞ്ഞാല്‍ കണമൊന്നും അവശേഷിക്കില്ലെന്ന്.
ഈ പഠിച്ചിടത്തൊക്കെ രസതന്ത്രപ്രകാരം വസ്തു പരിണമിക്കുന്നതും പ്രതിപ്രവര്‍ത്തിക്കുന്നതും മറ്റും ചില നിയമങ്ങള്‍ക്കനുസരിച്ചാണ് എന്നു പറഞ്ഞിരുന്നു.
പിന്നീട് ക്വാണ്ടത്തെ കുറിച്ച് കേട്ടു. പഠിച്ചപ്പോള്‍ തോന്നി ഏറ്റവും താഴെ എത്തി കണവും ഇല്ല എന്ന അവസ്ഥ പറഞ്ഞില്ലേ - അവിടെ തൊട്ടടുത്ത, കണമാണോ അല്ലയോ എന്ന വഴുക പരുവത്തില്‍ ഉള്ള അളക്കാനാകുന്ന ഒരു unit അതാണ് ക്വാണ്ടം എന്നു ധരിച്ചു (ശരിയാണോ എന്നറിയില്ല ഇപ്പോഴും - പുലികള്‍ സഹായിക്കും എന്നു കരുതുന്നു)
അപ്പോള്‍ സംശയം പിന്നെയും കൂടി
ആ ഒരളവു 'സാധനം' ആണ് അതിനു മുകളില്‍ ഉള്ള എല്ലാറ്റിനും കാരണം എങ്കില്‍ - അങ്ങനെ അതിനു മുകളില്‍ ഉള്ള ഏതു വസ്തുവിനും പരിണാമ പ്രക്രിയയ്ക്കിടയില്‍ ക്വാണ്ടം എന്നു വിളിക്കാവുന്ന ഒരു stage എപ്പോഴും ഉണ്ടാകില്ലേ?
ക്വാണ്ടം എന്നത് ചെറുതാകണം എന്നു നിര്‍ബന്ധമുണ്ടോ?
ഇതൊന്നും കൂടുതല്‍ പഠിക്കുവാന്‍ അവസരം ഉണ്ടായില്ല
എന്നാല്‍ അതിനിടയിലാണ് ഭാരതീയദര്‍ശനങ്ങള്‍ പഠിക്കുവാനിടയായത്.
ദര്‍ശനങ്ങള്‍ പലത്. അവയിലൊന്ന് വൈശേഷികദര്‍ശനം. കണാദന്‍ എന്ന മുനി ആചാര്യന്‍. രസതന്ത്രത്തില്‍ വിഭജിച്ചു വിഭജിച്ചെത്തുന്നതു പറഞ്ഞതുപോലെ ഇദ്ദേഹവും വിഭജിച്ചു വിഭജിച്ച് പരമാണുവിലെത്തി.
പഞ്ചഭൂതങ്ങളുടെ ഏറ്റവും ചെറിയ തന്മാത്ര. അവ രണ്ടെണ്ണം ചേര്‍ന്ന് ഒരു ദ്വ്യണുകം, അവ രണ്ടെണ്ണം ചേര്‍ന്ന് ചതുരണുകം ഇപ്രകാരം വസ്തു വലുതാകുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പരമാണുക്കള്‍ ഉണ്ടാകുന്നതിനുള്ള അടിസ്ഥാനവസ്തു അവ്യക്തം എന്ന നിര്‍വചിക്കപ്പെടാനാകാത്ത ഒന്നാണ്.
ചേതനമല്ലാത്ത ഇവയ്ക്ക് തന്നെ യോജിക്കുവാനോ വേര്‍പെടുവാനോസാധ്യമല്ല അതുകൊണ്ട് ആ പണി ചെയ്യിക്കുവാന്‍ അദ്ദേഹം പുറമേ ഒരു ഈശ്വരനെയും കൂട്ടു പിടിച്ചു.
അതായത് കുശവന്‍ മണ്ണുപയോഗിച്ചു കലം ഉണ്ടാക്കുന്നതുപോലെ ഈശ്വരന്‍ അവ്യക്തം തുടങ്ങിയ പദാര്‍ത്ഥം ഉപയോഗിച്ച് പ്രപഞ്ചം സൃഷ്ടിച്ചു എന്ന്.
ഇത്രയും ആയപ്പോള്‍ രസതന്ത്രം പഠിച്ചപ്പോള്‍ കേട്ട 'നിയമം' ഓര്‍മ്മ വന്നു.
അതെങ്ങനെ? ആരെങ്കിലും പുറമെ നിന്നു നിയന്ത്രിക്കുന്നോ അതോ ആ നിയമങ്ങള്‍ അകത്തു തന്നെ ആണോ?
ശരി എന്നു തോന്നിക്കുന്ന ഒരു ഉത്തരം കിട്ടിയില്ല.
അടുത്തതായി ബുദ്ധദര്‍ശനം പഠിച്ചു. അദ്ദേഹം ഈശ്വരനെ ഒഴിവാക്കി. സംഘാതം എന്ന ഒരു പ്രതിഭാസം അവതരിപ്പിച്ചു.
നമ്മുടെ ക്വാണ്ടം ഏകദേശം അതുപോലിരിക്കും.
അതിനോടു സാമ്യമുള്ളവയായതുകൊണ്ടാണ് ഞാന്‍ മേല്‍പറഞ്ഞ ചോദ്യങ്ങള്‍ ചോദിച്ചത്.
അതായത് ഒരു വസ്തു , അതെന്തു തന്നെ ആകട്ടെ നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു.
ആ പരിണാമത്തിന്റെ ഏറ്റവും അടുത്ത രണ്ടു ഘട്ടങ്ങളില്‍, ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു മാറുന്ന ആ gap അതിനെ തല്‍ക്കാലം ഒരു 'മാത്ര' എന്നു വിളിക്കാം.
അപ്പോള്‍ ആ മാത്രയ്ക്കു മുമ്പുള്ളതും അതിനു ശേഷമുള്ളതും രണ്ടു വസ്തുക്കള്‍ ആണ്. അവയുടെ വ്യത്യാസം നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു അനുഭവവേദ്യമാകണമെന്നില്ല എന്നു മാത്രം.
ഇതില്‍ ആദ്യത്തേത് കാരണമായും രണ്ടാമത്തേത് കാര്യം ആയും വരും. അങ്ങനെ കാരണകാര്യങ്ങളുടെ ഒരു ശൃംഖല. ഓരോ കാര്യവും അടുത്തതിന്റെ കാരണം ആണ്.
അപ്രകാരം നിരന്തരം പരിണമിക്കുന്നതുകൊണ്ടാണ് മാങ്ങ പഴുക്കുന്നത്.
ഇങ്ങനെ ഈരണ്ട് മാത്രകള്‍ക്കിടയില്‍ കാണുന്ന ഓരോരോ സംഘാതങ്ങള്‍ -ക്വാണ്ടങ്ങള്‍(?) - ഇതാണ് പ്രപഞ്ചം എന്ന് ബൗദ്ധദര്‍ശനം പറഞ്ഞു.
ഇവിടെ നിയന്ത്രിക്കുവാന്‍ ഈശ്വരന്‍ ഇല്ല. അപ്പോള്‍ വീണ്ടും സംശയം ആയി. ഈ പരിണാമ പ്രക്രിയ എന്തു നിയമങ്ങളെ അനുസരിച്ചാണ്?
ആ നിയമങ്ങള്‍ അതിനുള്ളിലോ പുറത്തോ?
പുറത്താണെങ്കില്‍ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും പിന്നാലെ അങ്ങനെ ഒരു നിയന്താവ് നടന്നു കൊണ്ടിരിക്കണം എന്നല്ലാ നിയന്താവിനിരിക്കുവാന്‍ ഇടം പോലും ഉണ്ടാവില്ല.
പിന്നെ അകത്താണൊ?
Added Later
അകത്താണെങ്കില്‍ എന്തിനകത്ത്? അകം എന്നത് എത്രവരെ പോകാം?
അതും മനസ്സിലായില്ല.
പക്ഷെ നിയന്താവ് വസ്തു എന്ന രണ്ട് അടിസ്ഥാനപദാര്‍ഥങ്ങള്‍ അസംഭാവ്യം എന്ന് സങ്കല്‍പത്തെ സംശയിക്കുവാന്‍ തുടങ്ങി.
ന്യായദര്‍ശനം വൈശേഷികത്തിന്റെ പാത തന്നെ.
സാംഖ്യം അവ്യക്തത്തെ മുറുകെപ്പിടിക്കുന്നു.
യോഗം പഠിച്ചു അതില്‍ കൃഷ്ണന്റെ ഭഗവത് ഗീത പഠിച്ചു കൊണ്ടിരിക്കുമ്പോള്‍, യോഗത്തെ സേശ്വരം എന്നു പറഞ്ഞിടത്ത് സംശയമായി. വൈശേഷികര്‍ പറയുന്ന ഈശ്വരന്‍ ഗീതയില്‍ കാണുന്നില്ല.
"ഏകം സാംഖ്യം ച യോഗം ച" എന്ന കൃഷ്ണന്റെ വാക്കുകള്‍ കേട്ടപ്പോള്‍, സാംഖ്യത്തിനും അല്‍പം മാപ്പു കൊടുത്തു.
ആ പശ്ചാത്തലത്തിലാണ് ശ്രീ ശങ്കരന്റെ അദ്വൈതം പഠിക്കുന്നത്.
ആദ്യം തന്നെ വൈശേഷികരുടെ പരമാണുക്കളെ പരിശോധിച്ചു.
രണ്ട് പരമാണുക്കള്‍ ചേര്‍ന്നാല്‍ അതിലും വലിയ ഒരു വസ്തുവാകും എന്നാണല്ലൊ വയ്പ്പ്. കീഴോട്ട് കീഴോട്ട് വിഭജിച്ചു കൊണ്ടു വരാന്‍ സാധിക്കും എങ്കില്‍ മുകളിലേക്ക് മുകളിലേക്ക് വളര്‍ത്തിക്കൊണ്ടു വരുവാനും സാധിക്കണമല്ലൊ.
അവിടെ ഒരു പ്രശ്നം.
രണ്ട് പരമാണുക്കള്‍ തമ്മില്‍ എങ്ങനെ സന്ധിക്കും? പറൗന്നത് പ്രപഞ്ചത്തിന്റെ അടിസ്ഥാനവസ്തുവിനെ പറ്റിയാണ്. അതിന്റെ ഏറ്റവും ചെറിയ - വിഭജിക്കാനാകാത്ത - കണം. അങ്ങനെ രണ്ടെണ്ണം. അവയ്ക്ക് എങ്ങനെ കൂടിച്ചേരുവാന്‍ സാധിക്കും?
വശങ്ങള്‍ തമ്മില്‍? മുകളിലും താഴെയും?
പറയുമ്പോള്‍ വളരെ എളുപ്പമായിരുന്നു.
പക്ഷെ 'വശം' ഉണ്ടൊ വശങ്ങള്‍ ഉണ്ടോ? മുകള്‍ഭാഗം ഉണ്ടോ? താഴ്ഭാഗം ഉണ്ടോ? അപ്പോള്‍ വീണ്ടും വിഭജിക്കാം അല്ലേ?
അങ്ങനെ വീണ്ടും വിഭജിച്ചു ഒരു 'വശം' മാത്രമേ ഉള്ളു ആ വശം മാത്രമായതാണൊ കണം?
അങ്ങനെ ഉള്ള രണ്ടെണ്ണം ആണെങ്കില്‍ തമ്മില്‍ ചേര്‍ന്നാലും വളരുകയില്ലല്ലൊ- അവ തമ്മില്‍ നൂറു ശതമാനം ഭാഗവും ബന്ധപ്പെട്ടിരിക്കും അതായത് വലിപ്പം കൂടുവാന്‍ സാധിക്കില്ല എന്ന്. എത്ര 'പരമാണുക്കള്‍' ചേര്‍ന്നാലും അത് ഒരു പരമാണുവിന്റെ അത്രയുമേ കാണുകയുള്ളു എന്ന്.
അല്ലേ
ഇപ്പോള്‍ മനസ്സിലായിക്കാണും എനിക്കു ഭ്രാന്താണെന്ന് അല്ലേ?
സാരമില്ല.
പക്ഷെ പരമാണുസിദ്ധാന്തം പിശകാണെന്ന് വ്യക്തം.
വീണ്ടും എത്തി ബുദ്ധനും ക്വാണ്ടവും സംഘാതവും പരിണാമവും.
Added Later
കാരണം കാര്യം എന്ന വിഭാഗം പോലും സാധ്യമല്ലാത്ത ഒരു 'വസ്തു' അതെന്തായാലും ആദ്യം ഉണ്ടായിരുന്നിരിക്കണം.
അത് എല്ലാകാലത്തും നിലനില്‍ക്കുന്നതും ആയിരിക്കണം.
അല്ലാതെ കാരണത്തില്‍ നിന്നും കാര്യം ഉണ്ടായി എന്നത് പ്രപഞ്ചത്തിന്റെ തുടക്കത്തിനെ സംബന്ധിച്ച് അസംഭാവ്യമാണ്.
അതുകൊണ്ടു തന്നെ (നേരത്തെ നിയന്താവിന് ഇരിക്കുവാന്‍ സ്ഥലം പോലും കാണുകയില്ല എന്നു പറഞ്ഞതും കൂട്ടി വായിക്കുക) പുറമെ ഒരു ദൈവം സൃഷ്ടിച്ചതാണ് ഇക്കാണുന്നതൊക്കെ എന്ന വാദം നിലനില്‍ക്കുന്നതല്ല.
ഇപ്പറഞ്ഞതിലൊക്കെ കാര്യം ഉണ്ട് എന്നു തോന്നി തുടങ്ങി.
( മഹാസ്ഫോടന സിദ്ധാന്തക്കാര്‍ പറയുന്നതും ഇക്കാണുന്ന പ്രപഞ്ചത്തിന്റെ വിരാട് രൂപം ഉണ്ടായത് മഹാ സ്ഫോടനത്തില്‍ നിന്നാണ് എന്നേ ഉള്ളു - അല്ലാതെ യാതൊന്നിലാണോ ആ മഹാസ്ഫോടനം നടന്നത്, അതുണ്ടായത് മഹാസ്ഫോടനം കൊണ്ടാണ് എന്നല്ല.
എനിക്കു വിവരം കുറവാണ് വിവരം ഉള്ളവര്‍ സമയാസമയത്ത് തിരുത്തണേ )
അതായത് നാം ആലോചിക്കുന്നത് ഏറ്റവും ആദി - മഹാസ്ഫോടനത്തിനും മുമ്പുള്ള സാധ്യതകളാണ് എന്നര്‍ത്ഥം
അപ്പോള്‍ അങ്ങനെ ആദിയും അന്തവും ഇല്ലാത്ത എന്തോ ഒന്ന് ഉണ്ട്. അത് നിത്യപരിണാമം നടന്നു കൊണ്ടിരിക്കുന്നതാണ് . അതാണ് ഇക്കാണുന്ന പ്രപഞ്ചം എന്ന സങ്കല്‍പം വന്നു.
ആ ഒന്നിനെ തന്നെയല്ലേ ആധുനികര്‍ {സുബ് അറ്റൊമിc പര്‍റ്റിcലെസ്} വരെ ചെന്നെത്തിയിട്ട് കയ്യിലൊതുക്കുവാന്‍ സാധിക്കാതെ വിഷമിക്കുന്നത്?
അതിന്റെ പരിണാമത്തിനെ ഉണ്ടാക്കുന്ന ഘട്ടത്തില്‍ ഒരു മൂര്‍ത്തദ്രവ്യത്തില്‍ നിന്നും വെളിയില്‍ വരുന്നതോ അതിലേക്കെടുക്കുന്നതോ ആയ ഒരു unit ശക്തി അല്ലേ ഈ Quantum ( എനിക്കു വിവരമില്ല ഇക്കാര്യത്തില്‍ വീണ്ടും പറയുന്നു വിവരമുള്ളവര്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലൊ)
ഒരുദാഹരണം കൂടി കാണിച്ചു ചോദിക്കട്ടെ -
ഒരു photon വിസര്‍ജ്ജിക്കുന്നതിനു മുമ്പും പിന്‍പും ഉള്ള ദ്രവ്യം-
തീര്‍ച്ചയായും അത് രണ്ടു വ്യത്യസ്ഥദ്രവ്യങ്ങള്‍ ആണ് - പേരില്‍ അതിനെ ഒന്നാണെന്നു പറയാം എങ്കിലും യാഥാര്‍ത്ഥ്യം അങ്ങനെ അല്ല
ചില ദ്രവ്യങ്ങള്‍ സ്വയം അതിനെ വിസര്‍ജ്ജിച്ചു വിസര്‍ജ്ജിച്ചു നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയുവാന്‍ സാധിക്കുന്നത്ര ചെറിയ സമയം കൊണ്ട് മറ്റൊന്നാകുന്നു. മറ്റുള്ളവയൊന്നും അങ്ങനെ പെട്ടെന്നു വിസര്‍ജ്ജിക്കുന്നില്ല എന്നത് അവ വിസര്‍ജ്ജനമേ നടത്തുന്നില്ല എന്നു പറയുവാന്‍ തെളിവല്ല. അവ കാലതാമസം എടുക്കും എന്നേയുള്ളു- പരിണാമം കൊണ്ട് ജന്തുക്കള്‍ മാറുന്നു എന്നു പറയുന്നതുപോലെ.
അതുകൊണ്ടാണ് പെട്ടെന്നു സ്വയം പരിണാമം നടക്കുന്ന radio active ദ്രവ്യങ്ങള്‍ പെട്ടെന്നു നശിച്ചു പോകുന്നത് - മറ്റൊരു ദ്രവ്യമായി പോകുന്നത് എന്നര്‍ത്ഥം.
അക്കണക്കിന് , ആ ദ്രവ്യത്തിന്റെ അതിലെ ഏറ്റവും ചേറിയ അളവ് പോയിക്കഴിഞ്ഞു ശേഷിക്കുന്ന ദ്രവ്യം ഒരു ശൃംഖലയിലെ ആദ്യത്തെ കണ്ണിയായി കരുതുക.
അതില്‍ നിന്നും രണ്ടാമത്തെ കണ്ണിയുണ്ടാകുന്നു. അതില്‍ നിന്നും മൂന്നാമത്തെ കണ്ണി ഇപ്രകാരം.
ഈ ഓരോ കണ്ണികളും വ്യത്യസ്ഥങ്ങളാണ്. അല്ലേ?
(ഈ ഓരോ കണ്ണികളേയും ഓരോ ക്വാണ്ടം എന്നു സങ്കല്‍പ്പിക്കാമോ എന്നു ഞാന്‍ ബാബുവിനോട് ചോദിച്ചിരുന്നു. ബാബു അതിനുത്തരം പറഞ്ഞില്ല. പകരം എനിക്കുള്ള വിവരക്കുറവിനെ ആണ് സൂചിപ്പിച്ചത്. മറ്റു പുലികളും ഒന്നും ഇറങ്ങാത്തതു കൊണ്ട് ഞാന്‍ ക്വാണ്ടത്തെ ഒന്നു മാറ്റി നിര്‍ത്തി ബാക്കി പറയാം - അതു ചോദിക്കുവാന്‍ കാരണം - വിക്കിയിലെ തന്നെ ഒരു വാചകമായിരുന്നു അതു ഞാന്‍ അവിടെ പറഞ്ഞിരുന്നു)
അപ്പോള്‍ ചെറുതു മുതല്‍ വലുതു വരെ ഏതു ദ്രവ്യം എടുത്താലും ഇപ്പറഞ്ഞ ഒരു അനുസ്യൂതപരിണാമപ്രക്രിയ എല്ലാറ്റിലും ഉണ്ട്.
ഓരോന്നിന്റെയും പരിണാമം ഇന്ന രീതിയിലൊക്കെയേ ആകുവാന്‍ സാധിക്കൂ എന്ന നിയമവും ഉണ്ട് അല്ലേ?
അതോ ഇനി നിയമം ഇല്ലേ?
Added Later -14-10-2008 Morning
അങ്ങനെ അനുസ്യൂതപരിണാമം നടക്കുന്ന ഓരോരോ ചെറിയ unit കള്‍ ചേര്‍ന്നുണ്ടായ ഒരു വലിയ വസ്തുവാണ്‍` ഈ കാണപ്പെടുന്ന പ്രപഞ്ചം.
ആ unit കള്‍ വസ്തു- ദ്രവ്യം ആണോ നിയമം മാത്രമാണോ?
നിയന്ത്രിക്കുവാനുള്ള സന്ദേശം എന്തിലെങ്കിലും ക്രോഡീകരിച്ചു വച്ചിരിക്കണം അല്ലെങ്കില്‍ വസ്തുവിലേക്ക് അതെങ്ങനെ പകര്‍ന്നു കൊടുക്കും?
ആ സന്ദേശം വസ്തുവിനു പുറത്താണോ / അകത്താണൊ എന്ന ഒരു ചോദ്യം മുമ്പു പറഞ്ഞു.
പുറത്താകുവാന്‍ സാധിക്കില്ല -
കാരണം,
എങ്കില്‍ വസ്തുവും സന്ദേശവും എല്ലായിടവും നിറഞ്ഞതാകണം. എല്ലായിടവും നിറഞ്ഞതായി രണ്ടു വസ്തുക്കള്‍ നിലനില്‍ക്കില്ല ഒരെണ്ണമേ ഉണ്ടാകാന്‍ സാധിക്കൂ. അപ്പോള്‍ ഒന്നുകില്‍ വസ്തു അല്ലെങ്കില്‍ സന്ദേശം, രണ്ടും കൂടി ഉണ്ടാകില്ല.
ഇല്ലാതെ ഒക്കുകയും ഇല്ല.
ആധുനികരും ഇവിടെ എത്തി വസ്തു എന്നത് പലതരം ഊര്‍ജ്ജങ്ങളുടെ താല്‍ക്കാലിക ഭാവങ്ങളാണെന്നൊക്കെ വരുന്ന വിധം പറഞ്ഞു തുടങ്ങി. (തുടങ്ങിയോ? ആ ഞാന്‍ അതിനെ കുറിച്ചു പറയുന്നില്ല -അത് പുലികള്‍ പറയട്ടെ
കിച്ചു ആന്‍ഡ് ചിന്നുവും പറഞ്ഞു പഴയത് പഴയതു പോലെ പറഞ്ഞാല്‍ മതി ആധുനികത്തില്‍ തൊട്ടു കളിക്കണ്ടാ എന്ന്. പോട്ടെ)
വീണ്ടും വിശദീകരിക്കണം എങ്കില്‍ ഉദാഹരണം വേണമല്ലൊ . ഞാന്‍ വീണ്ടും ഒരു കണം എടുത്തു.
ആ കണത്തിന് 'ശരീരം' എന്നു പേരിട്ടു. ഇതു ഞാന്‍ മുമ്പു വിശദീകരിച്ച പല ഉദാഹരണങ്ങളിലും പറഞ്ഞ വാക്കായതു കൊണ്ട് ഇവിടെയും പറഞ്ഞു അത്രേയുള്ളു.
ഇപ്പോള്‍ നമുക്കറിയാം ആ കണത്തിന് എന്തെങ്കിലും പരിണാമം സംഭവിക്കണം എങ്കില്‍ അതിനുള്ള നിര്‍ദ്ദേശങ്ങള്‍ - എവിടെയെങ്കിലും സംഭരിക്കപ്പെട്ടിരിക്കണം എന്ന്.
ഞാന്‍ മുമ്പ് മാങ്ങ പഴുക്കുന്ന ഉദാഹരണം പറഞ്ഞു- പല പല ഘട്ടങ്ങള്‍ - ഓരോ നിമിഷത്തിലും - ഓരോ മാത്രയിലും ആ മാങ്ങ പരിണമിക്കുന്നു. ഓരോ മാത്രയിലും അത് ഒരു വ്യത്യസ്ഥ വസ്തുവാണ്.
ഈ മാത്രയില്‍ കാണുന്ന വസ്തു തന്നെയാണ് അടുത്ത മാത്രയിലും എങ്കില്‍ അതു പഴുക്കുകയില്ല ഉവ്വോ?
ഇനി അഥവാ രണ്ടു മാത്രകള്‍ ഒരുപോലെ നില്‍ക്കും മൂന്നാമത്തെ മാത്രയില്‍ പരിണമിക്കും എന്നു പറയുന്നോ?
ആകാം വിരോധമില്ല - പക്ഷെ അതു മൂന്നാമത്തെ മാത്രയിലേ പരിണമിക്കാവൂ എന്ന സന്ദേശം അതിലുള്ളതുകൊണ്ടാണ് അല്ലേ?
എനിക്കെന്നിട്ടും എന്നെ തന്നെ നിയന്ത്രിക്കുവാന്‍ ആകുന്നില്ല കിച്ചു ചിന്നൂ ക്ഷമിക്കണം ഞാന്‍ അല്‍പം പിന്നോട്ട് പോകട്ടെ-
കഴിഞ്ഞ പോസ്റ്റുകളില്‍ ഒന്നില്‍ http://indiaheritage.blogspot.com/2008/09/blog-post_8389.html
അനിലിനോട് ഞാന്‍ ചോദിച്ചിരുന്നു. 'അനില്‍' എപ്പോള്‍ തുടങ്ങി എപ്പോള്‍ വരെ ആണ് എന്ന്.
രാജീവ് ചേലനാട്ട് അതിനുത്തരം തന്നു- ഇപ്രകാരം-
"ബോധം(അഹംബോധം ) എന്നത് ആത്യന്തികമായി ശരീരര്‍ത്തിനെ ആശ്രയിച്ചിരിക്കുന്നു എങ്കിലും, ശരീരഭിന്നമായ ഒരവസ്ഥ അതിനുണ്ട് എങ്കിലും, ശരീരത്തിന്റെ നാശത്തോടെ അവസാനിക്കുന്ന ഒന്നാണത്."
അതിനെ കുറിച്ച് വീണ്ടും വിശദീകരിക്കുന്നു-
"ശരീരത്തിന്റെ ഭാഗമായി നിലനില്‍ക്കുമ്പോഴും അതില്‍ നിന്നു വിഭിന്നമായ ഒരു അസ്തിത്വം ബോധത്തിനുണ്ട്. ബോധവും ശരീരവും വേറെ വേറെ ആണെങ്കിലും-- " ബാക്കി അവിടെ വായിക്കുക.
ഏതായാലും ബൂലോകത്തിലെ മറ്റു പുലികളൊന്നും അവിടെയ്ക്കു വന്നില്ല. അതുകൊണ്ട് ആ വാദം പുലികള്‍ക്ക് സമ്മതമാണ് എന്നു കരുതട്ടെ.
അതായത് 'ശരീരം' എന്നു വിളിച്ച ആ കണം, അതിന്റെ നിയമങ്ങള്‍ ആയ സന്ദേശം ഇവ രണ്ടും രണ്ടാണ്.
ഒരു സന്ദേശം പ്രവര്‍ത്തിച്ചു ആ ശരീരം, പരിണമിച്ചു മറ്റൊന്നായി, അതിലെ സന്ദേശം വേറെ. അതു പരിണമിക്കുന്നത് എങ്ങനെ എന്ന സന്ദേശം അതിലുണ്ട്.
ആ സന്ദേശങ്ങള്‍ രണ്ടും രണ്ട്. രണ്ടിന്റെയും ധര്‍മ്മങ്ങള്‍ (properties) രണ്ട്.
ഒരു ഉദാഹരണം പറഞ്ഞാല്‍ H2O2 ഹൈഡ്രജന്‍ പെറൊക്സൈഡ് , H2O ജലം ഇവ പോലെ
ഹൈഡ്രജന്‍ പെറോക്സൈഡിനറിയാം അതെന്താണെന്നും അതെന്തൊക്കെ ചെയ്യണം എന്നും , ജലത്തിനറിയാം അതെന്താണെന്നും അതെന്തൊക്കെ ചെയ്യണം എന്നും.
കുറച്ചു നേരം വെളിയില്‍ വച്ചിരുന്നാല്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ജലമായി മാറും.
അപ്പോള്‍
ഇവയില്‍ ജലത്തിന് അറിയുമോ ഹൈഡ്രജന്‍ പെറൊക്സൈഡെന്താണ് ചെയ്തിരുന്നത് എന്ന്
അറിയുവാന്‍ വഴിയില്ല അല്ലേ?
Added Later 14/10/2008 10am
പണ്ടൊരിക്കല്‍ ഒരു മാര്‍ക്സിസ്റ്റ് നേതാവുമായി സംസാരിക്കുന്ന അവസരത്തില്‍ ഈ വൈരുദ്ധ്യാത്മകഭൗതികവാദം എന്താണെന്നു ചോദിച്ചു.
അദ്ദേഹത്തിന്റെ ഉത്തരം വളരെ രസകരമായിരുന്നു.
"താങ്കള്‍ ഇന്നാരുടെ പുസ്തകം വായിച്ചിട്ടുണ്ടൊ? ഒന്നു വായിച്ചു നോക്കണം. (ഒരു ഇംഗ്ലീഷ് പുസ്തകത്തെ കുറിച്ചാണ്) വായിച്ചാല്‍ നമുക്കൊന്നും ഒരക്ഷരം മനസ്സിലാവില്ല . അറിയുമോ? എന്നിട്ടാ ചോദിച്ചു കൊണ്ട് നടക്കുന്നത്"
അദ്ദേഹം എന്തോ മഹാകാര്യമാണ് പറഞ്ഞത് എന്ന് അദ്ദേഹം വിചാരിക്കുന്നു. വല്ലവനും എഴുതിയ കാര്യങ്ങള്‍ വായിച്ചു നോക്കി മനസ്സിലാക്കുവാന്‍ പോലും അറിയാത്ത ഇവനെ പോലെയുള്ള വിഡ്ഢിക്കൂശ്മാണ്ഡങ്ങള്‍ അതും പ്രചരിപ്പിച്ചു നടക്കുന്നു എന്നു ഞാനും വിചാരിച്ചു. എന്തു ചെയ്യാം എനിക്കു വിവരമില്ലാതായി പോയില്ലേ?
എന്നാല്‍ വായിച്ചാല്‍ മനസ്സിലാകുന്ന എന്തെങ്കിലും വായിച്ചു കൂടേ എന്നദ്ദേഹത്തിനോടു ചോദിച്ചിട്ട് അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടുമില്ല.
ഇതെന്തിനാണാവോ ഇപ്പോള്‍ എഴുതിയത് ?
ആ.
വായിച്ചാല്‍ മനസ്സിലാകാത്ത ചിലതു ചോദിച്ചു മനസ്സിലാക്കാം എന്നു വിചാരിച്ചാലും നമുക്കുള്ള വിവരക്കുറവു മൂലം ചിലര്‍ പറഞ്ഞു തരുന്നും ഇല്ല.:)
അതും ശരിയാണ് എന്തെങ്കിലും മനസ്സിലാകണം എങ്കില്‍ അതിനുള്ള അടിത്തറ വേണം. അതില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല.
( മുമ്പ് പലതവണ ഞാന്‍ 'അഥ' ശബ്ദം സംസ്കൃതഗ്രന്ഥങ്ങളില്‍ ഉപയോഗിക്കുന്നത് വിശദീകരിച്ചിരുന്നു ഇതേ അര്‍ത്ഥത്തില്‍)
അതിരിക്കട്ടെ.
രാജീവ് ചേലനാട്ട് പറഞ്ഞതുപോലെ ശരീരവും ബോധവും രണ്ടാണ് എന്നു തന്നെ തല്‍ക്കാലം വിചാരിക്കാം അല്ലേ?
ശരീരം നശിച്ചു എന്നു പറയുമ്പോള്‍ ബോധവും നശിച്ചു എന്നും കരുതാം അല്ലേ.
ഇനി നമുക്ക് മറ്റൊരു പോസ്റ്റിലേക്കു പോയി നോക്കാം
വിക്കിയിലെ ഒരു വാചകം എന്ന പോസ്റ്റില്‍ ഞാന്‍ ചോദിച്ചു - ഈ പരിണാമത്തിന്റെ വിശദാംശം അവിടെ ബാബുപറഞ്ഞ ചില കാര്യങ്ങള്‍.
ദേ ഇവിടെ http://indiaheritage.blogspot.com/2008/10/blog-post_11.html?showComment=1223809620000#c4706147078490743841
എനിക്കു വിവരമില്ലെന്നു മനസ്സിലാകുന്നതിനു മുമ്പായതു കൊണ്ട് അദ്ദേഹം ഇത്രയും പറഞ്ഞുതന്നു.
ഈ മുറിഞ്ഞു മുറിഞ്ഞ് ഊര്‍ജ്ജം റേഡിയറ്റ് ചെയ്യുന്നു- എന്നു പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ചോദിച്ച ചോദ്യത്തിലെ-
പരിണാമത്തിന്റെ ആ ശൃംഖലയിലെ ഒരു കണവും അടുത്ത കണവും തമ്മില്‍ ബന്ധം,ഇല്ല എന്നു തന്നെ അല്ലേ വായിക്കുന്നവര്‍ മനസ്സിലാക്കുന്നത്? അതോ എനിക്കു വിവരമില്ലാത്തതു കൊണ്ട് തോന്നുന്നതാണൊ?
ആകാന്‍ വഴിയില്ല കാരണം ആദ്യം പറഞ്ഞു -"ശാസ്ത്രത്തിന്റെ പഴയ ധാരണയായ steadiness അഥവാ ഭംഗമില്ലാത്ത തുടര്‍ച്ച തെറ്റായിരുന്നു ---" എന്നു തുടങ്ങിയ വാചകം.
കിച്ചു ആന്‍ഡ് ചിന്നു ക്ഷമിക്കണം - ഇടയ്ക്കിടക്ക് ആധുനികരെ ബുദ്ധിമുട്ടിക്കുന്നതില്‍-
ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ മാങ്ങ പഴുക്കുന്ന ഉദാഹരണത്തില്‍ ഞാന്‍ എഴുതിയ വാചകം -ഏറ്റവും അടുത്ത സമയതന്മാത്രയുടെ അപ്പുറവും ഇപ്പുറവും ഉള്ള ദ്രവ്യം വ്യത്യസ്ഥങ്ങളായിരിക്കും- എന്ന അര്‍ത്ഥം
ഈ വാചകത്തില്‍ നിന്നും "അതായത് ഒരു നിമിഷത്തില്‍ നാം കാണുന്ന വസ്തു, അടുത്ത നിമിഷത്തില്‍ നമുക്കു മനസ്സിലാകുന്നില്ല എങ്കില്‍ കൂടി മുമ്പിലത്തേതില്‍ നിന്നും വ്യത്യസ്ഥമാണ് എന്ന് അല്ലേ ?" ലഭിക്കുകയില്ലേ?
ഇല്ലെങ്കില്‍ എന്റെ തെറ്റ് എന്റെ തെറ്റ് എന്റേ വലിയ തെറ്റ് ആമേന്‍.
എങ്കില്‍ ഇപ്പോള്‍ അങ്ങനെ മനസ്സിലാക്കി കൊള്ളുക. എന്ത് ദ്രവ്യം പരിണമിക്കുന്നു എന്നു പറയുമ്പോള്‍ ഓരോരോ പ്രത്യേകം പ്രത്യേകം കഷണങ്ങളായാണ് പരിണമിക്കുന്നത് അനുസ്യൂതമല്ല എന്ന്.
രാജീവ് പറഞ്ഞതും ഇതും കൂട്ടി നോക്കാം അല്ലേ?
ശരീരം ബോധം ഇവ രണ്ടാണ് എന്നാലും ഒരു ശരീരത്തിന് അതിന്റേതായ ബോധം ഉണ്ട്, അതു നശിക്കുമ്പോള്‍ ആ ബോധവും നശിക്കുന്നു. എന്ന് രാജീവ്
അടുത്ത വസ്തുവിന് അതിന്റേതായ ഒരു ബോധം ഉണ്ട് അതു നശിക്കുമ്പോള്‍ ആ ബോധവും നശിക്കുന്നു. ആ ശൃംഖല അങ്ങനെ തുടരുന്നു മുറിഞ്ഞു മുറിഞ്ഞ് അല്ലേ?
ഇതു തന്നെയാണ് ബുദ്ധമതത്തിലെ വൈനാശികമതം പറയുന്നത്.
കിച്ചു ആന്‍ഡ് ചിന്നു വീണ്ടും ക്ഷമിക്കണം. രണ്ടും ഒരു പോലെ ആയതു കൊണ്ട് അറിയാതെ അങ്ങു പറഞ്ഞു പോകുന്നതാണ്.
ഇനി പറയാതിരിക്കുവാന്‍ ശ്രമിക്കാം (പക്ഷെ ഉറപ്പൊന്നുമില്ല കേട്ടൊ)
Added 14-10-2008 evening
പറഞ്ഞു വന്നത് രാജീവ്, ബാബു എന്നിവരുടെ അഭിപ്രായപ്രകാരം വസ്തു പരിണാമം നടക്കുന്നത് മുറിഞ്ഞു മുറിഞ്ഞാണ്. അവയിലുള്ള ബോധവും മുറിഞ്ഞു മുറിഞ്ഞതാണ്- തുടര്‍ച്ചയായതല്ല.
ഈ തത്വം ഏറ്റവും ചേരിയ വസ്തു മുതല്‍ ഏറ്റവും വലിയ വസ്തു വരെ ഒരുപോലെ തന്നെ ആയിരിക്കണം അല്ലേ അപ്പോഴല്ലെ ഇങ്ങനെപറയുവാന്‍ സാധിക്കൂ?
അല്ലാതെ ചെറുതിനിങ്ങനെ വലുതിന് വേറൊരു തരത്തില്‍ അങ്ങനെ വ്യത്യാസം ഉണ്ടാകില്ലല്ലൊ അല്ലേ?
ഇല്ല
കാരണം വിക്കിയില്‍ ദേ ഇങ്ങനെ ഒരു വാചകം കാണുന്നുണ്ട്
""Thus, the current logic of correspondence principle between classical and quantum mechanics is that all objects obey laws of quantum mechanics, and classical mechanics is just a quantum mechanics of large systems (or a statistical quantum mechanics of a large collection of particles). "
അപ്പോള്‍ വലുതിനും ഇതൊക്കെ തന്നെ നിയമങ്ങള്‍.
ഈ വലിയ സാധനം എന്നു പറയുമ്പോള്‍ നമ്മുടെ ശരീരവും അതില്‍ പെടില്ലേ?
നമ്മുടെ ശരീരവും ഉണ്ടായിരിക്കുന്നത് ഇതുപോലെ പരിണമിക്കുന്ന ചെറിയ ചെറിയ unit കളെ കൊണ്ടല്ലേ?
അവയ്ക്കൊക്കെയും അവയുടെതായ ഓരോ ബോധം ഇല്ലെ?
(ഇവിടെ ചിലര്‍ ഇല്ലെന്നു പറഞ്ഞേക്കാം, അവര്‍ വിഡ്ഢികളാണെന്നു സ്വയം മനസ്സിലാകുന്നതു വരെ അവരോടു പറഞ്ഞിട്ടു പ്രത്യേകിച്ചു കാര്യമൊന്നും ഇല്ലാത്തതുകൊണ്ട് അതിനുള്ള മറുപടി ഇനിയും വിശദീകരിക്കുന്നില്ല)
ആ ബോധവും അനുനിമിഷം വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നതല്ലേ?
വസ്തുവിന്റെ ഓരോ മുറിയലിലും ഓരോ പുതിയ ബോധം എന്നല്ലേ നിങ്ങള്‍ പറഞ്ഞത്?
അങ്ങനെ ഉള്ള ഒരു കൂട്ടം വസ്തുക്കള്‍ ഒരുമിച്ചു കൂടിയ പിണ്ഡം മാത്രമാണ് ജീവനുള്ള ശരീരം എന്നാണൊ നിങ്ങള്‍ പറയുന്നത്?
അപ്പോള്‍ രാജീവേ, ബാബൂ, ഒരു ചോദ്യം ഇതില്‍ രാജീവ് എവിടെയാണ് ബാബു എവിടെയാണ്?
ഓരോ കണത്തിലും രാജീവിന്റെ ഓരോ കണങ്ങള്‍ ഉണ്ടോ? അതും മുറിഞ്ഞു മുറിഞ്ഞാണൊ പരിണമിക്കുന്നത്?
Added 15-10-2008 morning
ഇനി ഇവിടെ നിന്നും അല്‍പം പിന്നിലേക്കു പോകാം
പൊയ്ക്കൂടേ അതോ വീണ്ടും കഷണം കഷണമായ വസ്തു- ബോധങ്ങളെന്ന വിഡ്ഢിത്തത്തെ കുറിച്ചു തന്നെ ചര്‍വിതചര്‍വണം നടത്തണോ? വേണ്ടല്ലൊ.
ആദ്യം പറഞ്ഞു വസ്തുവിനെ അംഗീകരിച്ചാല്‍ ബോധത്തിനിരിക്കുവാന്‍ സ്ഥലം ഉണ്ടാകില്ല, അതുപോലെ തന്നെ മറിച്ചും എന്ന്. ഒന്നുകില്‍ വസ്തു അല്ലെങ്കില്‍ ബോധം.
ഇതു മനസ്സിലാകണം എങ്കില്‍ സാധാരണ വിവരം മതി കേട്ടൊ.
നമ്മുടെ H2O2, H2O പറഞ്ഞ ഭാഗത്തേക്ക് തിരിച്ചൊരു യാത്ര.
H2O2 ഇല്‍ നിന്നും ഒരു [O] വിട്ടു പോയി അത് H2O ആകുമ്പോള്‍ അല്‍പസമയം വിടവുണ്ടെന്നു അല്ലേ ബാബുവിന്റെ അഭിപ്രായം - ക്വാണ്ടം സിദ്ധാന്തമനുസരിച്ച്, അതോ ബാബു അവിടെ വിടവില്ല എന്നു പറയുന്നോ? അതു തുടര്‍ച്ചയാണെന്നു പറയുന്നോ.
ബാബു മറുപടി പറയും എന്നു തോന്നുന്നില്ല.
പക്ഷെ രാജീവ് ബോധം നശിക്കും എന്നു പറഞ്ഞതില്‍ ആ വിടവുണ്ടെന്നു തെളിച്ചു പറയുന്നു.
ഇവിടെ ഒരു സംശയം വരും.
H2O2 വിനറിയാം അതെന്താണെന്നും അതിന്റെ ധര്‍മ്മങ്ങള്‍ എന്താണെന്നും അതതിനുസരിച്ച് പ്രവര്‍ത്തിക്കുന്നു. അതിലെ ഒരു ഓക്സിജന്‍ ആറ്റത്തെ വെളിയില്‍ വിടുന്നു. ജലം ഒരു ഓക്സിജന്‍ ആറ്റം എന്ന രണ്ടു വസ്തുക്കള്‍ എന്ന അവസ്ഥയെ പ്രാപിക്കുന്നു. ജലം ജലത്തിന്റെ ധര്‍മ്മങ്ങള്‍ നിറവേറ്റുന്നു ഓക്സിജന്‍ ആറ്റം അതിന്റെ ധര്‍മ്മങ്ങള്‍ നിറവേറ്റുന്നു.
H2O2 ഉണ്ടാകുവാന്‍ സഹായിച്ച ഹൈഡ്രജനും ഓക്സിജനും യഥാക്രമം അവയുടെ ധര്‍മ്മങ്ങള്‍ അറിയാമെകിലും കൂട്ടായിരിക്കുമ്പോള്‍ അവയുടെ ധര്‍മ്മം വേറേ ആണെന്നും അറിയം.
അപ്പോള്‍ രാജീവിന്റെ വാദം -- ശരീരത്തിനോടു ചേര്‍ന്നും എന്നാല്‍ അതില്‍ നിന്നു ഭിന്നവും ആയി നിലനില്‍ക്കുന്ന ഒരു പ്രജ്ഞ ആണ് ബോധം, ശരീരം നശിക്കുമ്പോള്‍ അതും നശിക്കും എന്നും പറഞ്ഞത് - ഇങ്ങനെ വ്യാഖ്യാനിക്കാമോ?
ഒരു പ്രോടോണും ഒരു ഇലക്റ്റ്രോണും വ്യത്യസ്ഥ ധര്‍മ്മങ്ങള്‍ ഉള്ളതായിരുന്നു എങ്കിലും അവ ചേര്‍ന്ന് ഹൈഡ്രജന്‍ ആയപ്പോള്‍ അതിന്റെ ഒരു ബോധം അതു വേറേ. അതായത് താല്‍ക്കാലികമായി പ്രോടൊണിന്റെയും ഇലക്റ്റ്രോണിന്റെയും ബോധം നശിച്ചു(?) എന്നു പറയാം.
അങ്ങനെ രണ്ട് ഹൈഡ്രജനും രണ്ട് ഓക്സിജനും ചേര്‍ന്ന് ഹൈഡ്രജന്‍ പെറോക്സൈഡായപ്പോള്‍ അതിനുള്ള ബോധം വേറേ. അവിടെ ഹൈഡ്രജന്റെയും ഓക്സിജന്റെയും ബോധം നശിച്ചു(?)
അതില്‍ നിന്നും ഒരു ഓക്സിജന്‍ ആറ്റം പോയപ്പോള്‍ അതു ജലമായി അതിനുള്ള ബോധം വേറേ. ഹൈഡ്രജന്‍ പെറോക്സൈഡിന്റെ ബോധം നശിച്ചു(?)
എങ്കില്‍ ഇനിയെനിക്കു ചോദിക്കുവാനുള്ളത് -
ഹൈഡ്രജന്‍ ആറ്റത്തിനറിയാം അത് രണ്ടെണ്ണം ഓക്സിജനുമായി ചേര്‍ന്നാല്‍ ജലം ആകാനുള്ളതാണ് എന്ന്, രണ്ട് ഓക്സിജനുകളുമായി ചേര്‍ന്നാല്‍ അത് ഹൈഡ്രജന്‍ പെറോക്സൈഡാണാകേണ്ടത് എന്ന്. അല്ലേ?
അതേ പോലെ തന്നെ ഓക്സിജന്‍ ആറ്റത്തിനും അതിലൊരെണ്ണം ഹൈഡ്രജനോടു ചേര്‍ന്നാല്‍ ജലം ആകണം എന്നും , രണ്ടെണ്ണം ചേര്‍ന്നാല്‍ ഹൈഡ്രജന്‍ പെറോക്സൈഡാകണം എന്നും അറിയാമായിരിക്കണം അല്ലേ?
ശരീരത്തിന്റെ ഒരു താല്‍ക്കാലിക പ്രജ്ഞ എന്നൊക്കെ രാജീവ് പറഞ്ഞത് ഹൈഡ്രജന്റെ ആ ശരീരം ഉണ്ടാകുമ്പോള്‍ അതിലുത്ഭവിക്കുന്ന താല്‍കാലികപ്രജ്ഞ അതായിരികണം അല്ലേ?
വിഷ്ണുപ്രസാദ് കവിതയില്‍ ചോദിച്ചതുപോലെ
മനസ്സിലാവ്‌ണ് ണ്ടോ ആവോ
ഉവ്വേ ഉവ്വേ അല്ലെങ്കില്‍ ഇല്ലേ ഇല്ലേ
എങ്കില്‍ വിക്കിയില്‍ എ ഒരു വാചകം എന്ന പോസ്റ്റില്‍ പാര്‍ത്ഥന്‍ ചോദിച്ച ഒരു ചോദ്യം ഞാന്‍ ഇപ്പോള്‍ ഇവിടെ ചോദിക്കട്ടെ. (അതിനവിടെ ഉത്തരം ഞാന്‍ പറയാഞ്ഞത് ഇവിടെ പറയാന്‍ പോകുന്നു എന്നറിയാവുന്നതുകൊണ്ടാണ്. മറ്റുള്ളവര്‍ പറയാത്തത് പറഞ്ഞാല്‍ അതവരുടെ മനസ്സാക്ഷിക്കു കുത്തലുണ്ടാക്കും എന്നതു കൊണ്ടൂം - അങ്ങനെ ഒന്നുണ്ടെങ്കില്‍- കൂട്ടത്തില്‍ വിവരവും ഉണ്ടെങ്കില്‍)
രണ്ടു ലിറ്റര്‍ ഹൈഡ്രജനും 1 ലിറ്റര്‍ ഓക്സിജനും കൂട്ടി വച്ചാല്‍ ജലം ഉണ്ടാകുമോ?
ഇല്ല
എന്തുകൊണ്ട്?
Added 15-10-2008 evening
കാരണം അതിനെ നിയന്ത്രിക്കുന്ന മറ്റ് എന്തോ ശക്തി- അഥവാ നിയമം ഉണ്ട്. അത് അതിനെ തടയുന്നു. അനുകൂല സാഹചര്യം വരുമ്പോള്‍ അനുവദിക്കുന്നു. അതു തന്നെ.
അതായത് ഹൈഡ്രജന്‍ എന്ന ആറ്റം ഒരേ സമയം അതിന്റെ സ്വന്തം നിയാമക ശക്തിയുടെയും മറ്റ് എന്തോ ഒരു ശക്തിയുടെയും നിയന്ത്രണത്തിലാണെന്നല്ലേ?
അതെന്താണെന്നതിനറിയാം അതെന്തൊക്കെയായി കൂടിച്ചേരണം എന്നറിയാം പക്ഷെ അതിനൊത്ത ഒരു വസ്തു അടുത്തു വന്നാലും മറ്റ് എന്തോ ഒരു ശക്തിയുടെ നിയന്ത്രണത്തില്‍ മാത്രമേ അതിനു യോജിക്കുവാനോ വിട്ടുപോകാനോ കഴിയുകയുള്ളു എന്ന്
അല്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് വിഭജിച്ച് ജലവും ഓക്സിജനും ആകുന്നതിനിടയ്ക്കുള്ള ആ വിടവില്‍(?) അത് യാതൊരു നിയന്ത്രണങ്ങളുടെയും അധീനതയിലല്ല ആണോ?
അങ്ങനെ ഒരു ശൂന്യത വരുമെങ്കില്‍ അതിനപ്പുറവും ഇപ്പുറവും ഉള്ള വസ്തുക്കള്‍ എന്തായിരിക്കണം എന്നു നിയമം ഉണ്ടാകില്ല - അവിടെ ചക്കയില്‍ നിന്നു മാങ്ങയോ തേങ്ങയോ ഉണ്ടായേക്കാം അല്ലേ?
അതുകൊണ്ടല്ലേ മഹാനായ ഐന്‍സ്റ്റൈന്‍ ഈ വാചകം പറഞ്ഞത്
"God doesn't play dice with the universe"
അര്‍ത്ഥം വിശദീകരിക്കേണ്ടല്ലൊ അല്ലേ?
ഈ ഒരു വാചകത്തില്‍ "GOD" എന്ന വാക്കുപയോഗിക്കുവാന്‍ ഐന്‍സ്റ്റൈന് ഒരു മടിയും ഉണ്ടായിരുന്നില്ല.
ഹൊ ഹൊ ഹൊ അദ്ദേഹം നമ്മുടെ ഇടയിലുള്ള 'മഹാജ്ഞാനി' കളോളം അറിവുള്ള ആളല്ലല്ലൊ അല്ലേ? സ്വാറി
അദ്ദേഹം ഉദ്ദേശിച്ച ആനുസ്യൂതപ്രവാഹം അതില്ലെന്നു പറയുന്ന ഈ "മഹാജ്ഞാനികള്‍"
യഥാര്‍ത്ഥത്തില്‍ ഈ അനുസ്യൂതപ്രവാഹം മാത്രമാണ് ഉള്ളത് , ഇടയ്ക്ക് പരിമിതമായ വസ്തുവിലുണ്ടെന്നു പറയുന്ന ആ ബോധമാണ് താല്‍ക്കാലികം, അല്ലാതെ അവ രണ്ടും രണ്ടല്ല.
അതു മനസ്സിലാക്കിയാല്‍ രാജീവ് പറഞ്ഞ - ബോധം ശരീരത്തിനോട് ബന്ധപ്പെട്ടതാണെങ്കിലും ശരീരനാശത്തില്‍ അതും നശിക്കുന്നു എന്നതിലെ "നശിക്കുന്നു" എന്ന ഭാഗം മാറ്റി രൂപാന്തരം സംഭവിക്കുന്നു എന്നാക്കിയാല്‍ വ്യക്തമാകും.
Added 15-10-2008 CONCLUDING
അവസാനമായി ഒരു വിഷയം കൂടി
രാജീവ് ചോദിച്ച ചോദ്യം
മാങ്ങ പഴുക്കുന്നത് ബോധത്തോടു കൂടിയാണോ എന്ന ചോദ്യം.
ഇതു വരെ വിശദീകരിച്ച രീതിയില്‍നിന്നും ഒരു വസ്തുവിന് അതിനെക്കുറിച്ച് "അറിയാവുന്ന" കാര്യങ്ങള്‍ - അതിന്റെ അതിരുകള്‍, അതിന്റെ properties, അതിനു ബാക്കി ചുറ്റും ഉള്ളവയുമായി ഉള്ള ബന്ധം ഇവയല്ലേ ബോധം എന്നു വ്യവഹരിക്കുവാന്‍ സാധിക്കുന്നത്. മേല്‍പറഞ്ഞ അനുസ്യൂതപ്രവാഹത്തിന്റെ ഭാഗമായിരികുമ്പോഴും തന്നെ അതിനുള്ളിലുള്ള ഒരു ചെറിയ അതിരിനുള്ളില്‍ തളച്ചിട്ടതായി കാണുന്ന ആ അറിവ്?
എനിക്കറിയാം ഞാന്‍ എന്റെ ശരീരത്തിനുള്ളില്‍ തളച്ചിടപ്പെട്ടതാണെന്ന്. എന്റെ അതിരുകള്‍ എനിക്കറിയാം. ഞാന്‍ എന്തൊക്കെ ചെയ്യുന്നു എന്നെനിക്കറിയാം, ചുറ്റുമുള്ളതൊന്നും എന്റെ ഭാഗങ്ങളല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.
ഇതേപോലെ രാജീവിനും അറിയാം.
നാം വളര്‍ത്തുന്ന നായക്കറിയാം അതിന്റെ ശരീരം അതിരുകള്‍ തുടങ്ങിയവ.
ഒരു ചെടി നോക്കിയാല്‍ അതിനും അറിയാം അതിന്റെ ശരീരം.
ഒരു വ്യത്യാസമുള്ളത് അറിവിന്റെ അളവിലാണ്.
താഴെക്കിടയിലുള്ള നാം നിര്‍ജ്ജീവവസ്തു എന്നു വിളിക്കുന്ന അവയ്ക്കും ഉണ്ടാവില്ലേ ഇതുപോലെ ഏതെങ്കിലും ഒരു നിലയിലുള്ള അറിവ്?
ഒരു ഇലക്ട്രോണ്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനറിയാം എങ്കില്‍ നിര്‍ജ്ജീവവസ്തുവിന് അറിവില്ല എന്നു വാദിക്കുന്നതിനു മുമ്പ് രണ്ടു വട്ടം ആലോചിക്കേണ്ടി വരും.
ദൈവം അഥവാ അനുസ്യൂതപ്രവാഹമായി ഞാന്‍ പറഞ്ഞ ഈ വസ്തുവിനെ ആണ് പരമാത്മാവ് എന്ന സംജ്ഞയാല്‍ ശ്രീശങ്കരന്‍ നിര്‍ദ്ദേശിക്കുന്നത്.
ആദ്യം പറഞ്ഞതുപോലെ താഴേക്കു താഴേക്കു വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ അവസാനം കാണുന്നത് അതുമാത്രമായിരിക്കും- അല്ലാതെ പദാര്‍ത്ഥം - ദ്രവ്യം ഉണ്ടാവില്ല- നിത്യശുദ്ധമായ ബോധം മാത്രം.
സംസ്കൃതശ്ലോകങ്ങളിലും, സൂത്രങ്ങളിലും ഒക്കെയായി പരന്നു കിടക്കുന്ന ഈ വെളിച്ചം നമ്മുടെ സാമാന്യജീവിതത്തില്‍ ഉപയോഗിക്കുന്ന terminology ഉപയോഗിച്ച് വിശദീകരിക്കുവാന്‍ ശ്രമിച്ചതാണ്. പാളിച്ചകള്‍ ഉണ്ടാകാം.
എഴുതുവാന്‍ പറഞ്ഞു ഫലിപ്പിക്കുവാന്‍ അറിയാത്തതിന്റെ കുഴപ്പം ഉണ്ടാകാം ധാരാളം. അറിവു കുറവിന്റെതായ പോരായ്മകളും ഉണ്ടാകാം.
ഒക്കെ ക്ഷമിച്ച് ഇതു വായിച്ച് അഭിപ്രായം രേഖപ്പെടൂത്തും എന്നു കരുതി തല്‍ക്കാലത്തേക്ക് നിര്‍ത്തുന്നു.