Saturday, September 27, 2008

കര്‍മ്മഫലം

ആത്യന്തികമായ ആത്മതത്വത്തെ കുറിയ്ക്കുന്ന ഭാഗത്ത്‌ ദര്‍ശനങ്ങള്‍ തമ്മില്‍ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും, നിലനില്‍ക്കുന്ന , നാം ഇന്ദ്രിയങ്ങള്‍ കൊണ്ടനുഭവിക്കുന്ന ജഗത്തിനെ പറ്റിയുള്ള വിവരണം വലിയ വ്യത്യാസമില്ല.

ആദ്യം ഒരു ദ്രവ്യം എന്ന അവസ്ഥയിലുള്ള , ഇന്ദ്രിയവേദ്യമായ ഒരു വസ്തു ഉണ്ടായിക്കഴിഞ്ഞാല്‍ അതിന്റെ ഭാവി എങ്ങനെ ആയിരിക്കും? അല്ലെങ്കില്‍ ആയിരിക്കാം?

ഇന്ദ്രിയവേദ്യമായ രൂപമാണ്‌ ഒരു വസ്തുവിന്റെ ശരീരം

ഏതൊരു വസ്തുവും അനുസ്യൂതമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ മുമ്പ്‌ മാങ്ങ പഴുക്കുന്ന ഒരു ഉദാഹരണം എഴുതിയിരുന്നു.

പച്ച മാങ്ങ കുറച്ചു ദിവസം വച്ചിരുന്നാല്‍ അത്‌ ക്രമേണ പഴുത്ത്‌ പഴുത്ത മാങ്ങയാകുന്നു. പുളിയുള്ള പച്ച നിറമുള്ള കടൂത്ത ദ്രവ്യം മധുരമുള്ള മഞ്ഞ നിറമുള്ള, മൃദുവായ ഒരു ദ്രവ്യമാകുന്നു.

ഒരേ ദിവസം തന്നെ അടുത്തടുത്ത സമയങ്ങളില്‍ നോക്കിയാല്‍ മങ്ങയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക്‌ വിഷയമല്ല - അവ നമുക്ക്‌ മനസ്സിലാകുന്നില്ല , എന്നാല്‍ സമയദൈര്‍ഘ്യം കൂടുന്നതിനനുസ്സരിച്ച്‌ വ്യത്യാസം മനസ്സിലാക്കത്തക്കവണ്ണം വെളിപ്പെടുന്നു.

ഇതിനര്‍ത്ഥം പരിണാമം എന്നത്‌ സൂഷ്മരൂപത്തില്‍ അനുനിമിഷം നടക്കുന്നു എന്നല്ലേ?

(ശരീരം എന്ന വാക്കിന്റെ നിഷ്പത്തി - "ശീര്യതെ ഇതി ശരീരം " = നശിക്കുന്നത്‌ ശരീരം- അനുനിമിഷം നശിക്കുന്നത്‌ എന്നര്‍ത്ഥം)

അതായത്‌ ഒരു നിമിഷത്തില്‍ നാം മനസ്സിലാക്കുന്ന വസ്തു അടുത്ത നിമിഷത്തില്‍ നമുക്കു മനസ്സിലാകുന്നില്ല എങ്കില്‍ കൂടി മുന്‍പിലത്തേതില്‍ നിന്നും വ്യത്യസ്ഥമാണ്‌ എന്ന്‌ അല്ലേ?

ക്രമമായി ഇങ്ങനെ പരിണാമം നടക്കുന്നതു കൊണ്ടാണ്‌ മാങ്ങ പഴുക്കുന്നത്‌ - അല്ലെങ്കില്‍ അതു പച്ചയായി തന്നെ ഇരുന്നേനേ അല്ലേ?

ഇതെ തത്വം തന്നെയാണ്‌ ഞാന്‍ സ്രോതസ്സിനെ കുറിച്ചെഴുതിയപ്പോഴും പറഞ്ഞത്‌. ഇതൊരു അനുസ്യൂതമായ ഒഴുക്കാണ്‌.

ഇനി ഈ ഒഴുക്കിന്റെ നിയന്താവ്‌ ആരാണ്‌?

അതായത്‌ ഈ ഒഴുക്കിനെ നിയന്ത്രിക്കുന്ന എന്തെങ്കിലും നിയമങ്ങള്‍ ഉണ്ടോ?

ഉണ്ടായിരിക്കണം.

ഇല്ലെങ്കിലോ?

മാങ്ങ പഴുക്കുമ്പോള്‍ പഴുത്ത ചക്ക ഉണ്ടായേക്കാം. അങ്ങനെ എന്തു കൊണ്ട്‌ സംഭവിക്കുന്നില്ല?

അതായത്‌ സധാരണഗതിയില്‍ ഒരു മാങ്ങ വച്ചിരുന്നാല്‍ അത്‌ ഇത്ര ദിവസത്തിനുള്ളില്‍ പഴുത്ത്‌ പഴുത്ത മാങ്ങയാകും എന്ന ഒരു നിയമം ഏതു മാങ്ങയ്ക്കും ഉണ്ട്‌. സാഹചര്യം അനുസരിച്ച്‌ അതിന്‌ അല്‍പസ്വല്‍പം വ്യത്യാസം വരാം

ഉദാഹരണത്തിന്‌ വയ്ക്കോല്‍ കൂട്ടി അതിനകത്തു വച്ചാലോ പുകച്ചാലോ പെട്ടെന്നു പഴുക്കും, ഫ്രിഡ്ജില്‍ വച്ചാല്‍ താമസിച്ചേ പഴുക്കൂ ഇത്യാദി - എന്നല്ലാതെ ഒരിക്കലും മാങ്ങ പഴുത്താല്‍ തേങ്ങയോ ചക്കയോ ഒന്നും ആവുകയില്ല. അത്‌ നിയമം ആണ്‌.

ഈ നിയമം മാങ്ങയ്ക്കു മാത്രമേ ഉള്ളോ?

അല്ല പ്രപഞ്ചത്തില്‍ ഉള്ള എല്ലാ വസ്തുക്കള്‍ക്കും ബാധകം ആണ്‌.

അപ്പോള്‍ പരിണാമം നിശ്ചിതം ആണ്‌. അതിന്റെ നിയമങ്ങളും നിശ്ചിതമാണ്‌ - സാഹചര്യത്തിന്‌ പങ്കുണ്ടെന്നു മാത്രം.

ആ നിശ്ചിതമായ പരിണാമത്തെ നമുക്ക്‌ നിയന്ത്രിക്കുവാന്‍ നമ്മുടെ കയ്യിലുള്ള ഒരേ ഒരായുധം ആണ്‌ നമ്മുടെ സാഹചര്യങ്ങളെ നിയന്ത്രിക്കുക്‌ ഏന്നത്‌ - ചുരുക്കത്തില്‍ നമ്മുടെ കര്‍മ്മങ്ങള്‍. നമ്മുടെ പരിണാമത്തെ നിയന്ത്രിക്കുന്നത്‌ നമ്മുടെ കര്‍മ്മങ്ങള്‍ ആയിരിക്കും എന്ന്‌ പൂര്‍വികര്‍ പറഞ്ഞു.

ആ വാക്കാണ്‌ കര്‍മ്മഫലം

ഭാരതീയദര്‍ശനങ്ങള്‍

ഈ പ്രപഞ്ചത്തിനെ കുറിച്ചറിയുവാന്‍ നമ്മുടെ പൂര്‍വികര്‍ ശ്രമിച്ചതിന്റെ ഫലം ആണ്‌ ദര്‍ശനങ്ങള്‍ - ഭാരതീയദര്‍ശനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌.

കോഴിയാണൊ മുട്ടയാണൊ ആദ്യം ഉണ്ടായത്‌ എന്നതിനു തീരുമാനമാകാത്തതു പോലെ ഏറ്റവും ആദി എന്തായിരുന്നു എന്നത്‌ തീരുമാനത്തിലെത്തുവാന്‍ ബുദ്ധിമുട്ടാണ്‌. അതുകൊണ്ട്‌ ആദി എന്നത്‌ എന്തോ ഉള്ള ഒന്ന്‌ എന്നു സങ്കല്‍പ്പിച്ചു.

അതില്‍ നിന്നാണ്‌ ഈക്കാണുന്ന പ്രപഞ്ചം മുഴുവനും ഉരുത്തിരിഞ്ഞത്‌

ഈ ഉള്ള ഒരു എന്തോ ഒന്ന്‌ വസ്തു (ദ്രവ്യം = matter) ആണോ, അല്ലയോ എന്നതില്‍ ആണ്‌ ആദ്യം ഉണ്ടായ തര്‍ക്കങ്ങള്‍.

ഈ ഉള്ള ഒരു വസ്തുവിന്‌ 'അവ്യക്തം' എന്നു പേരിട്ടു ചിലര്‍. നിര്‍വചിക്കുവാന്‍ സാധിക്കാത്തത്‌ എന്നര്‍ത്ഥത്തില്‍ അത്‌ സാംഗത്യമുള്ളതായി കരുതി. അത്‌ ഉണ്ടാകുവാന്‍ മറ്റ്‌ യാതൊരു കാരണവും ആവശ്യമില്ല കാര്യവും കാരണവും എല്ലാം അതു തന്നെ അത്രെ.

"സര്‍വഭൂതാനാം കാരണം അകാരണം ---" എന്നു തുടങ്ങുന്ന പാഠഭാഗം (സുശ്രുതം ശാരീരസ്ഥാനം സര്‍വഭൂതചിന്താശാരീരം) പറയുന്നു സര്‍വഭൂതാനാം = എല്ലാ ഭൂതങ്ങളൂടെയും
കാരണം = പ്രഭവസ്ഥാനം
അകാരണം = കാരണങ്ങളില്‍ നിന്നുണ്ടായതല്ല , അത്‌ ഉള്ളവസ്തു ആണ്‌.

പിന്നീട്‌ ഈ ഉരുത്തിരിയല്‍, തന്നെ ഉണ്ടായോ അതോ ആരെങ്കിലും ഉരുത്തിരിച്ചോ എന്ന തര്‍ക്കങ്ങള്‍.

കുശവന്‍ മണ്ണൂപയോഗിച്ചു കുടം ഉണ്ടാക്കുന്നതു പോലെ ആരെങ്കിലും ഒരാള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചാലേ ഏതൊരു വസ്തുവിനും മറ്റൊന്നാകുവാന്‍ കഴിയൂ - എന്നു വാദിക്കുന്നവ സേശ്വര ദര്‍ശനങ്ങള്‍. അവര്‍ സര്‍വശക്തനായ ഒരു ഈശ്വരനെ സങ്കല്‍പ്പിക്കുന്നു അദ്ദേഹം മേല്‍പറഞ്ഞ വസ്തു ഉപയോഗിച്ച്‌ പ്രപഞ്ചം ഉണ്ടാക്കുന്നു.

ന്യായ വൈശേഷികദര്‍ശനങ്ങളും പൂര്‍വമീമാംസയും ഇക്കൂട്ടത്തില്‍ പെടുന്നു. (സേശ്വരദര്‍ശങ്ങളുടെ കൂട്ടത്തിലാണ്‌ ചിലര്‍ സാംഖ്യയോഗങ്ങളെയും കൂട്ടുന്നത്‌. എനിക്ക്‌ അതില്‍ അഭിപ്രായവ്യത്യാസം ഉള്ളതുകൊണ്ട്‌ ഇങ്ങനെ എഴുതി)


മുമ്പു പറഞ്ഞ എല്ലാവരും വേദവാക്യങ്ങളെ ആയിരുന്നു തങ്ങള്‍ക്കിഷ്ടമുള്ളരീതിയി വ്യാഖ്യാനിച്ച്‌ പ്രപഞ്ചസ്രഷ്ടാവായി ഒരു ഈശ്വരനെ പ്രതിഷ്ഠിച്ചത്‌. അപ്പോള്‍ അവ്യക്തം എന്ന ഒരു വസ്തുവിനെ ഈശ്വരന്‍ എവിടെയോ ഇരുന്ന്‌ നിയന്ത്രിക്കുന്നു എന്നു വരുത്തി.

എന്നാല്‍ ശ്രീശങ്കരാചാര്യര്‍ ബ്രഹ്മസൂത്രത്തിനു ഭാഷ്യമെഴുതിയതോടു കൂടി ഇവയുടെ ഒക്കെ അലകും പിടിയും വേര്‍തിരിച്ചു. എല്ലാം ഒന്നില്‍ നിന്നു തുടങ്ങിയതാണ്‌ അല്ലാതെ വേറേ ഒരു ഈശ്വരനില്ല, അറിവ്‌ അഥവാ ബോധം എന്ന ആ "വസ്തു" അതു തന്നെയാണ്‌ നാം എല്ലാവര്‍ക്കും ഉള്ളിലുള്ളത്‌. അതു നാം അറിയുന്നില്ല എന്നേ ഉള്ളു, അതിനെ അറിയുവാന്‍ ശ്രമിക്കുക,അതായിത്തീരാനും നമുക്കു സാധിക്കും എന്നുദ്ഘോഷിക്കുന്ന അദ്വൈതസിദ്ധാന്തം അദ്ദേഹം കൊണ്ടു വന്നു.

സ്വാര്‍ത്ഥബുദ്ധിയില്ലാത്ത ശ്രേഷ്ഠവ്യക്തികള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌.അന്നു നിലവിലുണ്ടായിരുന്ന രീതിയ്ക്കനുസരിച്ച്‌ ശങ്കരാചാര്യര്‍ക്ക്‌ വേണമെങ്കില്‍ തന്റെപേരില്‍ ഒരു പുതിയ മതം തുടങ്ങി അതിന്റെ മേലാളായി വിലസാമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഉദ്ദേശം അതലായിരുന്നു, യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുക എന്നതു മാത്രമായിരുന്നു.

Friday, September 26, 2008

ജഡഭരതന്‍ ഭാരതം എന്ന പേരു

കമന്റ്‌ സ്വല്‍പം വലുതായതു കൊണ്ട്‌ ഒരു പോസ്റ്റാക്കുന്നു

ജഡഭരതന്‍ എന്ന ഒരു കഥാപാത്രത്തിന്റെ കഥയുണ്ട്‌.

ഒരു ബ്രാഹ്മണന്‌ ജനിച്ച നാലു മക്കളില്‍ നല്ല ആരോഗ്യം ഉണ്ടെങ്കിലും ഒരു മുനിയെ പോലെ ജീവിയ്ക്കുന്ന ഒരുവന്‍.

ആഹാരം കൊടുത്താല്‍ കഴിക്കും . കൊടുത്തില്ലെങ്കില്‍ ചോദിയ്ക്കുക പോലും ഇല്ല .

എല്ലാ ജോലികളും ചെയ്യും യാതൊരു പരാതിയും ഇല്ല എന്നല്ല മൗനത്തിലായിരിക്കും എല്ലായ്പ്പോഴും.

യാതൊരു കാര്യവും ആവശ്യപ്പെടുകയില്ല. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കര്യം.

ഒരിക്കല്‍ അദ്ദേഹം വഴിവക്കില്‍ ഇരിക്കുന്നു.


ആ ദേശത്തെ രാജാവ്‌ ഗുരുവിനെ തേടിയുള്ള യാത്രയില്‍ കപിലന്റെ അടുത്തു പോകുന്ന സമയത്ത്‌

രാജാവിന്റെ പല്ലക്കു ചുമക്കുവാന്‍ ആളു കുറവായതിനാല്‍ ആരോ ഇദ്ദേഹത്തെ വിളിച്ചുകൊണ്ടു വന്നു.

മറ്റു മൂന്നു പേരും സാധാരണ പല്ലക്കു ചുമട്ടുകാര്‍.

ജഡഭരതന്‍ നടക്കുമ്പോള്‍ വഴിയിലിള്ള ഉറുമ്പു പോലെയുള്ള ജന്തുക്കള്‍ക്കു പോലും തന്റെ പാദസ്പര്‍ശത്താല്‍ അപകടം വരാതെ ഇരിക്കുവാന്‍ നോക്കിയും ചാടിച്ചാടിയും ആണ്‌ നടന്നിരുന്നത്‌. അതിനാല്‍ പല്ലക്കിലിരുന്ന രാജാവിന്‌ ദേഷ്യം വരികയും നിന്നെ ഞാന്‍ മര്യാദ പഠിപ്പിക്കുന്നുണ്ട്‌" എന്ന പോലെയുള്ള ചില " വാക്കുകള്‍ ഉച്ചരിക്കുകയും ചെയ്തു.

ഇതുകേട്ട ജഡഭരതന്‍ തന്നെ എന്നു വച്ചാല്‍ തന്റെ ശരീരത്തെയാണോ , അതോ ആത്മാവിനെയാണോ മര്യാദ പഠിപ്പിക്കുന്നത്‌ എന്ന രീതിയില്‍ ചില ചോദ്യങ്ങള്‍ അങ്ങോട്ടു ചോദിച്ചു.

തുടര്‍ന്ന്‌ രാജാവും ഇദ്ദേഹവും തമ്മില്‍ നടന്ന വാഗ്വാദത്തില്‍ നിന്നും ഇദ്ദേഹം അസാമാന്യജ്ഞാനിയായ ഒരു വ്യക്തിയാണെന്നു മനസ്സിലായി
തുടര്‍ന്ന്‌ ഗുരുവായി ഇദ്ദേഹം മതി , താന്‍ ഇനി കപിലന്റെ അടുത്ത്‌ പോകുന്നില്ല എന്നു തീരുമാനിച്ച്‌ അദ്ദേഹം പല്ലക്കില്‍ നിന്നിറങ്ങി ജഡഭരതന്റെ പാദത്തില്‍ വീണു വണങ്ങി.

അപ്പോള്‍ ജഡഭരതന്‍ പറയുന്നുണ്ട്‌ രണ്ടു ജന്മങ്ങള്‍ക്കു മുമ്പ്‌ പതിനായിരത്തില്‍ പരം വര്‍ഷങ്ങള്‍ അജനാഭവര്‍ഷം ഭരിച്ച ഭരതനാണ്‌ താന്‍ എന്നും തന്റെ ഭരണം നിമിത്തമാണ്‌ അജനാഭവര്‍ഷത്തിന്‌ ഭാരതം എന്ന പേരു ലഭിച്ചതെന്നും. ഈ കഥ ഭാഗവതം മൂലത്തിലുണ്ട്‌. (ഇവിടെ ഒരു തത്വം കൂടി കാണിക്കുന്നു - ഗംഭീരനായി ഭാരതം ഭരിച്ച രാജാവായിട്ടും ഭാവിയില്‍ പല്ലക്കു ചിമക്കേണ്ടി വരുന്ന അവസ്ഥ)

ആ ഭരതന്‍ ഋഷഭന്റെ പുത്രനാണ്‌.

എന്നാല്‍ ശകുന്തളയുടെ പുത്രനായ ഭരതന്‍ ഭരിച്ചതുകൊണ്ടാണെന്ന്‌ വേറൊരു മതവും ഉണ്ട്‌.

Wednesday, September 24, 2008

ആധ്യാത്മികചിന്ത

വിശ്വാമിത്രന്റെ കഥ വായിച്ചു കഴിഞ്ഞു എങ്കില്‍ എനിക്കു ചില കാര്യങ്ങള്‍ പറയുവാനുണ്ട്‌.

ആധ്യാത്മികചിന്ത കൊണ്ട്‌ എന്താണ്‌ നേടുവാനുദ്ദേശിക്കുന്നത്‌ അതിന്റെ പൂര്‍ണ്ണഫലമാണ്‌ വിശ്വാമിത്രന്‍ എന്ന ബ്രാഹ്മണന്‍.

ഭൗതികസുഖത്തിന്റെ ഏറ്റവും ആകര്‍ഷകമായ കാമധേനുവിനു പിന്നാലെ പോയ വിശ്വാമിത്രന്‍ ശക്തിയുടെയും കാമത്തിന്റെയും ക്രോധത്തിന്റെയും എല്ലാം പരമമായ അവസ്ഥകള്‍ അനുഭവിച്ചുകഴിഞ്ഞു.

എന്നാല്‍ അതൊന്നും ശാശ്വതമായ സുഖം നല്‍കുന്നവയല്ലെന്നും, അതിനും മുകളില്‍ മറ്റ്‌ എന്തോ ഉണ്ടെന്നും മനസ്സിലായവനാണ്‌ വിശ്വാമിത്രന്‍.

ഭൂമിയില്‍ ജനിക്കുന്ന ഓരോ മനുഷ്യനും കടന്നു പോകുന്ന ഓരോ അവസ്ഥകള്‍ തന്നെയാണ്‌ ഈ കഥയില്‍ കൂടിവരച്ചു കാട്ടുന്നതും.

പക്ഷെ മറ്റു ജന്തുക്കളില്‍ നിന്നും വ്യത്യസ്ഥമായി വിശേഷബുദ്ധി ഒന്നുള്ളതിനാല്‍, മനുഷ്യന്‌ വേണമെങ്കില്‍ മറ്റുള്ളവരുടെ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ട്‌, ഇതിലെ ചില അവസ്ഥകള്‍ അനുഭവിക്കാതെ ഒഴിവാക്കുവാന്‍ സാധിക്കും.

അത്‌ അവനവന്റെ ചിന്താശക്തിക്കനുസരിച്ചിരിക്കും.

സുഖം എന്നത്‌ ഓരോരുത്തരെയും സംബന്ധിച്ച്‌ വ്യത്യസ്ഥ നിര്‍വചനങ്ങള്‍ ഉള്ളതാണ്‌.

ഞാന്‍ ആദ്യം എഴുതിയ മതം മനുഷ്യന്‌ വേണം വേണ്ടാ എന്ന ലേഖനത്തില്‍ പറഞ്ഞതു പോലെ അടിസ്ഥാനാവശ്യങ്ങള്‍ ലഭിക്കാത്തവന്‌ പ്രധാനം അവ തന്നെയാണ്‌.

അതിലെ പടികള്‍ ഓരോന്നും കടന്നവന്‌ വേണമെങ്കില്‍ ഇപ്രകാരം ചിന്തിക്കാം.

അഥവാ വിശ്വാമിത്രന്‍ ചെയ്തു എന്നു പറഞ്ഞതു പോലെ ആഹാരം ഉപേക്ഷിക്കുവാനുള്ള കരുത്ത്‌, ശ്വാസം ഉപേക്ഷിക്കുവാനുള്ള കഴിവ്‌ - (ഇവയെ ഇച്ഛാശക്തി എന്നര്‍ത്ഥത്തില്‍ മനസ്സിലാക്കുക.) ഇവയുള്ളവര്‍ക്ക്‌ തന്റെ ലക്ഷ്യം ഇന്നതാണെന്ന്‌ മനസ്സിലായാല്‍ അതിലേക്ക്‌ സ്വയം നേരത്തെ തന്നെ പോകാം.

താന്‍ പാരണ വീടുവാന്‍ വച്ച ആഹാരം , കഴിക്കുന്നതിനു തുടങ്ങുമ്പോള്‍ ദേവേന്ദ്രന്‍ വന്ന്‌ അതു യാചിക്കുന്നു. ഒട്ടും മടിക്കാതെ ആ ആഹാരം വിശ്വാമിത്രന്‍ ദേവേന്ദ്രനു നല്‍കുന്നു. - തുടര്‍ന്ന്‌ ശ്വാസനിരോധത്തോടുകൂടി വിശ്വാമിത്രന്‍ തപസ്സു തുടരുന്നു.

തന്റെ ജീവനെ പുല്ലുപോലെയേ വിലവയ്ക്കുന്നുള്ളു ആ അവസ്ഥയില്‍.

മൃഗങ്ങളുടെ നിലവാരത്തില്‍ നിന്നും ഉയര്‍ന്ന്‌ ചിന്തിക്കുന്നവര്‍ക്കു വേണ്ടി ഉള്ളതാണ്‌ തത്വശാസ്ത്രം.


"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"

ഈ ലോകത്തിലെ സമസ്ത ചരാചരങ്ങളും സുഖമുള്ളവയായി ഭവിക്കട്ടെ എന്ന് ഉദ്ഘോഷിക്കുന്ന ഒരു തത്വശാസ്ത്രം പറഞ്ഞ ഈ കഥ കേട്ടു കഴിഞ്ഞാല്‍ -

ഞാന്‍ മുമ്പ്‌ http://indiaheritage.blogspot.com/2007/12/basic-principles-of-ayurveda.html എഴുതിയ ""Don't take non-vegetarian diet if possible. It will spoil your mind also. Your thinking will become carnivorous and you will not have mental peace. "

ഈ വാചകത്തിന്റെ അര്‍ത്ഥം ചിലപ്പോള്‍ മനസ്സിലാകും.


ഹൈന്ദവധര്‍മ്മം എന്താണെന്ന് ചോദിച്ചാല്‍ ഇത്രയേ ഉള്ളു.

ഭര്‍തൃഹരിയുടെ ഒരുശ്ലോകമുണ്ട്‌

അതിന്റെ അര്‍ത്ഥം ഇപ്രകാരമാണ്‌ " മജ്ജയില്ലാത്ത ഉണങ്ങിയ നാറുന്ന, ഒരു കഴുതയുടെ എല്ലിന്‍ കഷണം കടിച്ചുവലിക്കുന്ന നായ, തന്റെ അരികില്‍ കൂടി ദേവേന്ദ്രന്‍ എങ്ങാനും പോകുന്നതുകണ്ടാല്‍ , ദേവേന്ദ്രന്‍ ആ ഏല്ലിന്‍ കഷണം തന്റെ കയ്യില്‍ നിന്നും പിടിച്ചുപറിയ്ക്കുവാന്‍ വന്നതാണൊ എന്നു ശങ്കിച്ച്‌ മുറുമുറുക്കും എന്ന്‌."



അതു മനസ്സിലാക്കാതെ രണ്ടു കൂട്ടര്‍ തമ്മില്‍ തല്ലുന്നതാണ്‌ ഇന്നു കാണുന്നത്‌ - ഒരു കൂട്ടര്‍ തങ്ങള്‍ വിശ്വസിക്കുന്ന ചില അബദ്ധങ്ങള്‍ ഹൈന്ദവതയാണെന്നു പറഞ്ഞു പരത്തുന്നു.

മറ്റൊരു കൂട്ടര്‍ അതെന്താണെന്നു പഠിച്ച്‌ തിരുത്തുവാന്‍ ശ്രമിക്കാതെ, എതിര്‍ത്ത്‌ രംഗം വഷളാക്കുന്നു. എതിര്‍ക്കും തോറും രംഗം വഷളാവുകയേ ഉള്ളൂ. കാരണം രണ്ടു കൂട്ടരും പിടിച്ച മുയലുകള്‍ക്ക്‌ കൊമ്പ്‌ ഒരുപാടാണ്‌.

Friday, September 19, 2008

വിശ്വാമിത്ര കഥ തുടരുന്നു- ബ്രാഹ്മണ്യപ്രാപ്തി

രംഭയെ വിളിച്ച്‌ ദേവേന്ദ്രന്‍ ഇപ്രകാരം പറഞ്ഞു.
"സുരകാര്യമിദം രംഭേ കര്‍ത്തവ്യം സുമഹത്‌ ത്വയാ
ലോഭനം കൗശികസ്യേഹ കാമമോഹസമന്വിതം"

അതേ വിശ്വാമിത്രനെ പ്രലോഭിപ്പിച്ച്‌ കാമത്തിനും മോഹത്തിനും വശംവദനാക്കുക. ഇതാണ്‌ നീ ചെയ്യേണ്ടത്‌.
എന്നാല്‍ രംഭ വിശ്വാമിത്രന്റെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഭയവിഹ്വലയായി, അങ്ങോട്ടു പോകാന്‍ വിസമ്മതിച്ചു.
പക്ഷെ ദേവെന്ദ്രന്‍ സമാധാനിപ്പിച്ചു. നീ ഒട്ടും ഭയക്കേണ്ട ഞാനും കാമദേവനും മറ്റ്‌ മരുത്‌ ഗണങ്ങളും നിന്നെ അനുഗമിക്കാം. വസന്തകാലം വരികയും കുയിലുകള്‍ കളകളാരവം പൊഴിക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ അവിടെ എത്തിയിരിക്കും നീ ഭയക്കാതെ പൊയ്ക്കൊള്ളൂ.

രംഭ പോയി. വസന്തകാലം വന്നു, കുയിലുകളുടെ കൂജനം കൊണ്ട്‌ ആ പ്രദേശം മുഖരിതമായി.

പക്ഷെ വിഷയം വിശ്വാമിത്രന്‌ മനസ്സിലായി. അവന്‍ കാമത്തിന്‍ അതീതനായി കഴിഞ്ഞിരുന്നു. രംഭയുടെ ആകാരസൗഷ്ഠവത്തിനോ, ലാസ്യനടനത്തിനോ അദ്ദേഹത്തില്‍ ഒരു വികാരവും സൃഷ്ടിക്കുവാന്‍ കഴിഞ്ഞില്ല, പകരം തപസ്സിനെ ഭഞ്ജിക്കുവാന്‍ ശ്രമിച്ച രംഭയെ കല്ലായി പതിനായിരം കൊല്ലം വസിക്കുവാന്‍ ശപിക്കുകയാണുണ്ടായത്‌.

ശാപമോക്ഷമായി വസിഷ്ഠന്‍ അവളെ അത്രയും കാലത്തിനു ശേഷം മോചിപ്പിക്കും എന്നും അനുഗ്രഹിച്ചു.(നോക്കണം ആ ജോലിയും വസിഷ്ഠനാണ്‌ കൊടുത്തത്‌. ആദ്യം വസിഷ്ഠന്‍ തന്റെ ശത്രുവായിരുന്നു എന്നോര്‍ക്കുക)

ശാപം കേട്ട പാതി കേള്‍ക്കാത്ത പാതി മറഞ്ഞു നിന്നിരുന്ന ദേവേന്ദ്രന്‍ കടന്നുകളയുകയും ചെയ്തു ( എന്തൊരു സ്നേഹം, ആശ്രിതവാത്സല്ല്യം അല്ലേ?)

പക്ഷെ വിശ്വാമിത്രന്‍ ക്രോധമുണ്ടായതു കൊണ്ടല്ലെ അവളേ ശപിച്ചത്‌? അപ്പോള്‍ അതുവരെ ചെയ്ത തപസ്സും ഫലശൂന്യമായി.

ഇതു മനസ്സിലാക്കിയ വിശ്വാമിത്രന്‍ തീരുമാനിച്ചു. ഇനി മൗനവ്രതം എടുക്കുക തന്നെ . - വാക്കില്‍ കൂടിയാണ്‍` അനേകം ആപത്തുകള്‍ വരുന്നത്‌. അതുകൊണ്ട്‌ ഇനിമേലില്‍ താന്‍ മൗനം ആചരിക്കുവാന്‍ പോകുന്നു. - പോരാ ശ്വാസം കഴിച്ചാലല്ലെ വര്‍ത്തമാന്‍ പരയുവാന്‍ സാധിക്കൂ. അതുപോലും ഒഴിവാക്കുന്നു.

നൂറു കൊല്ലം ശ്വാസം നിരോധിച്ച്‌ തപസ്സു ചെയ്യുവാന്‍ തീരുമാനിച്ചു.
"അഥവാ നോഛ്വസിഷ്യാമി സംവത്സരശതാന്യപി--"

പിന്നീടതും മാറ്റി ബ്രാഹ്മണ്യം ലഭിക്കുന്നതുവരെ ശ്വാസം നിരോധിക്കുവാന്‍ തീരുമാനിച്ചു.

താവത്‌ യാവദ്ധി മേ പ്രാപ്തം ബ്രാഹ്മണ്യം തപസാര്‍ജ്ജിതം
അനിഛ്വസന്നഭുഞ്ജാനസ്തിഷ്ഠേയം ശാശ്വതീഃ സമാ"

ഇ തീരുമാനം കൈക്കൊണ്ട വിശ്വാമിത്രന്‍ ആ ദിക്കു വിട്ട്‌ കിഴക്കുദിക്കില്‍ പോയി ആയിരം കൊല്ലം കഠിനമായ തപസ്സു ചെയ്തു.

ആ തപസ്സിനവസാനം പാരണ വീടുവാന്‍ തുനിഞ്ഞ വിശ്വാമിത്രനെ പരീക്ഷിക്കുവാന്‍ വീണ്ടും എത്തി ദേവേന്ദ്രന്‍. ഇത്തവണ ഒരു ദ്വിജന്റെ രൂപത്തില്‍ ഭിക്ഷ യാചിക്കുവാനാണ്‌ എത്തിയത്‌. പാരണയ്ക്കുള്ള അന്നം ദേവെന്ദ്രനു നല്‍കി വിശ്വാമിത്രന്‍ തപസ്സ്‌ മുടക്കാതെ തുടര്‍ന്നു.
ആ തപസ്സ്‌ ആയിരം വര്‍ഷം തുടര്‍ന്നു.

ആ സമയത്ത്‌ ദേവകള്‍ ബ്രഹ്മാവിനടൂത്തെത്തി ഇപ്രകാരം പറഞ്ഞു " പലവിധത്തില്‍ വിശ്വാമിത്രനെ കാമമോഹിതനാക്കുവാനും , ക്രോധിപ്പിക്കുവാനും ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ അവന്‍ എല്ലാതരത്തിലും അതിനെ ഒക്കെ അതിജീവിച്ചിരിക്കുന്നു. ഇപ്പോള്‍ അവനില്‍ സൂക്ഷ്മമായ ഒരു ദോഷം പോലും കാണുവാനില്ല. അവന്‍ ബ്രാഹ്മണപദവിക്ക്‌ അര്‍ഹനായിരികുന്നു "

തുടര്‍ന്ന്‌ ബ്രഹ്മാവ്‌ ദേവഗണങ്ങളോടൂ കൂടി വിശ്വാമിത്രന്റെ അടുത്തു ചെന്ന്‌ ഇപ്രകാരം പരഞ്ഞു
"ബ്രഹ്മര്‍ഷേ സ്വാഗതം തേസ്തു തപസാ സ്മ സുതോഷിതാഃ
ബ്രാഹ്മണ്യം തപസോഗ്രേണ പ്രാപ്തവാനസി കൗശിക"

അല്ലയോ ബ്രഹ്മര്‍ഷി വിശ്വാമിത്ര അങ്ങേയ്ക്കു സ്വാഗതം. അങ്ങയുടെ ഉഗ്രമായ തപസ്സില്‍ ഞങ്ങള്‍ സന്തുഷ്ടരായി. അങ്ങ്‌ ബ്രാഹ്മണനായിരിക്കുന്നു.

അപ്പോള്‍ വിശ്വാമിത്രന്‌ ഒരു ആഗ്രഹം വസിഷ്ഠന്‍ കൂടി താന്‍ ബ്രാഹ്മണനായി എന്ന്‌ അംഗീകരിക്കണം.

"തതഃ പ്രസാദിതോ ദേവൈര്‍വസിഷ്ഠോ ജപതാം വരഃ
സഖ്യം ചകാര ബ്രഹ്മര്‍ഷിരേവമസ്ത്വിതി ചാബ്രവീത്‌"
ബ്രഹ്മര്‍ഷിസ്ത്വം ന സന്ദേഹ --"

വസിഷ്ഠനും മറ്റു ദേവതകളും എല്ലാം വിശ്വാമിത്രന്‍ ബ്രഹ്മര്‍ഷിയായതായി അംഗീകരിച്ചു.

അപ്പോള്‍ വിശ്വാമിത്രന്‍ ആദ്യം ചെയ്തതെന്താണെന്നു കേള്‍ക്കണ്ടേ?

ഞാന്‍ അക്ഷരശാസ്ത്രത്തിന്റെ ആദ്യത്തെ പോസ്റ്റില്‍ ഇക്കഥ എഴുതുവാനായാണ്‌ ഇതു തുടങ്ങിയതു തന്നെ. പിന്നെ എതിലേ ഒക്കെയോ പോയി അവസാനം ഇവിടെ തന്നെ എത്തി.

" വിശ്വാമിത്രസ്തു ധര്‍മ്മാത്മാ ലബ്ധ്വാ ബ്രാഹ്മണ്യമുത്തമം
പൂജയാമാസ ബ്രഹ്മര്‍ഷിം വസിഷ്ഠം ജപതാം വരം"

തന്റെ ശത്രുവായി ആദ്യം കണക്കാക്കിയിരുന്നതും , ആരെ തോല്‍പ്പിക്കുവാന്‍ വേണ്ടി ഇക്കണ്ട പാടെല്ലാം പെട്ടുവോ ആ വസിഷ്ഠനെ പൂജിച്ചു എന്ന്‌

ഇനി പറയൂ- ബ്രാഹ്മണന്‍ എന്നാല്‍ എന്താണ്‌ എത്ര ബ്രഹ്മണമാരെ നിങ്ങള്‍ കണ്ടിരിക്കുന്നു?
കാല്‍ ആരുടെ ഒക്കെ കഴുകിച്ചൂട്ടാം?

Saturday, September 13, 2008

“പ’ കാണുന്നില്ലല്ലൊ (പ. സാറേ

എതിരന്‍ ജിയുടെ കമന്റില്‍ ഒരു അവിശ്വാസത്തിന്റെ ലാഞ്ഛന തോന്നിയതു കൊണ്ട്‌ ഞാന്‍ എന്റെ പുസ്താത്തിലെ ആ വാക്ക്‌ പടമായി എടുത്ത്‌ പോസ്റ്റുന്നു.
അതാണ്‌ ശരി എന്ന്‌ കടും പിടുത്തമൊന്നുമില്ല കേട്ടോ.

എന്റെ കയ്യിലുള്ള വാല്‌മീകിരാമായണത്തില്‍ നാലിടത്തു നിന്നും ശുനഃശേപന്‍ എന്ന വാക്ക്‌ കണാം

പുസ്തകത്തിന്റെ പുറം താളിന്റെ പടവും ഉണ്ട്‌. ഗീതാ പ്രസ്‌ ഗോരഖ്‌പുരിന്റെ ആണ്‌ പുസ്തകം.

ഇനിയുള്ളിടത്തും പ തന്നെ ആണ്‌ അതാണ്‌ ഞാന്‍ ആദ്യം എഴുതിയത്‌.

രണ്ടും ശരിയായിരിക്കാം എന്ന്‌ ആണെന്നല്ല.



വിശ്വാമിത്രന്റെ കഥ തുടരുന്നു - മേനകയുടെ വരവ്‌

വിശ്വാമിത്രന്റെ കഥ തുടരുന്നു - മേനകയുടെ വരവ്‌

അങ്ങനെ വിശ്വാമിത്രന്‍ പുഷ്കരങ്ങളില്‍ തപസ്സു വളരെക്കാലം ചെയ്തു കൊണ്ടിരിക്കുന്ന അവസരത്തില്‍ ഒരിക്കല്‍, അപ്സരസ്സായ മേനക പുഷ്കരതീര്‍ഥത്തില്‍ കുളിക്കുവാനെത്തി.

ജലത്തില്‍ വിദ്യുത്തുപോലെ തിളങ്ങുന്ന അവളുടെ മേനിയഴലില്‍ ഭ്രമിച്ച വിശ്വാമിത്രന്‍ കാമമോഹിതനായി അവളെ തന്റെ ആശ്രമത്തില്‍ താമസിക്കുവാനായി വിളിച്ചു.

മേനക സമ്മതിച്ചു . ആശ്രമത്തില്‍ വസിച്ചു. കാലം പോയതറിഞ്ഞില്ല. കുറേയേറെക്കാലം കഴിഞ്ഞപ്പോഴാണ്‌ വിശ്വാമിത്രന്‌ ബോധം വരുന്നത്‌.
ശെടാ താന്‍ ബ്രാഹ്മണനാകുവാന്‍ തപസ്സു ചെയ്യുവാനല്ലേ വന്നത്‌? ഇപ്പോള്‍ എന്തായി?

വീണ്ടൂം തപസ്സ്‌ ഗോവിന്ദ.

ഈ ബോധംവന്നിട്ടും വിശ്വാമിത്രന്‍ വിചാരിക്കുന്നത്‌ എന്താണെന്നു നോക്കണേ-
മുമ്പ്‌ പറഞ്ഞതു പോലെ തന്റെ അല്ല കുറ്റം , കുറ്റമെല്ലാം മറ്റുള്ളവരുടെ. ദേവന്മാര്‍ തന്നെ ചതിച്ചതാണത്രെ. അല്ലാതെ ഒന്നും തന്റെ തെറ്റല്ല.

കേള്‍ക്കുക-"
തപസോ ഹി മഹാവിഘ്നോ വിശ്വാമിത്രമുപാഗതം
തസ്യാം വസന്ത്യാം വര്‍ഷാണി പഞ്ച പഞ്ച ച രാഘവ
വിശ്വാമിത്രാശ്രമേ സൗമ്യേ സുഖേന വ്യതിചക്രമു

-----------------

ബുദ്ധിര്‍മുനേഃ സമുല്‍പന്നാ സാമര്‍ഷാ രഘുനന്ദന
സര്‍വാ സുരാണാം കര്‍മ്മൈതത്‌ തപോപഹരണം മഹത്‌"

പോരേ. അവനവന്‍ കാണിക്കുന്ന കൊള്ളരുതാഴികകള്‍ക്കൊക്കെ ഉത്തരവാദി ആര്‌ ദേവന്മാര്‍. അവര്‍ തപസു മുടക്കി അത്രെ.

അതുകൊണ്ട്‌ എന്തു ചെയ്യണം ഈ ദിക്കു വിട്ട്‌ വേറേ വല്ലയിടത്തും പോകണം - തടസ്സമില്ലാത്തിടത്ത്‌.

മറ്റുള്ളവര്‍ക്കും ദേശത്തിനും എല്ലാം കുറ്റം. താന്‍ ശുദ്ധന്‍.

അങ്ങനെ ബോധോദയം വന്ന വിശ്വാമിത്രന്‍ മേനകയെ പറഞ്ഞയച്ചശേഷം വടക്ക്‌ ഹിമവത്‌ പര്‍വതദേശത്തുള്ള കൗശികീതീരത്തുപോയി വളരെ കഠിനമായ തപസ്സനുഷ്ഠിച്ചു.

"മേനകാം മധുരൈര്‍വാക്യൈര്‍വിസൃജ്യ കുശികാത്മജഃ
ഉത്തരം പര്‍വതം രാമ വിശ്വാമിത്രോ ജഗാമ ഹ
സ കൃത്വാ നൈഷ്ഠികീം ബുദ്ധിം ജേതുകാമോ മഹായശാഃ
കൗശികീതീരമാസാദ്യ തപസ്തേപേ ദുരാസദം"

ഇക്കഥയില്‍ എന്താകാം പറഞ്ഞിരിക്കുന്നത്‌? വിശ്വാമിത്രന്‌ കാമത്തിലുള്ള പ്രതിപത്തിയെ അടക്കുവാനുള്ള കഴിവു കിട്ടണം എന്നാശയുണ്ടായി അതിനു വേണ്ടി മേനകയെ യും ആദേശത്തെയും ത്യജിച്ച്‌ അതിനുള്ള ശ്രമം ചെയ്തു എന്നായിരിക്കാം അല്ലേ?

അങ്ങനെ ആയിരം വര്‍ഷം തപസ്സു ചെയ്തു കഴിയുമ്പോള്‍ ബ്രഹ്മാവ്‌ വീണ്ടും എത്തുന്നു. എന്നിട്ടോ വിശ്വാമിത്രനെ മഹര്‍ഷിയായിരിക്കുന്നു എന്നനുഗ്രഹിക്കുന്നു.
കേള്‍ക്കുക
"തസ്യ വര്‍ഷസഹസ്രാണി ഘോരം തപ ഉപാസതഃ
---------------------------സര്‍വലോകപിതാമഹഃ
അബ്രവീന്മധുരം വാക്യം വിശ്വാമിത്രം തപോധനം
മഹര്‍ഷേ സ്വാഗതം വത്സ തപസോഗ്രേണ തോഷിതഃ
മഹത്വമൃഷിമുഖ്യത്വം ദദാമി തവ കൗശിക"

ആയിരം വര്‍ഷം ഘോരമായ തപസ്സു ചെയ്ത വിശ്വാമിത്രനെ കണ്ട്‌ ദേവതകള്‍ ബ്രഹ്മാവിനോട്‌ പറഞ്ഞു വിശ്വാമിത്രന്‍ മഹര്‍ഷിപദത്തിന്‌ അര്‍ഹനായിരിക്കുന്നു എന്ന്‌. അതുകേട്ട ബ്രഹ്മാവ്‌ അവിടെ എത്തി വിശ്വാമിത്രനെ വിളിച്ചു പറഞ്ഞു " അല്ലയോ കൗശിക വിശ്വാമിത്ര നിനക്ക്‌ നിന്റെ തപസ്സില്‍ സന്തോഷിച്ച്‌ ഞാന്‍ മഹര്‍ഷി എന്ന പദവി ഋഷികളില്‍ മുഖ്യനായ അവസ്ഥ നല്‍കുന്നു.

മഹര്‍ഷി പദം ലഭിച്ച വിശ്വാമിത്രന്‍ സന്തോഷിച്ചുവോ?

ഇല്ല. അദ്ദേഹത്തിന്‌ ബ്രാഹ്മണനാണ്‌ ആകേണ്ടത്‌

ഇത്തവണ ബ്രഹ്മാവിനോട്‌ സംസാരിക്കുവാന്‍ അദ്ദേഃഅത്തിന്‌ അവസരം ലഭിച്ചു. മുമ്പൊക്കെ ബ്രഹ്മാവ്‌ അനുഗ്രഹം കൊടുക്കുകയും പോകുകയും ഒന്നിച്ചായിരുന്നു അതിനാല്‍ വിശാമിത്രന്‌ സംസാരിക്കുവാന്‍ നേരം കിട്ടിയിരുന്നുല്ല. ഇവിടെ അതിനല്‍പം സാവകാശം കിട്ടി - മഹര്‍ഷിയായതിനാലായിരിക്കാം അല്ലേ?

ഏതായാലും കിട്ടിയ അവസരം വിശ്വാമിത്രന്‍ ഉപയോഗിച്ചു. അദ്ദേഹം പറഞ്ഞു " അല്ലയോ ബ്രഹ്മദേവ എനിക്ക്‌ ബ്രാഹ്മണനാ ആകേണ്ടത്‌ ആ പദവി തന്നാലും, എന്നാലേ ഞാന്‍ 'ജിതേന്ദ്രിയനായി' എന്നു കരുതുകയുള്ളൂ "

നോക്കുക . ജിതേന്ദ്രിയന്‍ എന്ന പദം ഉപയോഗിച്ചത്‌. പൂണുനൂലിട്ടതുകൊണ്ടും ബ്രഹ്മത്തെ അറിയണം എന്നാഗ്രഹിച്ചതു കൊണ്ടും ഒന്നും ബ്രാഹ്മണനാകുകയില്ല. അതിനു കടമ്പകള്‍ ഏറെയുണ്ട്‌.

വിശ്വാമിത്രന്റെ വാക്കുകള്‍
"ബ്രഹ്മണസ്തു വചഃ ശ്രുത്വാ വിശ്വാമിത്രസ്തപോധനഃ
പ്രാഞ്ജലിഃ പ്രണതോ ഭൂത്വാ പ്രത്യുവാച പിതാമഹം
ബ്രഹ്മര്‍ഷിശബ്ദമതുലം സ്വാര്‍ജ്ജിതൈഃ കര്‍മ്മഭിഃ ശുഭൈഃ
യദി മേ ഭഗവന്നാഹ തതോഹം വിജിതേന്ദ്രിയഃ"

എന്നാല്‍ ബ്രഹ്മാവ്‌ അത്ര പൊട്ടനല്ല. അദ്ദേഹം തുറന്നു പറഞ്ഞു വിശ്വാം,ഇത്ര അങ്ങ്‌ ഇതുവരെ ജിതേന്ദ്രിയനായിട്ടില്ല. ഇനിയും ശ്രമിക്കൂ. സമയമാകുമ്പോള്‍ ഞാന്‍ വരാം

"തമുവാച തതോ ബ്രഹ്മാ ന താവത്‌ ത്വം ജിതേന്ദ്രിയഃ
യതസ്വ മുനിശാര്‍ദ്ദൂല ഇത്യുക്ത്വാ ത്രിദിവം ഗത"

കേള്‍ക്കുന്നില്ലേ? കൊല്ലങ്ങള്‍ ആയിരങ്ങള്‍ കണക്കിനാണ്‌ ഇതുവരെയും പറഞ്ഞത്‌ അതും ഓര്‍ക്കുമല്ലൊ.

അതും കഴിഞ്ഞ്‌ ബ്രഹ്മാവും ദേവന്മാരും പോയി.

വിശ്വാമിത്രന്‍ അതുവരെ ഫലമൂലങ്ങള്‍ മാത്രം ഭക്ഷിച്ച്‌ കാട്ടില്‍ താമസിക്കുന്ന രീതിയായിരുന്നു എന്നു പറഞ്ഞല്ലൊ.

എന്നാല്‍ ഇതുമുതല്‍ അങ്ങോട്ട്‌ വിശ്വാമിത്രന്‍ ഫലമൂലാദികള്‍ ഒഴിവാക്കി. അപ്പോള്‍ ഭക്ഷണം?

വായുഭക്ഷണം മാത്രം. തപസ്സോ ചൂടുകാലത്ത്‌ പഞ്ചാഗ്നിമധ്യത്തില്‍, മഴക്കാലത്ത്‌ മഴയില്‍ കുളിച്ച്‌, തണുപ്പുകാലത്ത്‌ നദിയില്‍ ഇറങ്ങി നിന്ന്‌, സ്ഥിതിയോ കയ്കള്‍ ഉയര്‍ത്തി നിരാലംബനായി.

കേള്‍ക്കുക
"വിപ്രസ്ഥിതേഷു ദേവേഷു വിശ്വാമിത്രോ മഹാമുനിഃ
ഊര്‍ദ്ധ്വബാഹുര്‍നിരാലംബോ വായുഭക്ഷസ്തപശ്ചരന്‍
ഘര്‍മ്മേ പഞ്ചതപാ ഭൂത്വാ വര്‍ഷാസ്വാകാശസംശ്രയഃ
ശിശിരേ സലിലേശായീ രാത്ര്യഹാനി തപോധനഃ
ഏവം വര്‍ഷസഹസ്രം ഹി--- "

ഇങ്ങനെ എത്ര നാള്‍ വീണ്ടും ആയിരം കൊല്ലം.

അപ്പോഴാണ്‌ ശരിയ്ക്കും പരീക്ഷ. ദേവെന്ദ്രന്‍ ഒരു ചെറിയ പരീക്ഷനം നറ്റത്തി. ഇവന്‍ ഇപ്പറഞ്ഞ കാമമൊക്കെ ഇല്ലാതാക്കിയോ ഒന്നുറപ്പിയ്ക്കണമല്ലൊ. അതിനായി രംഭയെ വിളിച്ചു വിട്ടു.

അക്കഥ അടുത്ത ദിവസം

Friday, September 12, 2008

വിശ്വാമിത്ര കഥ തുടരുന്നു -ശുനഃശേപന്റെ കഥ

ശുനഃശേപന്റെ കഥ

ത്രിശങ്കുവിന്റെ കഥയില്‍ നിന്നും വിശ്വാമിത്രന്‍ എന്തെങ്കിലും ഒരു പാഠം പഠിച്ചു കാണണം. അതുകൊണ്ടാണല്ലൊ തന്റെ തപസ്സ്‌ വ്യര്‍ഥമായി എന്നു പറയുന്നതും അവിടെ നിന്നും മാറി വേറൊരു ദിക്കില്‍ പോയി തപസ്സ്‌ പൂര്‍വാധികം ഭംഗിയായി തുടരുന്നതും.

അങ്ങനെ പശ്ചിമദിക്കിലെ പുഷ്കരങ്ങളില്‍ തപസ്സു ചെയ്ത്‌ കൊണ്ടിരിക്കുന്ന കാലത്താണ്‌ അയോധ്യയില്‍ അംബരീഷന്‍ എന്ന രാജാവ്‌ ഒരുയാഗം നടത്തുന്നത്‌.

ആ യാഗത്തിലേക്ക്‌ വച്ചിരുന്ന യജ്ഞപ്പശുവിനെ ദേവേന്ദ്രന്‍ മോഷ്ടിച്ചു കൊണ്ടു പോയി. യാഗം മുടക്കിയാല്‍ ദോഷം വരും എന്ന്‌ യജമാനന്മാര്‍ ഉപദേശിച്ചു . എവിടെയെങ്കിലും പോയി ഒന്നുകില്‍ യജ്ഞപ്പശുവിനെ കണ്ടുപിടിച്ചു കൊണ്ടു വരിക അല്ലെങ്കില്‍ പകരം ഏഹെങ്കിലും ഒരു പുരുഷപ്പശുവിനെ കൊണ്ടുവരിക.

അംബരീഷന്‍ അതിനായി ഇറങ്ങി. അന്വേഷിച്ചു നടന്നു എങ്ങും തന്റെ യജ്ഞപ്പശുവിനെ കിട്ടിയില്ല.

അങ്ങനെ അന്വേഷിച്ചു നടന്ന കൂട്ടത്തില്‍ അദ്ദേഹം ഭൃഗുതുംഗ പര്‍വ്വതത്തില്‍ എത്തി അവിടെ ഭാര്യയോടും മൂന്നു മക്കളോടൂം കൂടി കുടുംബമായി താമസിയ്ക്കുന്ന ഋചീകമുനിയുടെ അടുത്തെത്തി.

കുശലപ്രശ്നങ്ങള്‍ക്കിടയില്‍ രാജാവ്‌ തന്റെ അവസ്ഥ അറിയിച്ചു. നാടു മുഴിവന്‍ അന്വേഷിച്ചിട്ടും പശുവിനെ ലഭിക്കാത്തതിനാല്‍, യജ്ഞപ്പശുവിനു പകരം അദ്ദേഹത്തിന്റെ മക്കളില്‍ ഒരുവനെ ആയിരക്കണക്കിനു പശുക്കളെ വിലയായി മേടിച്ചുകൊണ്ട്‌ കൊടൂക്കാന്‍ അപേക്ഷിച്ചു.

ഇതു കേട്ട ഋചീകന്‍ അദ്ദേഹത്തിന്‌ തന്റെ മൂത്ത മകനെ എന്തായാലും തരില്ല എന്നു തീര്‍ത്തുപറഞ്ഞു.

ഇളയമകനെ തരില്ല എന്ന്‌ അമ്മയും ഉടനെ തന്നെ പറഞ്ഞു.

കഷ്ടത്തിലായില്ലെ മധ്യമന്‍?

അച്ഛന്റെയും അമ്മയുടെയും വാക്കുകള്‍ കേട്ട മധ്യമപുത്രനായ ശുനഃശേപന്‍ സ്വയം ഇപ്രകാരം പറഞ്ഞു

"പിതാ ജ്യേഷ്ഠമവിക്രേയം മാതാ ചാഹ കനീയസം
വിക്രേയം മധ്യമം മന്യേ രാജപുത്ര നയസ്വ മാം"

പിതാവ്‌ ജ്യേഷ്ഠന്‍ വില്‍ക്കപ്പ്പെടാന്‍ യോഗ്യനല്ലെന്നും , മാതാവ്‌ ഇളയവന്‍ വില്‍ക്കപ്പെടുവാന്‍ യോഗ്യനല്ലെന്നും പറഞ്ഞു. അപ്പോള്‍ മധ്യമന്‍ വില്‍ക്കപ്പെടുവാന്‍ യോഗ്യനാണെന്നു വന്നില്ലേ അതുകൊണ്ട്‌ അല്ലയോ രാജാവെ എന്നെ കൊണ്ടുപോയാലും"
എന്നു പറഞ്ഞു കൊണ്ട്‌ സ്വയം യജ്ഞപ്പശുവാകുവാന്‍ തയ്യാറായി. രാജാവ്‌ സന്തുഷ്ടനായി അവനെയും കൊണ്ട്‌ തിരികെ യാത്രയായി.

വഴിമധ്യേ അദ്ദേഹം വിശാമിത്രന്റെ ആശ്രമത്തില്‍ രാത്രി കഴിച്ചുകൂട്ടുന്നു.

അവിടെ വച്ച്‌ ശുനഃശേപന്‍ വിശ്വാമിത്രനോട്‌ തന്റെ കഥ വിവരിച്ചു.

അവന്‍ പറഞ്ഞു "
"ന മേസ്തി മാതാ ന പിതാ ജ്ഞാതയോ ബാന്ധവാ കുതഃ
ത്രാതുമര്‍ഹസി മാം സൗമ്യ ധര്‍മ്മേണ മുനിപുംഗവ"

അല്ലയോ മുനിശ്രേഷ്ഠാ, എനിക്കു മാതാപിതാക്കളോ ബന്ധുക്കളൊ സഹായികളൊ ആരുമില്ല. ധര്‍മ്മം വിചാരിച്ച്‌ അങ്ങ്‌ എന്നെ രക്ഷിക്കണം

അങ്ങ്‌ എല്ലാവരുടെയും ഇഷ്ടങ്ങള്‍ പൂര്‍ത്തീകരിക്കുന്നവനല്ലേ അതുകൊണ്ട്‌ എന്നെ രക്ഷിക്കുകയും വേണം അതോടൊപ്പം അംബരീഷമഹാരാജാവിന്റെ യജ്ഞം സഫലമാക്കിക്കൊടുക്കുകയും വേണം

ഇങ്ങനെ വിലപിച്ചുപറഞ്ഞ ശുനഃശേപനോട്‌ അലിവു തോന്നി വിശ്വാമിത്രന്‌. അദ്ദേഹം വിചാരിച്ചു തനിക്ക്‌ ഇപ്പോള്‍ നാലു മക്കളൂണ്ട്‌. അവരില്‍ ഒരാള്‍ ഈ ദൗത്യം ഏറ്റെടുത്താല്‍ ഈ കുട്ടി രക്ഷപെടൂമല്ലൊ. അതോടു കൂടി അവരുടെ പുത്രധര്‍മ്മം നിറവേറ്റപ്പെടുകയും അയി.

അതുകൊണ്ട്‌ അവരെ വിളിച്ചു.

അവരില്‍ ആരെങ്കിലും ഒരാള്‍ അംബരീഷന്റെ കൂടെ യജ്ഞപ്പശുവായി പോകുവാന്‍ അപേക്ഷിച്ചു.

നല്ല കഥ. യജ്ഞപ്പശുവാകുവാനേ. അതും സ്വയം തീരുമാനിച്ച്‌ അത്ര വിഡ്ഢികളാണൊ വിശ്വാമിത്ര പുത്രന്മാര്‍?

അവര്‍ ചോദിച്ചു സ്വന്തം മക്കളെ കൊലയ്ക്കു കൊടുത്തിട്ട്‌ വല്ലവരുടെയും മക്കളെ രക്ഷിക്കുവാന്‍ നോക്കുന്ന അച്ഛന്‍ എന്തൊരച്ഛന്‍?

"കഥമാത്മസുതാന്‍ ഹിത്വാ ത്രായസേന്യസുതം വിഭോ:
അകാര്യമിവ പശ്യാമഃ ശ്വമാംസമിവ ഭോജനേ"

ആഹാരത്തില്‍ പട്ടിയിറച്ചി എന്നതുപോലെ തങ്ങള്‍ക്ക്‌ ഈ നിര്‍ദ്ദേശം സ്വീകാര്യമല്ല എന്നവര്‍ പറഞ്ഞു.

(വ്യത്യാസം നോക്കുക - ശുനശേപനോട്‌ പോകുവാന്‍ അവന്റെ അച്ഛനോ അമ്മയോ പറഞ്ഞില്ല മറ്റുള്ളവരെ വില്‍ക്കുകയില്ല എന്നു പറഞ്ഞതു മാത്രമേ ഉള്ളു എന്നിട്ടും അവന്‍ സ്വയം ഇറങ്ങിത്തിരിച്ചു.)

മക്കളുടെ ഈ തീരുമാനത്തില്‍ വിശ്വാമിത്രന്‍ സന്തോഷിച്ചില്ല എന്നു മാത്രമല്ല അവരെ അവര്‍ തന്നെ പറഞ്ഞ നായയിറച്ചി കഴിച്ചു ജീവിക്കുന്ന വരായി ജന്മമെടുത്ത്‌ ആയിരം വര്‍ഷം ജീവിക്കട്ടെ എന്നു ശപിച്ചു.

അതിനു ശേഷം ശുനഃശേപന്‌ രക്ഷപ്പെടുവാനുള്ള മന്ത്രം ഉപദേശിച്ചു . യജ്ഞസമയത്ത്‌ അവന്‍ അതു ജപിക്കുന്നതോടൂ കൂടി യജ്ഞ സിദ്ധിയുണ്ടാവുകയും അവന്‍ രക്ഷപ്പെടുകയും ചെയ്യും അംബരീഷന്റെ യജ്ഞം പൂര്‍ണ്ണമാകുകയും ചെയ്യും

ഇപ്രകാരം ശുനഃശേപന്‍ രക്ഷപെട്ടു.

ഈ സംഭവം കഴിഞ്ഞ്‌ ആയിരം വര്‍ഷം വിശ്വാമിത്രന്‍ അവിടെ കഠിനമായ തപസ്സു ചെയ്തു.


അപ്പോഴാണ്‌ ബ്രഹ്മാവ്‌ രണ്ടാമത്‌ എത്തി ഇപ്രകാരം പറയുന്നത്‌

"ഋഷിസ്ത്വമസി ഭദ്രം തേ സ്വാര്‍ജ്ജിതൈഃ കര്‍മ്മഭിഃ ശുഭൈഃ"

അല്ലയോ വിശ്വാമിത്രാ നീ നിന്റെ കര്‍മ്മങ്ങളുടെ ഫലമായി ഇപ്പോള്‍ ഋഷിയായിരിക്കുന്നു"

കഥ കേട്ടില്ലേ?

ഋഷി എന്നത്‌ എത്ര എളുപ്പം അല്ലേ? ലോകം മുഴുവന്‍ ഋഷിമാരാണ്‌

അല്ല. ആ പദവി എത്തണം എങ്കില്‍ വിശ്വാമിത്രന്‌ ആദ്യം വൈരാഗ്യമുണ്ടായിരുന്ന ആ ദേശം പോലും ഉപേക്ഷിച്ചു.
അടൂത്ത പടിയായി ഭൂതദയ- മറ്റുള്ളവരുടെ മകന്‍ സ്വന്തം മകന്‍ എന്ന ഭേദം പോലും ഇല്ലാതായി ഇങ്ങനെ ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ നോക്കുക.

അങ്ങനെ ദുഷ്കരമായ ഈ പദത്തില്‍ എത്തിയിട്ടും നിര്‍ത്തിയോ ഇല്ല വിശ്വാമിത്രന്‌ ബ്രാഹ്മണനാണ്‌ ആകേണ്ടത്‌

വീണ്ടും തുടങ്ങി തപസ്സ്‌. ക്രോധത്തെ ഒരു വിധമൊക്കെ അടക്കി എന്നു കരുതാം അല്ലേ?

പക്ഷെ കാമം വിടില്ലല്ലൊ. അതിനെന്തു ചെയ്യും

ദാ വരുന്നു മേനക. അടൂത്ത കഥ അത്‌ നാളെയാകാം
Next

വിശ്വാമിത്രകഥ തുടരുന്നു-

ത്രിശങ്കുവിന്റെ കഥ

അന്യായമായ ഒരാവശ്യത്തിനുവേണ്ടി തന്റെ ഗുരുവിനെ(വസിഷ്ഠനെ) ആശ്രയിച്ച്‌ അദ്ദേഹത്താല്‍ തിരസ്കൃതനായ ഒരു വ്യക്തിയെ, വസിഷ്ഠനോടുള്ള തന്റെ വ്യക്തിപരമായ വിദ്വേഷം കാരണം സഹായിക്കുവാന്‍ ശ്രമിക്കുന്ന വിശ്വാമിത്ര കഥ - അതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ തപസ്സ്‌ ഫലമില്ലാതെ ആകുന്നത്‌ (അല്ലാതെ സാധാരണ പറയപ്പെടുന്നതുപോലെ ദേവന്മാര്‍ പരീക്ഷിക്കുക അല്ല)

ഇക്ഷ്വാകുകുലത്തിലെ ഒരു രാജാവായിരുന്നു ത്രിശങ്കു. അദ്ദേഹത്തിന്‌ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകണം എന്ന ആഗ്രഹം ജനിച്ചു. അതിനുവേണ്ടി യജ്ഞം ചെയ്യുവാന്‍ വേണ്ടി വസിഷ്ഠനെ സമീപിച്ചു.

എന്നാല്‍ വസിഷ്ഠന്‍ അത്‌ സാധിക്കില്ല എന്നു പറഞ്ഞ്‌ മടക്കി അയച്ചു.

വസിഷ്ഠന്‍ ചെയ്തില്ലെങ്കില്‍ വസിഷ്ഠന്റെ പുത്രന്മാരെ കൊണ്ട്‌ യാഗം ചെയ്യിക്കാം എന്നു കരുതി ത്രിശങ്കു വസിഷ്ഠപുത്രന്മാരെ സമീപിച്ചു. കാരണം രാജാവിന്റെ ഗുരു വസിഷ്ടനാണല്ലൊ. മറ്റാരെയെങ്കിലും സമീപികുന്നതിനു മുമ്പ്‌ ആ പരമ്പരയിലെ തന്നെ ആരെങ്കിലും ചെയ്യുമോ എന്നു നോക്കുവാന്‍.

എന്നാല്‍ പിതാവ്‌ നിഷേധിച്ച കര്‍മ്മം ചെയ്യുവാന്‍ മക്കളും തയ്യാറായില്ല എന്നു മാത്രമല്ല തിരികെ കൊട്ടാരത്തില്‍ പോയി സാധാരണ പോലെ രാജ്യം ഭരിച്ചു ജീവിക്കുവാന്‍ ഉപദേശിക്കുകയും ചെയ്തു.

പക്ഷെ ത്രിശങ്കു അടങ്ങിയില്ല . അദ്ദേഹത്തിന്‌ സ്വര്‍ഗ്ഗത്തില്‍ പോയേ മതിയാകൂ അതും ഉടലോടു കൂടി. അദ്ദേഹം വസിഷ്ഠപുത്രന്മാരോടു പറഞ്ഞു" നിങ്ങള്‍ ആരും യജ്ഞം ചെയ്തു തരികയില്ലെങ്കില്‍ വേണ്ട ഞാന്‍ മറ്റാരെ എങ്കിലും കൊണ്ട്‌ ചെയ്യിച്ചുകൊള്ളാം"

അങ്ങനെ മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിച്ച്‌ അനര്‍ഹമായ കാര്യം നടത്തുവാന്‍ ശ്രമിക്കുന ത്രിശങ്കുവിനെ അവര്‍ ശപിച്ച്‌ ചണ്ഡാലനാക്കുന്നു.

ചണ്ഡാലനായ ത്രിശങ്കു വിശ്വാമിത്രന്റെ അടുത്തെത്തി. അദ്ദേഹത്തോട്‌ കഥയെല്ലാം പറഞ്ഞു. ആഹാ, വസിഷ്ഠനെ തോല്‍പ്പിക്കുവാന്‍ പറ്റിയ സമയം വിശ്വാമിത്രന്‍ സന്തോഷിച്ചു.വസിഷ്ഠനാല്‍ സാധികാത്ത കാര്യം താന്‍ നടത്തിത്തരാം എന്നേറ്റു.

( അഹംകാരം - അഥവാ തന്റെ പ്രശസ്തിയും വസിഷ്ഠന്റെ പരാജയവും അതല്ലെ ഇവിടെ ലക്ഷ്യം?)

തുടര്‍ന്ന്‌ സകല ഋഷിമുനിമാരെയും വിളിച്ചുവരുത്തുവാന്‍ തന്റെ പുത്രന്മാരെ അയച്ചു.

വസിഷ്ടപുതര്‍നാരും, മഹോദയന്‍
എന്ന മുനിയും ഒഴികെ എല്ലാവരും വന്നു ചേര്‍ന്നു. മേല്‍പറഞ്ഞവര്‍ വന്നില്ലെന്നു മാത്രമ്ള്‍ല വിശ്വാമിത്രനെ അധിക്ഷേപിക്കുകയും ചെയ്തു.
ഇതില്‍ കുദ്ധനായ വിശ്വാമിത്രന്‍
("ക്രോധസംരക്തനയനഃ സരോഷമിദമബ്രവീത്‌" നോക്കണംവിശ്വാമിത്രന്റെ വിശേഷണം ക്രോധം കൊണ്ട്‌ ചുവന്ന കണ്ണുകളോടൂ കൂടീയ വിശ്വാമിത്രന്‍ ദ്വേഷ്യത്തോടുകൂടീ ഇപ്രകാരം പ്രഞ്ഞു ' എന്ന്‌) അവരെ ശപിച്ചിട്ട്‌ കഠിനമായ യജ്ഞം ചെയ്ത്‌ ത്രിശങ്കുവിനെ ശരീരത്തോടുകൂടി സ്വര്‍ഗ്ഗത്തിലേക്ക്‌ ഉയര്‍ത്തി.

എന്നാല്‍ സ്വര്‍ഗ്ഗവാസികള്‍ സമ്മതിക്കുമോ അവര്‍ അദ്ദേഹത്തെ കീഴോട്ടു തള്ളിയിട്ടു.

തലകുത്തി കീഴോട്ടു വരുന്ന ത്രിശങ്കുവിനെ മുകളിലേക്കയയ്ക്കാന്‍ വിശ്വാമിത്രന്‍ ശ്രമ്മിച്ചെങ്കിലും അത്‌ നടക്കില എന്ന്‌ ദേവേന്ദ്രന്‍. തുടര്‍ന്ന്‌ വിശ്വാമിത്രം പ്രത്യേകമായി ഒരു സ്വര്‍ഗ്ഗം നിര്‍മ്മിച്ച്‌ ത്രിശങ്കുവിനെ അവിടെ പാര്‍പ്പിച്ചു - തലകീഴായി.

ഇതു കഥയുടെ രത്നച്ചുരുക്കം.

കഥയുടെ ഭംഗിയും മറ്റും അവിടെ നില്‍ക്കട്ടെ. ഇതിലെ സന്ദേശം നോകുക

നടക്കാത്ത ഒരു കാര്യം അനര്‍ഹമായ ആഗ്രഹം , വിവരമുള്ള ഗുരു വിലക്കിയ കര്‍മ്മം. ഇതൊക്കെ ചെയ്യുവാന്‍ വിശ്വാമിത്രനുള്ള ഏക കാരണം വസിഷ്ഠനോടുള്ള തന്റെ വൈരാഗ്യം.

ഇങ്ങനെ ഒന്നും അല്ല മനുഷ്യന്‍ ചെയ്യേണ്ടത്‌ പ്രത്യേകിച്ചു ഉല്‍കര്‍ഷേച്ഛയുണ്ടെങ്കില്‍.

അപ്പോള്‍ വേണ്ടാത്ത പണിക്കു പോയ വിശ്വാമിത്രന്റെ തപസ്സിനു വിഘ്നം വന്നു എന്ന്‌ ചുരുക്കത്തില്‍ നമ്മള്‍ പറയും

എന്നാല്‍ വിശ്വാമിത്രന്‍ പറയുന്നതു കേള്‍ക്കണ്ടെ -
"ഇവിടെ ഈ ദക്ഷിണദിക്ക്‌ ശരിയല്ല ഇവിടെ വലിയ തടസങ്ങള്‍ ഉണ്ട്‌. അതുകൊണ്ടാണ്‌ തപസ്സ്‌ കോഞ്ഞാട്ട ആകുന്നത്‌. അതിനാല്‍ ഞാന്‍ മറ്റൊരു സ്ഥലം അന്വേഷിക്കുകയാണ്‌ തപസ്സു ചെയ്യാന്‍. അങ്ങനെ ഞാന്‍ പടിഞ്ഞാറുള്ള മൂന്നു പുഷ്കരങ്ങളില്‍ പോയി തപസ്സു ചെയ്യാന്‍ പോകുന്നു"

"മഹാവിഘ്നഃ പ്രവൃത്തോയം ദക്ഷിണാമാസ്ഥിതോ ദിശം
ദിശമന്യാം പ്രയത്സ്യാമസ്തത്ര തപ്യാമഹേ തപഃ
പശ്ചിമായാം വിശാലായാം പുഷ്കരേഷു മഹാത്മനഃ--"

അതെ തന്റെ കുറ്റമാണെന്നു മനസ്സിലാക്കുന്നില്ല, കുറ്റമെല്ലാം മറ്റുള്ളവരുടെ അല്ലേ കേമം
Next

Thursday, September 11, 2008

വിശ്വാമിത്രന്റെ കഥ - 1

വസിഷ്ഠന്റെ ആശ്രമത്തിലെത്തിയ വിശ്വാമിത്രന്‍

കാമധേനു എന്ന പശുവിന്റെ പ്രഭാവം കണ്ട്‌ അതില്‍ ആകൃഷ്ടനായി അതിനെ തനിക്കു നല്‍കുവാന്‍ വസിഷ്ഠനോട്‌ അപേക്ഷിച്ചു. എന്നാല്‍ തന്റെ യജ്ഞപ്പശു ആയതിനാല്‍ അതിനെ തരാന്‍ സാധിക്കില്ല എന്ന്‌ വസിഷ്ഠന്‍ പറഞ്ഞു. അപ്പോള്‍ താനാണ്‌ ഈ രാജ്യത്തിന്റെ രാജാവ്‌ , ഈ രാജ്യത്തിലെ സ്വത്തെല്ലാം തനിക്ക്‌ അവകാശപ്പെട്ടതാണ്‌ അതുകൊണ്ട്‌ അതിനെ താന്‍ ബലമായി കൊണ്ടുപോകും എന്ന്‌ ആയി വിശ്വാമിത്രന്‍.

അതിന്‌ വസിഷ്ഠന്‍ ഉത്തരമൊന്നും കൊടുക്കുന്നില്ല . കാരണം തന്റെ അനുജ്ഞ അവിടെ ആവശ്യപ്പെടൂന്നില്ല, രാജാവ്‌ സ്വയം ഒരു തീരുമാനം എടുത്തിരിക്കുകയാണ്‌.

വിശ്വാമിത്രന്‍ തന്റെ ഭടന്മാരെ വിളിച്ച്‌ പശുവിനെ പിടിച്ചു കൊണ്ടുവരുവാന്‍ ആവശ്യപ്പെടുന്നു. ഭടന്മാര്‍ അനുസരിക്കുന്നു. എന്നാല്‍ കാമധേനു അവരുടെ പിടിവിടുവിച്ച്‌ വസിഷ്ഠന്റെ അടുത്ത്‌ ഓടി എത്തി.
"കിം മയാപകൃതം തസ്യ മഹര്‍ഷേര്‍ഭാവിതാത്മനഃ" താന്‍ എന്ത്‌ അപരാധമാണ്‌ വസിഷ്ഠനോട്‌ ചെയ്തതുപോലും എന്തു ചിന്തിച്ച അവള്‍
എന്നിട്ടു ചോദിക്കുകയാണ്‌ " ഞാന്‍ ഇതുവരെ അങ്ങേയ്ക്ക്‌ അഹിതമായി ഒന്നും ചെയ്തിട്ടില്ല, പിന്നെ എന്തിനാണ്‌ എന്നെ അങ്ങ്‌ ത്യജിക്കുന്നത്‌ " എന്ന്‌.
"

ഭഗവന്‍ കിം പരിത്യക്താ ത്വയാഹം ബ്രഹ്മണഃ സുത
യസ്മാത്‌ രാജഭടാ മാം ഹി നയന്തേ ത്വല്‍സകാശതഃ"

അതിന്‌ വസിഷ്ഠന്‍ കൊടുക്കുന്ന മറുപടി - "ഞാന്‍ നിന്നെ ത്യജിച്ചിട്ടില്ല, എനിക്കു നിന്നെ ഇഷ്ടമാണുതാനും. പക്ഷെ ഇവിടെ രാജാവ്‌ നിന്നെ ബലമായി കൊണ്ടു പോകുകയാണ്‌. ഈ ഭൂമിക്കുടയവനായ രാജാവ്‌ ചെയ്യുന്ന അതിനെ എതിര്‍ക്കുവാന്‍ ഞാന്‍ ആളല്ല.

എന്നാല്‍ രാജാവിനൊപ്പം പോകുവാന്‍ ഇഷ്ടമില്ലാത്ത കാമധേനു , തന്റെ രക്ഷ സ്വയം ചെയ്യുവാനുള്ള അനുജ്ഞ വസിഷ്ഠനോട്‌ ചോദികുന്നു. വസിഷ്ഠന്‍ സമ്മതം മൂളുന്നു.

തുടര്‍ന്ന്‌ കാമധേനുവിന്റെ അക്രമത്തില്‍ വിശ്വാമിത്രന്‍ റ്റെ സകലസൈന്യവും നശിക്കുന്നു. വിശ്വാമിത്രന്‍ തോല്‍ക്കുന്നു.

ഈ സംഭവത്തിനു ശേഷം വിശ്വാമിത്രന്‍ ആദ്യം തീരുമാനിക്കുന്നത്‌ തപസ്സു ചെയ്ത്‌ അജയ്യമായ ശക്തി നേടി വസിഷ്ഠനെ തോല്‍പ്പിച്ച ശേഷം കാമധേനുവിനെ കയ്ക്കലാക്കണം എന്നാണ്‌.

കാമവും , ക്രോധവും , ലോഭവും , മോഹവും എന്നു വേണ്ട എന്തൊക്കെ മാനുഷികവികാരങ്ങളുണ്ടൊ അവയുടെ എല്ലാം വിളനിലമായ ഒരു രാജസ പുരുഷന്‍. ക്ഷത്രിയന്‍.

അദ്ദേഹം തപസ്സു ചെയ്യുന്നു. അനേകകാലം തപസ്സു ചെയ്ത്‌ അവസാനം പരമശിവന്‍ പ്രത്യക്ഷപ്പെടുന്നു. ചോദിക്കുന്ന വരം കേള്‍ക്കൂ-

'യദി തുഷ്ടോ മഹാദേവ ധനുര്‍വേദോ മമാനഘ
സാംഗോപാംഗോപനിഷദോ സരഹസ്യ പ്രദീയതാം

യാനി ദേവേഷു ശസ്ത്രാണി ദാനവേഷു മഹര്‍ഷിഷു
ഗന്ധര്‍വയക്ഷരക്ഷഃസ്സു പ്രതിഭാന്തു മമാനഘ"

അതേ അംഗോപാംഗസഹിതമായി സകലരഹസ്യങ്ങളും വെളിവാക്കിയ ധനുര്‍വേദം , ഈരേഴുപതിനാലു ലോകങ്ങളിലും ദേവഗന്ധര്‍വമഹര്‍ഷി യക്ഷരക്ഷസ്‌ ആദി കളിലും ഉള്ള സകലശസ്ത്രങ്ങളും എനിക്ക്‌ തരുമാറാകണം.

മോശമില്ല വിശ്വാമിത്രനറിയാത്തതായി ഒരു ശസ്ത്രം ഉണ്ടാകരുത്‌.

ശിവന്‍ അത്‌ അപ്പാടെ സമ്മതിച്ചു-

""ഏവംസ്ത്വിതി ദേവേശൊ വാക്യമുക്ത്വാ--" അങ്ങനെ ആകട്ടെ എന്ന്‌ ശിവന്‍ അനുഗ്രഹിച്ചു.

അവിടെ വര്‍ധിച്ച അഹംകാരത്തോടു കൂടിയ വിശ്വാമിത്രന്‍ വിചാരിച്ചത്‌ എന്താണ്‌-

വസിഷ്ഠന്റെ കാര്യം കട്ടപ്പൊഹ--
"വിവര്‍ധമാനോ വീര്യേണ സമുദ്ര ഇവ പര്‍വണി
ഹതം മേനേ തദാ രാമ വസിഷ്ഠമൃഷിസത്തമം"

എന്നാല്‍ വസിഷ്ഠന്റെ അടുത്തു ചെന്ന്‌ പയറ്റാവുന്ന പയറ്റൊക്കെ പയറ്റി കഴിനുനോക്കുമ്പോഴും വസിഷ്ഠന്‍ അതുപോലെയുണ്ട്‌. വിശ്വാമിത്രന്റെ ആയുധങ്ങളെല്ലാം കഴിയുകയും ചെയ്തു.

അന്നേരം വിശ്വാമിത്രനു മനസ്സിലാകുന്നു - ക്ഷത്രബലം എന്നത്‌ ഒരിക്കലും ശക്തമല്ല- ബ്രഹ്മബലം ആണ്‌ യഥാര്‍ത്ഥബലം. അതു നേടണം.

പക്ഷെ എന്തിനു വേണ്ടി? - വസിഷ്ഠനെ തോല്‍പ്പിക്കുവാന്‍. ഈ ചിന്താഗതിയാണ്‌ വിശ്വാമിത്രന്റെ തപസ്സു കഴിഞ്ഞപ്പോള്‍ രാജര്‍ഷി എന്ന പദവി മാത്രം ആദ്യം നല്‍കുവാന്‍ കാരണം

"ധിഗ്‌ ബലം ക്ഷത്രിയബലം ബ്രഹ്മതേജോബലം ബലം
ഏകേനബ്രഹ്മദണ്ഡേന സര്‍വാസ്ത്രാണി ഹതാനി മേ

തദേതത്‌ പ്രസമീക്ഷ്യാഹം പ്രസന്നേന്ദ്രിയമാനസഃ
തപോ മഹാന്‍ സമാസ്ഥാസ്യേ യദ്‌ വൈ ബ്രഹ്മത്വകാരണം"

നോക്കുക- ക്ഷത്രിയബലത്തെ അധിക്ഷേപിക്കുന്നു. ബ്രഹ്മബലമാണ്‌ ബലം എന്നും മനസ്സിലാക്കി. അതുകൊണ്ട്‌ താന്‍ പ്രസന്നമാനസനായി ബ്രഹ്മത്വപ്രാപ്തിക്കുവേണ്ടി തപസ്സു ചെയ്യുവാന്‍ പോകുന്നു എന്ന്‌.

അങ്ങനെ പറയുന്നു എങ്കിലും വസിഷ്ഠനോടുള്ള വൈരം ആണ്‌ മനസ്സില്‍ എന്നത്‌ അടുത്ത ശ്ലോകത്തില്‍ കാണാം
"തതഃ സംതപ്തഹൃദയഃ സ്മരന്നിഗ്രഹമാത്മനഃ
വിനിശ്വസ്യ വിനിശ്വസ്യ കൃതവൈരോ മഹാത്മനാ--"

"തന്റെ തോല്‌വിയെക്കുറിച്ച്‌ വിഷമിച്ച്‌ നിശ്വസിച്ചുകൊണ്ടും വസിഷ്ഠനോടുള്ള വൈരം വച്ചുപുലര്‍ത്തിക്കൊണ്ടും -- " പോയി തപസ്സു ചെയ്തു എന്ന്‌.

അങ്ങനെ ദക്ഷിണദിക്കില്‍ പോയി വളരെക്കാലം തപസ്സു ചെയ്തു.

ആയിരം കൊല്ലം കഠിനമായ തപസ്സു ചെയ്തുകഴിഞ്ഞപ്പോള്‍ ബ്രഹ്മാവ്‌ വന്ന്‌ നീ രാജര്‍ഷി ആയിരിക്കുന്നു എന്നനുഗ്രഹിച്ചു.

"പൂര്‍ണ്ണെ വര്‍ഷസഹസ്രേ തു ബ്രഹ്മാ ലോകപിതാമഹഃ
അബ്രവീന്മധുരം വാക്യം വിശ്വാമിത്രം തപോധനം
ജിതാ രാജര്‍ഷിലോകാസ്തേ തപസാ കുശികാത്മജ"

അതെ അല്ലയോ കൗശികി വിശ്വാമിത്രാ നീ ഇപ്പോള്‍ നിന്റെ കഠിനമായ തപസ്സു കൊണ്ട്‌ രാജര്‍ഷിലോകങ്ങളെ ജയിച്ചിരിക്കുന്നു.",

എന്നാല്‍ ഇതു കേട്ട വിശ്വാമിത്രന്‍ നാണിക്കുകയാണുണ്ടായത്‌ - കാരണം അദ്ദേഹം ബ്രാഹ്മണന്‍ ആകുവാനാണ്‌ തപസ്സു ചെയ്തത്‌. എന്നെ ദേവന്മാര്‍ രാജര്‍ഷി എന്നു വിളിച്ചത്‌ എന്റെ തപസ്സിന്റെ ശക്തിക്കുറവിനെ ആണ്‌ കാണിക്കുന്നത്‌ എന്നു സങ്കടത്തോടും ദ്വേഷ്യത്തോടും കൂടി പറഞ്ഞ്‌ വീണ്ടും തപസ്സു തുടരുന്നു.

"വിശ്വാമിത്രോപി തഛ്രുത്വാ ഹൃീ യാ കിഞ്ചിദവാങ്ങ്‌മുഖഃ
ദുഃഖേന മഹതാവിഷ്ടഃ സമന്യുരിദമബ്രവീത്‌
തപശ്ച സുമഹത്തപ്തം രാജര്‍ഷിരിതി മാം വിദുഃ
ദേവാഃ സര്‍ഷിഗണാഃ സര്‍വേ നാസ്തി മന്യേ തപഃ ഫലം"

മനുഷ്യന്‍ തപസ്സു ചെയ്യുന്നത്‌ കാമം, ക്രോധം ഇവയൊക്കെൂഴിവാക്കുവാനുള്ള ശക്തി ലഭിക്കുവാനാണ്‌. എന്നാല്‍ തപസ്സു കഴിഞ്ഞിട്ടും വിശ്വാമിത്രനില്‍ ഇവയെല്ലാം പൂര്‍വാധികം ഭംഗിയായി തന്നെ ഉണ്ട്‌. അതുകൊണ്ടാണ്‌ ഋഷി പോലും ആക്കാതിരുന്നത്‌ എന്നനുമാനിക്കുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു.

ഇനിയാണ്‌ കഥയില്‍ മറ്റൊരു രംഗം വരുന്നത്‌. തപസ്സു കൊണ്ട്‌ എന്താണുദ്ദേശിക്കുന്നത്‌?

ദൃഢനിശ്ചയത്തോടുകൂടി ഒരാള്‍ ഒരു പ്രത്യേകലക്ഷ്യം മുന്നില്‍ കണ്ട്‌ പ്രവര്‍ത്തിക്കുന്നു. തുടര്‍ച്ചയായി അങ്ങനെ പ്രവര്‍ത്തിച്ചാല്‍ ഫലം കണ്ടല്ലേ ഒക്കൂ?

ആ ഫലം അയാള്‍ക്ക്‌ ലഭിക്കണം എങ്കില്‍ സ്ഥിരപ്രയത്നം വേണം, ലക്ഷ്യബോധം വേണം. ഇടയ്ക്ക്‌ പ്രവൃത്തിയില്‍ വ്യത്യാസം വന്നാല്‍ ഗോവിന്ദാ

ഇതിനെ ആണ്‌ തപസ്സില്‍ വിഘ്നം വരുത്താനുള്ള പരീക്ഷണങ്ങള്‍ എന്നൊക്കെ പറയുന്നത്‌.

വിശ്വാമിത്രന്‍ ഇങ്ങനെ തപസ്സു ചെയ്ത്‌ ഒരുവിധം ഒക്കെ ശക്തനാകുമ്പോള്‍ ഇടയ്ക്കുള്ള ഒരു പരീക്ഷണമാണ്‌ ത്രിശങ്കുവിന്റെ സ്വര്‍ഗ്ഗം എന്ന കഥ
Next

Wednesday, September 10, 2008

രാമായണം

വാല്‌മീകിരാമായനത്തിലെ കഥകൊണ്ട്‌ എന്തായിരുന്നിരിക്കാം വാല്‌മീകി ഉദ്ദേശിച്ചത്‌?

അത്‌ പഠിച്ചിട്ട്‌ എനിക്കു തോന്നിയത്‌ എഴുതാം.

ഒരു സമൂഹത്തിന്റെ ആരോഗ്യപൂര്‍ണ്ണമായ നിലനില്‍പ്പിന്‌ ആവശ്യമുള്ള ഘടകങ്ങള്‍ -
1. ഭരണാധികാരി - നീതിയുക്തനും സമര്‍ത്ഥനും യോഗ്യനും ആയവന്‍.
2. ഭരണാധികാരിയുടെ ഉപദേശി. സര്‍വ ജ്ഞാനത്തിന്റെയും മൂര്‍ത്തീഭാവം
3. സഹായികള്‍ യോഗ്യര്‍

സമൂഹം എല്ലാതരക്കാരും നിറഞ്ഞത്‌ ആയിരിക്കും. അതിനുള്ളില്‍ യോഗ്യനായ ഒരു ഭരണാധികാരി എന്നാല്‍ എന്തൊക്കെ ഗുണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരിക്കണം എന്തൊക്കെ ഉണ്ടായിരിക്കരുത്‌ എന്ന് മനസ്സിലാക്കണം

എന്തൊക്കെ ഉണ്ടായിരിക്കരുത്‌ എന്നറിയണമെങ്കില്‍ ഇന്നത്തെ ഭരണാധികാരികളെ നോക്കിയാല്‍ മതി. എളുപ്പമായി.

ഇന്ന്‌ സ്ഥാനാര്‍ത്ഥികള്‍ അല്ലേ സ്ഥാനത്തിനു വേണ്ടി ഇരക്കുന്നവര്‍ എന്നല്ലെ ആ വാക്കിനര്‍ത്ഥം?
സ്ഥാനത്തിന്‌ അഥവാ പദവിയ്ക്കു വേണ്ടിയുള്ള മോഹം, സ്വത്ത്‌ സ്വന്തം ബന്ധം ഇവയൊന്നും ഇല്ലാത്ത ഒരവസ്ഥ - ആരിലെങ്കിലും ഉണ്ടെങ്കില്‍ അവനാണ്‌ ആ സ്ഥാനത്തിനു യോഗ്യന്‍. ഈ ഗുണങ്ങളാണ്‌ രാമന്റെ കഥയില്‍ കൂടി വാല്‌മീകി വരച്ചു കാണിയ്ക്കുന്നത്‌.

തനിയ്ക്ക്‌ രാജ്യാഭിഷേകം നടത്തുവാന്‍ തീരുമാനിച്ച തന്റെ പിതാവ്‌ കൈകേയിയുടെ നിര്‍ബ്ബന്ധം വന്നപ്പോള്‍ രാമനോട്‌ ആവശ്യപ്പെടുക പോലും ചെയ്തതാണ്‌ തന്നെ പിടിച്ചു കെട്ടിയിട്ടിട്ട്‌ രാജ്യം സ്വന്തമാക്കികൊള്ളുവാന്‍.

അടുത്ത അവസരത്തില്‍ ഭരതന്‍ കാട്ടി തന്നെ കാണുവാന്‍ വന്നപ്പോഴും തിരികെ വിളിക്കുമ്പോഴും അല്‍പമെങ്കിലും ആശ ഉണ്ടായിരുന്നു എങ്കില്‍ രാമന്‌ തിരികെ പോയി രാജ്യം കയ്യാളാമായിരുന്നു.

മൂന്നാമത്‌ രാവണവധം കഴിഞ്ഞ്‌ തിരികെ വന്നിട്ട്‌ ഹനുമാനെ പറഞ്ഞു വിട്ട്‌ ഭരതന്റെ അവസ്ഥ നോക്കി വന്ന്‌ വിവരം അറിയിക്കുവാന്‍ പറയുന്ന രംഗം ശ്രീരാമന്റെ തിരിച്ചുവരവ്‌ എന മൂന്നു പോസ്റ്റുകളിലായി ഞാന്‍ മുമ്പെഴുതിയിരുന്നു. ഭരതന്‌ അഥവാ അവിടെ ഭരണത്തില്‍ താല്‍പര്യമുള്ളതായി സൂചന എങ്കിലും കിട്ടുന്നു എങ്കില്‍ - താന്‍ വന്ന വിവരം പോലും അറിയിക്കാതെ മടങ്ങി കാട്ടിലേയ്ക്കു പൊയ്ക്കോളാം എന്ന്‌.

ചുരുക്കത്തില്‍ രാജ്യം അധികാരം എന്ന ഒരു ചിന്ത രാമനില്‍ ഇല്ലായിരുന്നു എന്നു വിളിച്ചറിയിക്കുന്നു.

സ്വന്തം ബന്ധം എന്ന ചിന്തയും ഇല്ലായിരുന്നു എന്നു കാണിക്കുവാനാണ്‌ സീതാ പരിത്യാഗം വിശദീകരിക്കുന്നത്‌

pharmacology പഠിക്കുമ്പോല്‍ അതില്‍ കാണും the ideal medicine should have these properties എന്ന്‌

എന്നു പറയുന്നതുപോലെ the ideal king എങ്ങനെ ആയിരിക്കണം എന്നതിന്റെ definition ആണ്‌ അഥവാ ക്ഷത്രിയന്റെ ധര്‍മ്മം ആണ്‌ രാമകഥ.

വിശ്വാമിത്രന്റെ കഥ അതേപോലെ തന്നെ the ideal brahmin - യഥാര്‍ത്ഥ ബ്രാഹ്മണന്‍ എന്നതിന്റെ നിര്‍വചനം

എന്നാല്‍ ഇന്നോ രാമായണം വായിച്ചിട്ട്‌ സീതയെ പരിത്യജിച്ചതിന്റെ കുറ്റവും അതുപോലെ മറ്റുള്ളവയും, പറഞ്ഞ്‌, വിഡ്ഢിച്ചിരി ചിരിക്കുന്ന കാഴ്ച്ചയാണ്‌ കാണുന്നത്‌.

ആ മഹാ കാവ്യം പഠിക്കുക അതിലെ സന്ദേശം മൊത്തം മമസ്സിലാക്കുക.

Tuesday, September 09, 2008

ബ്രാഹ്മണന്‍

പ്രിയ അനില്‍ജി, പാര്‍ത്ഥന്‍ ജി, ഹരീ ജി, അനൂപ്‌ ജി, മധുരാജ്‌ ജി,
കമന്റ്‌ അല്‍പം വലുതായതിനാല്‍ ഒരു പോസ്റ്റാക്കുന്നു.

പേരിന്റെ വാലറ്റമായി നമ്പൂതിരി എന്നു തുടങ്ങിയ ഏതെങ്കിലും ഒരു 'തിരി'യുണ്ടാവുകയോ അമ്പലവാസികള്‍ എന്ന കൂട്ടത്തില്‍ പെടുകയോ ഒക്കെ ചെയ്താല്‍ "ബ്രാഹ്മണന്‍" ആകും എന്ന ഒരു തെറ്റിദ്ധാരണ എങ്ങനെയോ നമ്മുടെ ഒക്കെ ഉള്ളില്‍ ഉണ്ടായി.

ഇത്‌ എത്ര തവണ എഴുതിയിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല - കാരണം അങ്ങനൊരു വിശ്വാസം, മാറ്റിയെടുക്കുക അത്ര എളുപ്പമല്ല. ചാണക്യന്‍ വിശദീകരിക്കുന്ന ശ്ലോകങ്ങള്‍ ഞാന്‍ ഈ ബ്ലോഗില്‍

1. http://indiaheritage.blogspot.com/2008/08/blog-post.html

2. http://indiaheritage.blogspot.com/2006/09/blog-post_115777419885991197.html

3. http://indiaheritage.blogspot.com/2008/07/blog-post_26.html#comments

മൂന്നിടത്തും മറ്റൊരു ബ്ലോഗ്‌ തുറന്ന്‌
http://chaanakyaneethi.blogspot.com

ചാണക്യന്റെ മുഴുവന്‍ വിശദീകരണങ്ങളും പ്രത്യേകവും കൊടുത്തതാണ്‌ in chapter 11. പക്ഷെ അതൊക്കെ ഇപ്പോഴത്തെ പോലെ തന്നെ നിലനിര്‍ത്തേണ്ടത്‌ മുമ്പു പറഞ്ഞ രണ്ടുകൂട്ടരുടെ ആവശ്യമായതുകൊണ്ട്‌, ഇനി ജനം വിചാരിച്ചാലും അവര്‍ അതു മാറ്റുവാന്‍ സമ്മതിക്കും എന്നു തോന്നുന്നില്ല.

ദ്വിജന്‍ എന്ന പേരിനര്‍ഹന്‍ - (ബ്രാഹ്മണനല്ല വെറും ദ്വിജന്‍ മാത്രം)

"ഏകാഹാരേണ സന്തുഷ്ടഃ
ഷട്‌കര്‍മ്മനിരതസ്തദാ
ഋതുകാലേഭിഗാമീ ച
സോ വിപ്രോ ദ്വിജ ഉച്യതേ"

ഒരു ദിവസം ഒരു നേരത്തെ ആഹാരം മാത്രം ,
ദിവസം തോറും ചെയ്യുന്ന കര്‍മ്മങ്ങള്‍ ഷട്‌കര്‍മ്മങ്ങള്‍ മാത്രം - അതായത്‌ - പഠിക്കുക പഠിപ്പിക്കുക, ദാനം സ്വീകരിക്കുക കൊടുക്കുക, യജ്ഞം ചെയ്യുക ചെയ്യിക്കുക - ഇവ മാത്രം യജ്ഞം എന്നതിന്‌ ഹോമ പൂജാദി അര്‍ത്ഥം ഒന്നും എടുത്തേക്കല്ലെ.

ഗുരുവായൂരില്‍ കണ്ടെന്നു പറയുന്ന എത്ര "ബ്രാഹ്മണന്മാര്‍" ഇതില്‍ ദ്വിജനെന്ന വിഭാഗത്തിലെങ്കിലും പെടും?
ദ്വിജത്വം കഴിഞ്ഞ്‌ വളരെ ഉന്നതമായ ശ്രേണിയില്‍ ഉള്ളവരാണ്‌ 'ഋഷി'

ആ പദവി ലഭിക്കുന്നവര്‍ -

"ആകൃഷ്ടഫലമൂലാനി
വനവാസരതിഃ സദാ
കുരുതേ/ഹരഹഃ ശ്രാദ്ധം
ഋഷിര്‍വിപ്രഃ സ ഉച്യതേ"


ജീവിതം വനത്തിലായിരിക്കും ഇഷ്ടപ്പെടുക, ആഹാരം ഫലമൂലാദികള്‍ മാത്രം. ചെയ്യുന്ന കര്‍മ്മങ്ങള്‍ ശ്രാദ്ധം. മരിച്ചവര്‍ക്ക്‌ ചെയ്യുന്ന കര്‍മ്മമല്ലേ ശ്രാദ്ധം? അതായത്‌ അവനവന്‍ പോലും ഇഹലോകത്തില്‍ പ്രത്യേകം ജീവിക്കുന്നതായി കണക്കാക്കുന്നില്ല - ചുരുക്കത്തില്‍ "അഹംകാരം" ഞാന്‍ എന്ന അവസ്ഥയെ വെടിഞ്ഞവന്‍ എന്നര്‍ത്ഥം

ഋഷിക്കും മുകളില്‍ മഹര്‍ഷി എന്ന അവസ്ഥയും കഴിഞ്ഞാണ്‌ ബ്രഹ്മര്‍ഷി അഥവാ ബ്രാഹ്മണന്‍ ആകുന്നത്‌.

നാട്ടില്‍ മുഴുവന്‍ ബ്രാഹ്മണര്‍ , വടക്കെ ഇന്ത്യയില്‍ ഫയങ്കര ബ്രാഹ്മണര്‍ -

ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം എന്നെഴുതിയ കൃഷ്ണനെങ്ങാനും ഇവിടെ വന്നാല്‍ --

Sunday, September 07, 2008

പ്രായശ്ചിത്തം ബ്രാഹ്മണര്‍ക്ക്‌ സ്വര്‍ണ്ണദാനം

എല്ലാവര്‍ക്കും അറിയാവുന്ന കഥയായിരിക്കും. എന്നാലും ഇക്കഥയ്ക്ക്‌ എന്നും പ്രസക്തി ഉള്ളതിനാല്‍ ഒന്നു പോസ്റ്റട്ടെ

തെനാലി രാമന്റെ പേരിലാണ്‌ ഇതിനു കൂടുതല്‍ പ്രശസ്തി.

ഒരിക്കല്‍ രാജാവിന്റെ അമ്മയ്ക്ക്‌ ഒരാഗ്രഹം മാങ്ങ തിന്നണം എന്ന്‌. മാങ്ങ അന്വേഷിച്ച്‌ എത്തിക്കുന്നതിനു മുമ്പ്‌ അവര്‍ അസുഖം വന്ന്‌ ഇഹലോകവാസം വെടിഞ്ഞു.

രാജാവിന്‌ വളരെ വിഷമം ആയി. അദ്ദേഹം ജ്യോതിഷികളെ വിളിച്ചു. എന്താണൊരു പ്രായശ്ചിത്തം?

അവര്‍ പ്രശ്നം വച്ചു കണ്ടു പിടിച്ചു. രാജാവിന്റെ അമ്മയുടെ ആത്മാവിനു ശാന്തി കിട്ടണമെങ്കില്‍ നൂറു ബ്രാഹ്മണര്‍ക്ക്‌ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ മാങ്ങ ദാനം ചെയ്യണം.

ഉടന്‍ വിളിച്ചു വരുത്തി നൂറു 'ബ്രാഹ്മണരെ'

സംഭവം തെനാലി രാമനും അറിഞ്ഞു എങ്കിലും രാജാവിന്റെ കല്‍പനയല്ലെ. മറുത്തൊന്നും പറയുവാന്‍ സാധിക്കില്ലല്ലൊ. അതുകൊണ്ട്‌ അടങ്ങിയിരുന്നു.

സ്വര്‍ണ്ണ മാങ്ങകള്‍ തയ്യാറായി. രാജാവ്‌ ഭക്തിയോടുകൂടി അവ ബ്രാഹ്മണര്‍ക്ക്‌ ദാനം ചെയ്തു. അവര്‍ അതു വാങ്ങി സന്തോഷമായി തിരിച്ചു പോയി. ജ്യോതിഷികള്‍ പറഞ്ഞതുപോലെ അമ്മയുടെ ആത്മാവിനു മോക്ഷം കിട്ടി എന്നു രാജാവ്‌ വിശ്വസിച്ചു സന്തോഷിച്ചു.

അല്‍പദിവസം കഴിഞ്ഞപ്പോള്‍ പഴയ ബ്രാഹ്മണര്‍ നിലവിളിച്ചു കൊണ്ട്‌ രാജാവിനടുത്ത്‌ പരാതിയുമായി എത്തി. എന്താണ്‌ പരാതി?

തെനാലിരാമന്‍ അവരുടെ തുടയില്‍ ചട്ടുകം പഴുപ്പിച്ചു വച്ചു.

ഉടന്‍ തന്നെ രാമനെ വരുത്തി. "എന്തു ധിക്കാരമാണിക്കാണിച്ചത്‌ ? ബ്രാഹ്മണരുടെ തുടയില്‍ ചട്ടുകം പഴുപ്പിച്ചു വയ്ക്കുകേ?"

അപ്പോള്‍ രാമന്‍ ചരിത്രം പറഞ്ഞു. തിരുമേനി, അങ്ങയുടെ അമ്മയ്ക്ക്‌ മാങ്ങ തിന്നണം എന്നാഗ്രഹമുണ്ടായി, എന്നാല്‍ അത്‌ സാധിക്കുന്നതിനു മുമ്പ്‌ മരിച്ചുപോയതിനാല്‍ ആത്മാവിന്‌ ശാന്തിയ്ക്കുവേണ്ടി സ്വര്‍ണ്ണത്തില്‍ ഉണ്ടാക്കിയ മാങ്ങ ഈ ബ്രാഹ്മണര്‍ക്കു നലകിയത്‌ അങ്ങു തന്നെയല്ലേ?
അപ്പോഴാണ്‌ അടിയന്‍ ഓര്‍ത്തത്‌ അടിയന്റെ അമ്മയ്ക്ക്‌ അല്‍പം വാതത്തിന്റെ അസ്കിത ഉണ്ടായിരുന്നു മരിക്കുന്ന സമയത്ത്‌. മരിക്കുന്നതിനു തൊട്ടുമുമ്പ്‌ അമ്മ എന്നോടു പറഞ്ഞതായിരുന്നു ചട്ടുകം പഴുപ്പിച്ച്‌` അമ്മയുടെ വേദനയുള്ള തുടയില്‍ വയ്ക്കാന്‍. എന്നാല്‍ അടിയന്‌ അതു സാധിക്കുന്നതിനു മുമ്പേ അമ്മ അങ്ങു പോയി. അന്നു തൊട്ട്‌ അടീയന്‍ ഇതിനൊരു പ്രായശ്ചിത്തം എന്താണെന്ന്‌ ആലോചിച്ചു വിഷമിച്ചിരിക്കുകയായിരുന്നു.

അങ്ങനെ ഇരുന്നപ്പോഴാണ്‌ അങ്ങയുടെ പ്രായശ്ചിത്തം കണ്ടത്‌. അപ്പോള്‍ ഇത്ര മഹാന്മാരായ ബ്രാഹ്മണരുടെ തുടയില്‍ ചട്ടുകം പഴുപ്പിച്കു വച്ചാല്‍ അടിയന്റെ അമ്മയുടെ ആത്മാവിനും മോക്ഷം കിട്ടുമെങ്കില്‍ അടിയന്‍ അതു ചെയ്യാതിരിക്കുന്നത്‌ പുത്രധര്‍മ്മത്തിനു വിരോധമാകില്ലേ? അതിനിവര്‍ സ്വമനസ്സാലേ സമ്മതിയ്ക്കാഞ്ഞതു കൊണ്ട്‌ അടിയന്‌ സ്വല്‍പം ബലപ്രയോഗം വേണ്ടി വന്നു പിടിച്ചു കെട്ടിയിട്ട്‌ ചെയ്യേണ്ടി വന്നു.
പക്ഷെ അടിയന്‍ സ്വര്‍ണ്ണം കൊണ്ടുള്ള ചട്ടുകം ഉണ്ടാക്കി അതാണ്‌ പഴുപ്പിച്ചു വച്ചത്‌ ഏതായാലും ഇപ്പോള്‍ അടിയന്റെ അമ്മയുടെ ആത്മാവിനും ശാന്തി കിട്ടിക്കാണും"

Friday, September 05, 2008

മോക്ഷത്തിനുപകരിക്കാത്ത പെണ്മക്കളെ കുറിച്ച്‌ ഭൂമിപുത്രിയുടെ പോസ്റ്റ്‌

മോക്ഷത്തിനുപകരിക്കാത്ത പെണ്മക്കളെ കുറിച്ച്‌ ഭൂമിപുത്രിയുടെ ഒരു പോസ്റ്റ്‌ കണ്ടു.

നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയില്‍ വന്ന അപചയത്തെ കുറിച്ച്‌ ചിന്തിക്കുവാനും , അതിനു വേണ്ട തിരുത്തലുകള്‍ ഉണ്ടാക്കുവാനും ഉള്ള ആവശ്യകത എത്രയുണ്ട്‌ എന്ന്‌ ആ പോസ്റ്റ്‌ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

സാധുക്കളായ ആളുകളുടെ മനസ്സില്‍ ആചാരങ്ങള്‍ക്ക്‌ എത്ര പ്രാധാന്യമാണ്‌ ഉണ്ടായിരിക്കുന്നത്‌ എന്നും ആ പോസ്റ്റ്‌ നമുക്ക്‌ കാണിച്ചു തരുന്നു.

ഹൈന്ദവതത്വചിന്തയെ ആകെക്കൂടി മാറ്റിമറിച്ച്‌ അവനവന്റെ വയറ്റു പിഴപ്പിന്‌ വേണ്ടി ഓരോരുത്തര്‍ ഉണ്ടാക്കി വച്ച ആചാരങ്ങളില്‍ ഇങ്ങനെ ചിലതിനെ കുറിച്ച്‌ ഒന്നു ചിന്തിക്കാം.

യഥാര്‍ത്ഥത്തില്‍ പിതാവിന്‌ മോക്ഷം ലഭിക്കുന്നതിന്‌ പുത്രന്‍ ചെയുന്ന പിണ്ഡദാനാദി ക്രിയകള്‍ സഹായിക്കും എന്ന്‌ ഹൈന്ദവതത്വശാസ്ത്രം പറയുന്നുണ്ടോ?

ഓരോ ജീവനും അവനവന്റെ സ്വന്തം കര്‍മ്മത്തിന്റെ ഫലമാണ്‌ അനുഭവിക്കുന്നത്‌, അല്ലാതെ സര്‍ക്കാരാഫീസിലെ ഏജന്റിന്റെകയ്യില്‍ കാശു കൊടുത്ത്‌ കാര്യം സാധിക്കുന്നതുപോലെ ഒരു സിദ്ധാന്തം ഹൈന്ദവതത്വശാത്രം പറയുന്നില്ല.

പിന്നെ ഉദാഹരിക്കുന്നത്‌ പുത്രന്‍ എന്ന ശബ്ദം. അതിന്റെ വ്യുല്‍പത്തി പുത്‌ എന്ന നരകത്തില്‍ നിന്നും ത്രാണനം ചെയ്യുന്നവന്‍ പുത്രന്‍ - പുത്രി അവിടെ പറഞ്ഞിട്ടില്ല അല്ലേ? (ഇതിനെ കുറിച്ച്‌ അങ്കിള്‍ ഒരിക്കല്‍ എഴുതിയിരുന്നു - അവിടെ ഞാന്‍ ഒരു ചെറിയ അഭിപ്രായം പറഞ്ഞപ്പോള്‍ അങ്കിള്‍ പറഞ്ഞു "ഇതെന്റെ വ്യാഖ്യാനം എന്നു കരുതിയാല്‍ മതി " എന്ന്‌. ശരിയാണ്‌ ഓരോരുത്തര്‍ക്കും അവനവന്റെ അഭിപ്രായം വരികയും അതെല്ലാം മറ്റുള്ളവരുടെ മേള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്തപ്പോഴാണ്‌ ഇപ്പറഞ്ഞ കുഴപ്പങ്ങളും ഉണ്ടായത്‌.)

ഉപനിഷത്തുകളാണ്‌ ഹൈന്ദവതത്വചിന്തയുടെ അവസാനവാക്കുകള്‍ എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. ബൃഹദാരണ്യകം എന്ന ഉപനിഷത്തില്‍ പുത്രനെ കുറിച്ച്‌ പറയുന്ന ഭാഗമുണ്ട്‌ - പുത്രന്‍ എങ്ങനെ നരകത്തില്‍ നിന്നും പിതാവിനെ രക്ഷിക്കുന്നു എന്ന്‌- ആ ഭാഗം മുമ്പും ഞാന്‍ എഴുതിയിരുന്നു- ഒന്നു കൂടി എഴുതാം.

"അഥ ത്രയോ വാവ ലോകാ മനുഷ്യലോകഃ പിതൃലോകോ ദേവലോകഃ ഇതിസോയം മനുഷ്യലോകോ പുത്രേണൈവ ജയ്യോനാന്യേന കര്‍മ്മണാ കര്‍മ്മണാ പിതൃലോകോ വിദ്യയാ ദേവലോകോ--"

മനുഷ്യലോകം പിതൃലോകം ദേവലോകം എന്നിങ്ങനെ മൂന്നു ലോകങ്ങള്‍. അവയില്‍ മനുഷ്യലോകം ജയിക്കുന്നത്‌ പുത്രനില്‍ കൂടി, പിതൃലോകം ജയിക്കുന്നത്‌ അവനവന്റെ കര്‍മ്മങ്ങളില്‍ കൂടി, ദേവലോകം ജയിക്കുന്നത്‌ ജ്ഞാനത്തില്‍ കൂടി-- എന്നര്‍ത്ഥം

ഇനി മനുഷ്യലോകം എങ്ങനെ ജയിക്കുന്നു എന്നു കാണണ്ടേ?

"അഥാതഃ സമ്പ്രതിര്യദാ പ്രൈഷ്യന്മന്യതേഥ പുത്രമാഹഃ ത്വം ബ്രഹ്മ ത്വം യജ്ഞഃസ്ത്വം ലോക ഇതി സ പുത്രഃ പ്രത്യാഹാഹം ബ്രഹ്മാഹം യജ്ഞോഹം ലോക ഇതി യദ്വൈ കിഞ്ചാനൂക്തം തസ്യ സര്‍വസ്യ ബ്രഹ്മേത്യേകതാ യേ വൈ കേ ച യജ്ഞാസ്തേഷാ ഓം സര്‍വേഷാം യജ്ഞഃ ഇത്യേകതാ യേ വൈ കേ ച ലോകാസ്തേഷാ ഓം സര്‍വേഷാം ലോക ഇത്യേകതൈതാവദ്ധാ ഇദം ഓം സര്‍വമേതന്മാ സര്‍വം സന്നയമിതോഭുനജദിതി തസ്മാല്‍പുത്രമനുശിഷ്ടം ലോക്യമാഹുസ്തസ്മാദേനമനുശാസതി സ യദൈവം വിദമസ്മാല്ലോകാല്‍പ്രൈത്യഥൈഭിരേവ പ്രാണൈഃ സഹ പുത്രമാവിശതി. സ യദ്യനേന കിഞ്ചിദക്ഷണയാകൃതം ഭവതി തസ്മാദേന ഓം സര്‍വസ്മാല്‍ പുത്രോ മുഞ്ചതി തസ്മാല്‍ പുത്രോ നാമ സ പുത്രേണൈവാസ്മിന്‍ ലോകേപ്രതിതിഷ്ഠത്യഥൈനമേതേ ദേവാഃ പ്രാണാഃ അമൃതാ ആവിശന്തി"

ഇത്‌ സായിപ്പ്‌ വായിച്ചാല്‍ ലുല്ലാബിയാണെന്നു അദ്ദേഹത്തിന്‌ തോന്നിയേക്കാം, സായിപിന്റെ വായില്‍ മാത്രം നോക്കിയിരിക്കുന്ന വര്‍ അതു പാടി നടന്നെന്നും വരാം, ഗുരുവില്ലാതെ എല്ലാ സ്വയം പഠിക്കുന്ന മഹാന്മാര്‍ക്ക്‌ എന്തായിരിക്കും മനസ്സിലാവുക എന്ന്‌ അവര്‍ക്കു മാത്രമറിയാം

ഇതിന്റെ ഏറ്റവും ചുരുങ്ങിയ അര്‍ത്ഥം -

മനുഷ്യന്‍ തന്റെ ജീവിതകാലം അവസാനിക്കാറായി എന്നു മനസ്സിലാകുമ്പോള്‍ പുത്രനെ അടുത്തു വിളിച്ച്‌ ലോക്യം പറയണം. ലോക്യം എന്നത്‌ ബ്രഹ്മതത്വം ഉപദേശിക്കുക- നീയാണ്‌ ബ്രഹ്മം എന്ന അറിവ്‌ അവനുപകര്‍ന്നു കൊടുക്കുക, നീയാണ്‌ ഈ ലോകം എന്നു പറഞ്ഞുകൊടുക്കുക, നീയാണ്‌ ഈ ലോകത്തിന്റെ നിലനില്‍പ്പിനു വേണ്ട സല്‍ക്കര്‍മ്മങ്ങള്‍ക്കധികാരി എന്നു പറഞ്ഞു കൊടുക്കുക - അതാണ്‌ ലോകവും യജ്ഞവും നീയാണ്‌ എന്നു പറഞ്ഞത്‌.

തന്റെ സകലകര്‍മ്മങ്ങളും ഈ ലോകത്തിലെ സമസ്തജീവജാലങ്ങള്‍ക്കും പോഷകമായിരിക്കണം എന്ന ജ്ഞാനം മകനുണ്ടാകുന്നു - അവന്‍ സന്തുഷ്ടനാകുന്നു.

അങ്ങനെ ആ പുത്രന്‍ സര്‍വലോകങ്ങളുടെയും പോഷകനാണ്‌ താന്‍ എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുന്നതോടുകൂടി പിതാവ്‌ തന്റെ പ്രാണങ്ങളോടു കൂടി പുത്രനില്‍ ആവേശിച്ചു എന്നു പറയുന്നു.

ഓരോ വ്യക്തിയും അവനവന്റെ സമൂഹത്തില്‍ ചെയ്തു പോന്നിരുന്ന കര്‍മ്മങ്ങള്‍ അവനവന്റെ മക്കളില്‍ കൂടി അനുസ്യൂതം തുടരുക എന്ന അര്‍ഥവും ഇതിനെടുക്കാം.

ആ തുടരലില്‍ കൂടിയാണ്‌ അദ്ദേഹം അമരനാകുന്നത്‌ അല്ലാതെ സ്വര്‍ഗ്ഗത്തില്‍ എവിടെയോ കസേരയില്‍ പോയിരിക്കുകയല്ല.

മകന്‍ അഥവാ മകള്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ നിറവേറ്റുന്നതാണ്‌ മകന്റെയോ മകളുടേയോ പിതൃധര്‍മ്മ പിണ്ഡദാനം എല്ലാം അല്ലാതെ കറുത്തവാവു ദിവസം ബലിയിടുന്നത്‌ അല്ല

Thursday, September 04, 2008

മഹാഭാരതത്തിലെ കഥ

ഒരേ കാര്യം തന്നെ പല തവണ എഴുതുമ്പോള്‍ എനിക്കു പോലും ബോറടിക്കും അപ്പോള്‍ വായിക്കുന്നവര്‍ക്കോ ?

എന്നാലും ചില കാര്യങ്ങള്‍ പറയാതിരിക്കുവാന്‍ വയ്യ.

പാര്‍ത്ഥന്‍ ജിയുടെ മഹാഭാരതത്തെ കുറിച്ചുള്ള വിശദീകരണം അടങ്ങുന്ന പോസ്റ്റില്‍ പറയുന്ന ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ട്‌.

അതതു കാലത്തുള്ളവര്‍ അതിലൊക്കെ എന്തെങ്കിലും ഒക്കെ എഴുതിചേര്‍ത്തിട്ടുണ്ടായിരിക്കാം, ഇല്ല എന്നതിന്‌ രാമായണത്തില്‍ എഴുതിയില്ല എന്ന വാദം തന്നെ ഉദാഹരിക്കാം.

വാല്‌മീകിരാമായണത്തിലെ ശ്ലോകങ്ങളുടെ അകെ എണ്ണം 24,000 എന്ന്‌ ആദ്യം തന്നെ പറയുന്നു എന്നാല്‍ ഇന്നു ലഭിക്കുന്ന പുസ്തകം ഞാന്‍ പണ്ട്‌ എണ്ണി നോക്കി ഇവിടെ എഴുതിയിട്ടുണ്ട്‌. അപ്പോള്‍ അവയൊക്കെ എവിടെ നിന്നു വന്നു? ആരെങ്കിലും എഴുതി ചേര്‍ത്തതാകാനല്ലേ തരമുള്ളു. അതുകാണാത്ത ഒരാള്‍ മഹാഭാരതത്തിലും അതില്ല എന്നു പറയുന്നതിനെ ഉള്‍ക്കൊള്ളുവാന്‍ ഒരു മടി.

വാല്‌മീകിരാമായണത്തില്‍ ഉത്തര കാണ്ഡം എന്ന ഒരു അധമമായ ഭാഗവും ചേര്‍ത്തു വച്ചിട്ടുണ്ട്‌ അത്‌ മുമ്പ്‌ പറഞ്ഞ 26,000 ചില്വാനവും കഴിഞ്ഞ്‌ വേറേ ആണ്‌. അതിലാണ്‌ ശംബൂകന്റെ പോലെയുള്ള വൃത്തികെട്ട കഥകള്‍. അങ്ങനെ ഉള്ള നീച പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ മടിക്കാത്തവര്‍ എന്തു തന്നെ ചെയ്യില്ല?

ആകെ ഉള്ള കാണ്ഡങ്ങളുടെയും ശ്ലോകങ്ങളുടെയും എണ്ണം പരഞ്ഞ ഭാഗം കൂടി മാറ്റുവാന്‍ ഈ വിദ്വാന്മാര്‍ മറന്നു പോയതായിരിക്കണം.

പാര്‍ത്ഥന്‍ ജി പറഞ്ഞ ഒരു വാചകം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്‌ "---മോന്‍ എഴുതി " അതെഴുതുവാന്‍ സാധിക്കില്ലല്ലൊ. കാരണം അനോണിയായി ബ്ലോഗില്‍ എഴുതുന്നതുപോലെയുള്ള വേലയല്ലേ. ---യില്ലാഴിക കാണിക്കുന്നത്‌ പേരു വച്ചായാല്‍ ബുദ്ധിമുട്ടല്ലേ.

അല്ലായിരുന്നു എങ്കില്‍ ചരകസംഹിത എന്ന ആയുര്‍വേദത്തില്‍ പറയുന്നതു പോലെ
"ഇത്യഗ്നിവേശകൃതേ തന്ത്രേ
ചരകപ്രതിസംസ്കൃതേ
ദൃഢബല പൂരിതേ--" (ഇങ്ങനെ അഗ്നിവേശനാല്‍ എഴുതപ്പെട്ടതും , ചരകനാല്‍ പ്രതിസംസ്കരിക്കപ്പെട്ടതും , ദൃഢബലനാല്‍ മുഴുവനാക്കപ്പെട്ടതുമായ സംഹിതയിലെ--- ) എന്ന്‌ വ്യക്തമായി എഴുതിയേനെ.

മഹാഭാരതത്തിലെ കഥ, ലോകത്തു നടക്കുന്ന വിവിധകര്‍മ്മങ്ങളെ പല പല വീക്ഷണകോണങ്ങളില്‍ കൂടി പലര്‍ കാണുന്നത്‌ അപഗ്രഥിക്കുകയും അതില്‍കൂടി അവനവന്റെ സ്വഭാവരൂപീകരണം സാധ്യമാക്കുകയും ചെയ്യുവാന്‍ സഹായിക്കുന്ന ഒരു ഉപകരണം മാത്രമാണ്‌.

താന്‍ കണ്ടതു മാത്രം സത്യം എന്നു വിശ്വസിക്കുന്ന പൊട്ടക്കുളത്തിലെ തവളകളെ പോലെയുള്ള മൂഢന്മാര്‍ മുതല്‍, അങ്ങേയറ്റം പ്രപഞ്ചസത്യത്തെ സാക്ഷാല്‍കരിച്ച മഹാന്മാര്‍ വരെ ഉള്ള ഏതിനും മനസ്സിലാകാവുന്ന രീതിയില്‍ ഈ ലോകത്തില്‍ ഒരു കാര്യവും പറയുവാന്‍ സാധിക്കില്ല.

അതുകൊണ്ട്‌ ഈ കഥകള്‍ അവനവന്‌ മനസ്സിലാകുന്ന രീതിയില്‍ മനസ്സിലാക്കികൊള്ളുക - "ലക്ഷ്മണന്റെ ചിരി " വായിച്ചിരിക്കുമല്ലൊ അല്ലേ?

അവസാനം എത്തുമ്പോള്‍ വേദവും തെറ്റാകും ഇക്കാര്യം Basic Principles of Ayurveda" എന്ന ലേഖനത്തില്‍ ചെറുതായി ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്‌.
"The Absolute truth has no aspects or attributes, but for the phenomenal world we have to assume certain aspects, without which science cannot exist. Hence the so-called aspects. This is what is known as Maya.

Names and Forms where given to the nameless and formless Absolute i.e. the Absolute is not confined to names or forms, when you are limiting anything based on some criteria, there arise names, forms and thus Plurality. This is the Phenomenal world. There science exists which assumes the plurality to be true for the time being and through these assumptions helps the individuals to experience the Absolute World, where even these assumptions and science are false. " Read more here

Tuesday, September 02, 2008

സൂരജിനെ പോലെ ഒരു വ്യാഖ്യാതാവിനെ കിട്ടിയ ഞാന്‍ എത്ര ധന്യന്‍

അയ്യോ ഇത്‌ കാണാന്‍ വൈകിപ്പോയല്ലൊ.
സൂരജിന്റെ ഒരു കമന്റിനെ കുറിച്ച്‌ മറ്റൊരു കമന്റ്‌ കണ്ടു. അത്‌ സ്വാഭാവികമായും എന്നെ കുറിച്ചാണെന്നു സംശയിക്കത്തക്ക സാഹചര്യം ഉള്ളതുകൊണ്ട്‌ ഇത്‌. കാരണം ഞാനും സൂരജും സാധാരണ 'അടി' ഉണ്ടാക്കുന്നവരാണല്ലൊ.

സൂരജ്‌ എഴുതിയത്‌-"പുനർ ജന്മത്തേയും , കർമ്മഫലസിദ്ധാന്തത്തേയും, ഒറ്റമൂലി/നിമിത്തശാസ്ത്ര/ദൂതലക്ഷണ തരിക്കിടകളേയുമൊക്കെ പൊക്കിക്കോണ്ട് നടക്കുന്നവർ ഒരു സുപ്രഭാതത്തിൽ ഗണപതി പാലുകുടിച്ചതിന്റെയും മനുഷ്യശരീരത്തിന്റെ ‘കാന്തപ്രഭാവ’ത്തിന്റെയും ശാസ്ത്രീയത തേടുന്നത് കണ്ടപ്പോൾ ചിരി അടക്കാനായില്ല.

അങ്ങനെ ചില കൊട്ടുകൊടുക്കുന്നത്‌ നല്ലതാണെന്ന്‌ ഇനിയൊരാള്‍.

അപ്പൊ ഇപ്പൊ മനസ്സിലായല്ലൊ. ഇനി ആര്‍ക്കെങ്കിലും മനസ്സിലായില്ലെങ്കില്‍ ഇതുകൊണ്ട്‌ മനസ്സിലാക്കി കൊള്ളുക-

1. ഞാന്‍ എഴുതിയ ഗണപതിഭഗവാന്റെ പാലുകുടി എന്ന പോസ്റ്റില്‍ എഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥം - ആ പോസ്റ്റില്‍ പറഞ്ഞ പോലെ ഒന്നുമല്ല സാക്ഷാല്‍ ഗണപതിഭഗവാന്‍ ഇറങ്ങി വന്ന്‌ പ്രതിമയിലിരുന്ന്‌ പാലുകുടിച്ചു എന്നാണ്‌ കൂടുതല്‍ അര്‍ത്ഥം വല്ലതും ഉണ്ടൊ എന്ന്‌ സംശയം ഉണ്ടെങ്കില്‍ സൂരജിനോട്‌ ചോദിക്കുക അദ്ദേഹത്തിനാണ്‌ അതിനെപറ്റി കൂടൂതല്‍ അറിയാവുന്നത്‌.

2. ആയുര്‍വേദത്തിനെകുറിച്ച്‌ സൂരജ്‌ തന്ന മഹത്തായ അറിവുകളെക്കുറിച്ച്‌` ഈയുള്ളവന്‍ ചര്‍ച്ച ചെയ്തിടത്ത്‌ ഒരിടത്ത്‌ ദൂതലക്ഷണം എന്നെ പഠിപ്പിക്കുവാന്‍ എന്റെ അമ്മ ശ്രമിച്ചതും അതൊന്നും എനിക്ക്‌ മനസ്സിലാക്കാന്‍ സാധിക്കാത്തതും മറ്റും എഴുതിയ പോസ്റ്റില്‍ ഞാന്‍ പറയുന്നത്‌ ദൂതലക്ഷണം ആണ്‌ യഥാര്‍ത്ഥ ശാസ്ത്രം എന്നാണ്‌ . ഇനി എല്ലാവരും അത്‌ വിശ്വസിച്ചു കൊള്ളണം എന്നും.


ഇവയൊക്കെ പോലെ ഞാന്‍ എഴുതിയതോ എഴുതാന്‍ പോകുന്നതോ ആയ യാതൊന്നും നിങ്ങള്‍ സൂരജ്‌ പറയുന്നതിനു മുമ്പ്‌ വിശ്വസിച്ചു പോകരുത്‌ -

ഹാ സൂരജിനെ പോലെ ഒരു വ്യാഖ്യാതാവിനെ കിട്ടിയ ഞാന്‍ എത്ര ധന്യന്‍ സാക്ഷാല്‍ പോത്തിങ്കാലന്റെ അനുഗ്രഹമാകും അല്ലേ